Kerala
പിപികിറ്റ് വിവാദം; സര്‍ക്കാര്‍ ശ്രമിച്ചത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍: സഭയിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു.കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിരുന്ന കുത്തഴിഞ്ഞ ആരോഗ്യരംഗത്തെ ഇടതുസര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ മാറ്റിയെടുത്തു.
തിരുവനന്തപുരം | പിപികിറ്റ് വിവാദത്തില്‍ നിയമസഭയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുമായിരുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
എത്രകാലം കൊവിഡ് നില്‍ക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീര്‍ണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാല്‍ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
അതേസമയം പാലക്കാട് മദ്യ നിര്‍മ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെയും നിയമസഭയില്‍ മുഖ്യമന്ത്രി തള്ളി .വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം നാള്‍ ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി സത്യസന്ധമായാണ് ഇടപെടുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിയമസഭയില്‍ എണ്ണി പറഞ്ഞു.
ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 മുതല്‍ മാറി.കേരളം വ്യവസായ നിക്ഷേപ സൗഹൃമല്ലെന്ന ആക്ഷേപം മാറി.സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വന്‍ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് ആറായിരത്തിലധികമായി മാറി.ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതി സംസ്ഥാനത്തുണ്ടായി.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു.കോണ്‍ഗ്രസിന്റെ കാലത്തുണ്ടായിരുന്ന കുത്തഴിഞ്ഞ ആരോഗ്യരംഗത്തെ ഇടതുസര്‍ക്കാര്‍ ആര്‍ദ്രം മിഷനിലൂടെ മാറ്റിയെടുത്തു.
ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ഹബ്ബായി മാറി. കേരള, എം ജി സര്‍വ്വകലാശാലകള്‍ക്ക് എ++ റാങ്ക് ലഭിച്ചു. 63 ലക്ഷം പേര്‍ക്ക് സാമൂഹ്യ പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്.യുഡിഎഫ് കാലത്തെ 600 രൂപ ഇടതുസര്‍ക്കാര്‍ 1600 രൂപയായി വര്‍ധിപ്പിച്ചു.പാവപ്പെട്ടവര്‍ക്കായി നാലര ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.