rajyasabha
കേരളം ഡല്‍ഹിയുടെ കോളനിയല്ല: ഡോ.ജോണ്‍ ബ്രിട്ടാസ് എം പി
കേരളത്തിന് പ്രത്യേക പദവിയൊന്നും വേണ്ടന്നും ഭരണഘടന അനുശാസിക്കുന്ന സാധാരണ പദവി മതി എന്നും എം പി

ന്യൂഡല്‍ഹി | സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ. എന്നാല്‍ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള കോളനിയുടെ വിധേയപ്രദേശങ്ങളായാണ് ഇന്ന് സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ നോക്കിക്കാണുന്നത് എന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി രാജ്യസഭയില്‍ പറഞ്ഞു. ധനബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പ്രത്യേക പദവിയൊന്നും വേണ്ടന്നും ഭരണഘടന അനുശാസിക്കുന്ന സാധാരണ പദവി മതി എന്നും എംപി അഭിപ്രായപ്പെട്ടു.
സംസ്ഥാനങ്ങളുടെ വരുമാനത്തെ ശുഷ്‌കമാക്കി കേന്ദ്രം എങ്ങനെയാണ് വിഭവസമാഹരണം നടത്തുന്നതെന്ന് വ്യക്തമാകുന്ന കണക്കുകള്‍ അടക്കം പ്രതിപാദിച്ചാണ് ബ്രിട്ടാസ് രാജ്യസഭയില്‍ സംസാരിച്ചത്. 2019-20ല്‍ സെസ്സും സര്‍ചാര്‍ജ്ജുമായി കേന്ദ്രം സമാഹരിച്ചത് 2,54,544.78 കോടി രൂപയാണെങ്കില്‍ 2023-24ല്‍ അത് 5,00,000 കോടി രൂപയ്ക്ക് മേലായി ഉയര്‍ന്നു.
96.81 ശതമാനത്തിന്റെ വര്‍ധനയാണിത്. സെസ്സും സര്‍ചാര്‍ജ്ജും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ടതല്ലാത്ത ഇനങ്ങള്‍ ആണെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ നികുതി ഇനത്തിലാണ് സമാഹരണം എങ്കില്‍ അതിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് നികുതി ചുമത്തിയത് കൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വില എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് എന്നാണ് കേന്ദ്രം പഴി പറയാറ്. 2023-24ല്‍ 4,32,394 കോടി രൂപയാണ് നികുതി ഇനത്തില്‍ കേന്ദ്രത്തിന് ലഭിച്ചത്. അതേസമയം പ്രസ്തുത വര്‍ഷം എല്ലാ സംസ്ഥാനങ്ങളും ചേര്‍ന്ന് നികുതി ഇനത്തില്‍ ഉണ്ടാക്കിയത് 3,18,762 കോടി രൂപയും.
നൂറ് വ്യവസായ പാര്‍ക്കുകള്‍ അടക്കം ബജറ്റില്‍ വ്യവസായ ഇടനാഴികള്‍ പലതും പ്രഖ്യാപിച്ചു. ഭൂമി ഏറ്റെടുത്ത് കാത്തിരിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍ നിര്‍ദ്ദിഷ്ട ഇടനാഴി പരിഗണിച്ചതുമില്ല. ഒരു വ്യവസായ പാര്‍ക്ക് പോലും കേരളത്തിന് നല്കില്ല എന്നതാണ് തീരുമാനം.
പ്രകൃതിക്ഷോഭ ആശ്വാസത്തിന്റെ കാര്യത്തില്‍ ബജറ്റില്‍ അസാം, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പരിഗണന ലഭിച്ചത്. ഹിമാചല്‍ ഒഴികെ ബാക്കിയെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. കേരളത്തിലെ ജനങ്ങളോട് നീതി പുലര്‍ത്തണമെങ്കില്‍ വയനാട് ദുരന്തത്തെ തീവ്രതയുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം ഉറപ്പുവരുത്തുക. ഈ പ്രഖ്യാപനം നടത്താതെ പ്രധാനമന്ത്രി വയനാട് നിരീക്ഷണത്തിന് പോകുന്നതുകൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമില്ല.
ചൈനയില്‍ നിന്ന് വിദേശ നിക്ഷേപം വേണമെന്ന് സാമ്പത്തിക സര്‍വ്വേ പറഞ്ഞു. തൊട്ടു പിറ്റേന്ന് ചൈനാ നയത്തില്‍ മാറ്റമില്ലെന്നാണ് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. മന്ത്രിയെ തിരുത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യാപാര സെക്രട്ടറി മറ്റൊരു പ്രസ്താവനയുമായി രംഗത്തുവന്നു. വ്യക്തമായ നയമോ കൂട്ടുത്തരവാദിത്വമോ ഇല്ലാത്ത സര്‍ക്കാരാണ് നമ്മുടെ രാജ്യം ഭരിക്കുന്നത്.
കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അല്‍പ്പം പരിഗണന നല്‍കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് സര്‍ക്കാര്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നും ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.