Connect with us

Kerala

കേരളം സാക്ഷരതയിലും , വിദ്യാഭ്യാസത്തിലും സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നില്‍: രാഷ്ട്രപതി

ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു.

Published

|

Last Updated

പെരിയ(കാസര്‍കോട്): രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും, വിദ്യാഭ്യാസത്തിലും, സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും, കേരളത്തില്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്.
സ്‌കൂളുകളും, കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ഏവര്‍ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു. മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു.

ബിരുദം നേടിയ എല്ലാ വിദ്യാര്‍ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും, അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളും, അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നതായും, വിദ്യാര്‍ഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. നളന്ദയും, തക്ഷശിലയും ഉള്‍പ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം. ആര്യഭട്ടനും, ഭാസ്‌ക്കരാചാര്യനും, പാണിനിയും എന്നും ഊര്‍ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. രാജ്യതാത്പര്യവും, നന്‍മയും മുന്നില്‍ കണ്ട് കൊണ്ട് വേണം വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകേണ്ടതെന്നും, സാമൂഹ്യ പരിവര്‍ത്തനവും, ശക്തീകരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

 

Latest