Connect with us

Kerala

ടൂറിസം രംഗത്ത് കേരളം വലിയ മാറ്റത്തിന് തയ്യാറെടുക്കുന്നു: ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി

മലബാറില്‍ പുതിയ നിരവധി പദ്ധതികളാണ് പ്രാരംഭ ഘട്ടത്തിലുള്ളത്.

Published

|

Last Updated

അബൂദബി | ടൂറിസം രംഗത്ത് കേരളം വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐ എ എസ്. മലബാറില്‍ പുതിയ നിരവധി പദ്ധതികളാണ് പ്രാരംഭ ഘട്ടത്തിലുള്ളത്. മുഴുപ്പിലങ്ങാട് ധര്‍മ്മടം ഭാഗത്ത് 250 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണ്. അവിടെ തന്നെ ബീച്ച് വികസനത്തിന്റെ ഭാഗമായി കെ ടി ഡി സി പുതിയ ഹോട്ടല്‍ നിര്‍മിക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മുഴപ്പിലങ്ങാട് ബീച്ച് മുഴുവനും നവീകരിച്ചു പുനരുദ്ധാരണം നടത്തും. ലോക നിക്ഷേപക സമ്മേളനത്തില്‍ സിറാജ് പത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കല്‍ ടൂറിസത്തിന്റെ ഭാഗമായി പുതിയ നിരവധി പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ബേക്കല്‍ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി ആര്‍ ഡി സി) പ്രവര്‍ത്തിക്കുന്നുണ്ട്. ബേക്കല്‍ വികസനത്തിന് നിരവധി പ്രവര്‍ത്തനങ്ങള്‍ ബി ആര്‍ ഡി സി ആസൂത്രണം ചെയ്തിട്ടുണ്ട്.

പുതിയ പദ്ധതികള്‍ക്കായി നിരവധി സ്ഥലങ്ങള്‍ ബി ആര്‍ ഡി സി കണ്ടെത്തിയിട്ടുണ്ട്. താജ് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ബേക്കലില്‍ പുതിയ ഹോട്ടല്‍ നിര്‍മിക്കും. കാസര്‍കോട് ജില്ലയില്‍ പുതിയ എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഗതാഗത വകുപ്പും ടൂറിസം വകുപ്പും.

കാസര്‍കോട് ഭാഗത്തുള്ള ടൂറിസം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ സ്ട്രിപ്പിലേക്ക് ചെറിയ വിമാനങ്ങള്‍ ലഭ്യമാക്കും. നൂറ് ഏക്കറലിലാകും പദ്ധതി നിര്‍മിക്കുക. എയര്‍ സ്ട്രിപ്പിന്റെ സാധ്യത പഠനം നടന്നു വരികയാണെന്നും ശ്രീനിവാസ് ഐ എ എസ് വ്യക്തമാക്കി.

തലസ്ഥാന നഗരിയില്‍ തിരുവനന്തപുരം ആക്കുളത്തുള്ള കനാല്‍ അവശിഷ്ടങ്ങള്‍ കൊണ്ട് ഒഴുക്ക് നിലച്ചിരിക്കുകയാണ്. കിഫ്ബിയുടെ നൂറ് കോടി രൂപ ഉപയോഗിച്ച് കനാല്‍ നവീകരിച്ചു രാത്രികാല സഞ്ചാരികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ കേന്ദ്രമാക്കി മാറ്റും. ഇതോടെ തലസ്ഥാനത്തെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രമായി ആക്കുളം മാറും. ടൂറിസം മേഖലയില്‍ കോവളത്ത് വലിയ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കോവളത്തിന്റെ ആവശ്യം പരിഗണിച്ചു അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട്. 93 കോടി രൂപയുടെ ടൂറിസം പദ്ധതികളാണ് കോവളത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇതിനുള്ള അനുമതി നല്‍കിക്കഴിഞ്ഞതായും ശ്രീനിവാസ് ഐ എ എസ് വ്യക്തമാക്കി. കോവളത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് വിശാലമായ സൗകര്യമൊരുക്കും. ആവശ്യമായ ഇടങ്ങളില്‍ പാതകളും നടപ്പാതകളും സജ്ജീകരിക്കും. കോവളത്തും പരിസരങ്ങളിലും പുതിയ സാങ്കേതിക വിദ്യയില്‍ ഗ്ലാസ് ഉപയോഗിച്ച് നടപ്പാതകള്‍ നിര്‍മിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കേരളത്തില്‍ രണ്ട് പദ്ധതികള്‍ ആരംഭിക്കുമെന്നും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം രംഗത്തെ പ്രധാന പദ്ധതിയായ സ്വദേശ് ദര്‍ശന്‍ 2 ന്റെ ഭാഗമായി ബേപ്പൂരിലും കുമരകത്തും പുതിയ പദ്ധതികള്‍ നടപ്പാക്കും. 75 കോടി രൂപ ചെലവഴിച്ചാണ് രണ്ട് സ്ഥലങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest