Connect with us

Kerala

കേരളം മുന്നേറുന്നു; ശശി തരൂരിനെ തള്ളി വി ഡി സതീശന്‍

വിശ്വപൗരന്റെ കാര്യം കേന്ദ്രനേതൃത്വം നോക്കട്ടെ എന്ന് കെ മുരളീധരന്‍

Published

|

Last Updated

മലപ്പുറം | കേരള സര്‍ക്കാറിന്റെ വ്യവസായ വികസനത്തെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരഭത്തിന്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ലെന്ന് സതീശന്‍ പറഞ്ഞു.

ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാര്‍ട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മണ്ഡലത്തില്‍ 3000 സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലം സംസ്ഥാന സര്‍ക്കാര്‍ പറയുന്ന കണക്ക് ശരിയാവൂ. നമുക്കാര്‍ക്കും ഈ വികസനം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

ശശീതരൂരിന്റെ ലേഖനത്തെ കേന്ദ്ര നേതൃത്വമാണ് വിലയിരുത്തേണ്ടതെന്നു കെ മുരളീധരനും പ്രതികരിച്ചു. തരൂര്‍ പ്രവര്‍ത്തക സമിതി അംഗവും വിശ്വ പൗരനുമാണ്. തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകര്‍ അതിനെ വിലയിരുത്താന്‍ അര്‍ഹരല്ല. പാര്‍ട്ടി പറയുന്നേടത്തുപോയി മത്സരിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകനാണ് താനെന്നും മുരളീധരന്‍ പറഞ്ഞു.

സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തില്‍ തരൂരിന്റെ ലേഖനം. ‘ചെയ്ഞ്ചിങ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍’ എന്ന തലക്കെട്ടില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളര്‍ച്ചയെ ശശി തരൂര്‍ പ്രശംസിച്ചത്.

നാടിന്റെ വളര്‍ച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതു പോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിന്റെ നിരീക്ഷണം. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയില്‍ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കേരളത്തില്‍ സ്റ്റാര്‍ട് അപ്പ് രംഗത്തുണ്ടായ വളര്‍ച്ച സ്വാഗതാര്‍ഹമായ മാറ്റമെന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നുണ്ട്. സംസ്ഥാനത്തെ മുരടിപ്പില്‍ നിന്ന് പുറത്ത് കൊണ്ടുവരാനുള്ള സാമ്പത്തിക മാറ്റത്തിന് എല്ലാ പാര്‍ട്ടികളും പിന്തുണയ്ക്കുമെന്ന് ആശിക്കുന്നതായും തരൂരിന്റെ ലേഖനത്തില്‍ പറയുന്നു. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ പിണറായിയെ പ്രശംസിച്ചതിലും കെ റയില്‍ വിഷയത്തിലെ വ്യത്യസ്ത നിലപാട് എടുത്തതിലും നേരത്തെ തരൂരിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

 

---- facebook comment plugin here -----

Latest