Kerala
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം; കക്ഷിരാഷ്ട്രീയം വേണ്ട, ഒന്നിച്ചു നില്‍ക്കണമെന്ന് മന്ത്രി പി രാജീവ്
22.125 കോടിയുടെ നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്. 3,44,848 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 7,31,264 ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു.

കൊച്ചി | വ്യവസായ സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഇതിന് എതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും നാടിന്റെ മുന്നേറ്റത്തിനായി ഒന്നിച്ചു നില്‍ക്കണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 22.125 കോടിയുടെ നിക്ഷേപമാണ് കേരളത്തില്‍ ഉണ്ടായത്. 3,44,848 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 7,31,264 ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ഈ വസ്തുതകള്‍ ആര്‍ക്കു വേണമെങ്കിലും വ്യവസായ വകുപ്പിന്റെ വെബ്സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.
കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരണം. യുവാക്കള്‍ക്ക് ഇവിടെ തന്നെ തൊഴില്‍ ലഭിക്കുന്ന സാഹചര്യം ഉണ്ടാവണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളം തങ്ങളുടെ സ്ഥലത്തിന്റെ 3.22 ശതമാനം ജി ഡി പിയാണ് രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ഇത് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ വളരെ കൂടുതലാണ്. ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചികയില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ വലിയ കുതിപ്പാണ് വ്യവസായ രംഗത്ത് ഉണ്ടായത്. ഒരു മിനുട്ടില്‍ ആര്‍ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്ന രീതിയിലുള്ള സാഹചര്യം ഇവിടെ ഉണ്ടായി. ആരംഭിച്ച സംരംഭങ്ങളുടെ വിവരങ്ങളെല്ലാം കൃത്യമായി ലഭ്യമാണ്. ജിയോ ടാഗ് ചെയ്താണ് വ്യവസായ വകുപ്പ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നത്. പൂട്ടിപ്പോയവ കണക്കിലില്ല. വ്യവസായ വകുപ്പിന്റെ കണക്ക് ആര്‍ക്കും പരിശോധിക്കാവുന്നതാണ്. ഗ്രാമസഭ മോഡല്‍ സംരംഭക സഭ ഓരോ പഞ്ചായത്തിലും കൊണ്ടുവന്നിട്ടുണ്ട്.
യൂണിയന്‍ ഗവണ്മെന്റിന്റെ എം എസ് എം ഇ നിര്‍വചന പ്രകാരമാണ് സംരംഭങ്ങളെ നിര്‍വചിച്ച് വരുന്നത്. അത് പ്രകാരം ബ്യൂട്ടി പാര്‍ലറുകള്‍, ജിമ്മുകള്‍ എന്നിവയെല്ലാം സംരംഭങ്ങളാണ്. കൊവിഡിനു ശേഷം ലോകത്ത് പുതിയ വ്യവസായം വരുന്നില്ല. എന്നാല്‍, കേരളത്തില്‍ 254 ശതമാനം പുതിയ വ്യവസായം വന്നു എന്നത് നേട്ടമാണ്. വന്‍കിട നിക്ഷേപകരെ സ്വാഗതം ചെയ്തുകൊണ്ട് ഇന്‍വെസ്റ്റ് മീറ്റ് എന്ന ചരിത്ര സംഭവത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് കേരളം. ഇതിലൂടെ അന്താരാഷ്ട്ര കമ്പനികള്‍ നിക്ഷേപങ്ങള്‍ക്ക് സാഹചര്യം ഒരുങ്ങുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും സംയുക്തമായി വ്യവസായ രംഗത്തിന്റെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.