Connect with us

From the print

ജനാധിപത്യ പ്രകിയയിൽ കേരളം മികച്ച മാതൃക: ഗവർണർ

ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്

Published

|

Last Updated

തിരുവനന്തപുരം | ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിക്കുകയായിരുന്നു ഗവർണർ.
ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. വൈകാരികമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന ജനത എന്ന നിലയിൽ വോട്ടിംഗിലെ നവീനതകളെ കേരളം എന്നും ഇരു കൈയും നീട്ടി സ്വീകരിച്ചു.

ലോകത്തെ ഒരു രാജ്യത്തിനും ചിന്തിക്കാൻ കഴിയാത്ത ബൃഹത്തായ ജനാധിപത്യ ക്രമമാണ് ഇന്ത്യക്കുള്ളത്. രാജ്യം റിപബ്ലിക്കായതിനു ശേഷമുള്ള 75 വർഷം ആധുനിക ഇന്ത്യയുടെ രൂപവത്കരണത്തോടൊപ്പം ജനാധിപത്യവും ശക്തമായി. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നു. മുതിർന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും വീടുകളിൽ തന്നെ വോട്ടിംഗ് സൗകര്യമൊരുക്കിയത് മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു.
തിരഞ്ഞെടുപ്പിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹ സംഭാവന നൽകിയവർക്കുള്ള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രമുൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, ഡിജിറ്റൽ ആർക്കൈവ്‌സ്, സൊല്യൂഷൻ എന്നിവയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു ഖേൽക്കർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, ജില്ലാ കലക്ടർ അനുകുമാരി പ്രസംഗിച്ചു.

Latest