Connect with us

Articles

കേരളം ഒറ്റയ്ക്കല്ല

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ഭരണപരമായ പ്രശ്നങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ കാരണങ്ങളാണ് പ്രധാനമെന്ന കേരളത്തിന്റെ ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോള്‍ രാജ്യത്താകെ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍. അവഗണിക്കപ്പെടുന്നുവെന്ന പരാതി പല സംസ്ഥാനങ്ങളും പരസ്യമായി ഉന്നയിക്കുന്നു. കേന്ദ്ര നിലപാടില്‍ മാറ്റം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അടക്കം സമരത്തിന് തയ്യാറാകുന്നു.

Published

|

Last Updated

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നത് കേരളം വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യമാണ്. അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ഭരണപരമായ പ്രശ്നങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ കാരണങ്ങളാണ് പ്രധാനമെന്ന കേരളത്തിന്റെ ആക്ഷേപം ശരിവെക്കുന്നതാണ് ഇപ്പോള്‍ രാജ്യത്താകെ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍. അവഗണിക്കപ്പെടുന്നുവെന്ന പരാതി പല സംസ്ഥാനങ്ങളും പരസ്യമായി ഉന്നയിക്കുന്നു. കേന്ദ്ര നിലപാടില്‍ മാറ്റം ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ അടക്കം സമരത്തിന് തയ്യാറാകുന്നു.

“കേന്ദ്ര വിവേചനവും പ്രതികാര മനോഭാവവു’മാണ് കേരളം നേരിടേണ്ടി വരുന്നത്. സാമ്പത്തികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അര്‍ഹതപ്പെട്ട ധന വിഭവങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കേരളം പലതവണ കേന്ദ്രത്തിന് കത്തെഴുതി. ബന്ധപ്പെട്ടവരെയെല്ലാം നേരില്‍ കണ്ട് പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തി. ഇതെല്ലാം പ്രതികാര ബുദ്ധിയോടെ അവഗണിക്കപ്പെട്ട സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനും കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധം സമര രൂപത്തില്‍ ഡല്‍ഹിയില്‍ പ്രകടിപ്പിക്കാനും കേരളം തീരുമാനിച്ചത്.

നമ്മള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ക്ക് ആധികാരികത പകരുന്നതാണ് നിതി ആയോഗ് സി ഇ ഒയുടെ അടുത്ത കാലത്തെ വെളിപ്പെടുത്തല്‍. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യ നീക്കം നടത്തിയെന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ ഈ വാര്‍ത്തയെ ഒരു കേന്ദ്രത്തില്‍ നിന്നും നിഷേധിച്ചതായി കണ്ടില്ല.
കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവുണ്ടാകുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോര്‍ത്തുന്നു. ഇത്തരം കാര്യങ്ങളാണ് സുപ്രീം കോടതിയില്‍ കേരളം ഉന്നയിക്കുന്നത്. ഡല്‍ഹിയില്‍ ഈ മാസം എട്ടിന് കേരളം നടത്തുന്ന സമരത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

വിഭവ വിഭജനത്തില്‍ കേരളം നേരിടുന്ന കടുത്ത വിവേചനത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ 15ാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ പരിശോധിച്ചാല്‍ മതിയാകും. നികുതി വിഹിതത്തിന്റെ 17.939 ശതമാനം ഉത്തര്‍ പ്രദേശിന് ലഭിക്കുന്നു. ബിഹാറിന് 10.058 ശതമാനവും മധ്യപ്രദേശിന് 7.85 ശതമാനവും മഹാരാഷ്ട്രക്ക് 6.317 ശതമാനവും ഗുജറാത്തിന് 3.478 ശതമാനവും ലഭിക്കുന്നു. കേരളത്തിനാകട്ടെ 1.925 ശതമാനവും. ഈ കുറവ് തുറന്നുകാട്ടുമ്പോള്‍, കേരളത്തിന് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും ഉയര്‍ന്ന വിഹിതം ലഭിച്ച സംസ്ഥാനങ്ങള്‍ക്ക് ഈ ഗ്രാന്റ് ഇല്ലെന്നുമാണ് മറുപടി. കേരളത്തിന് അനുവദിച്ച ആകെ റവന്യൂ കമ്മി ഗ്രാന്റ് 37,814 കോടി രൂപയാണ്. പുറമെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്ത നിവാരണം, തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി പ്രത്യേക മേഖലാ ഗ്രാന്റായി 14,899 കോടി രൂപയും അനുവദിച്ചു. ഇതില്‍ ഈ വര്‍ഷത്തെ വിഹിതവും നിഷേധിക്കപ്പെടുകയാണ്. എന്നാല്‍, 17.939 ശതമാനം നികുതി വിഹിതം ലഭിക്കുന്ന ഉത്തര്‍ പ്രദേശിന് അനുവദിച്ച പ്രത്യേക മേഖലാ ഗ്രാന്റ് 83,995 കോടി രൂപ. മഹാരാഷ്ട്രക്ക് കിട്ടിയത് 61,904 കോടി. പത്ത് ശതമാനത്തിലേറെ നികുതി വിഹിതം കിട്ടിയ ബിഹാറിനും 46,624 കോടിയുണ്ട്. മധ്യപ്രദേശിനും കിട്ടി 40,766 കോടി. വലിയ വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്തിന് മൂന്നര ശതമാനം നികുതി വിഹിതവും 30,549 കോടിയുടെ പ്രത്യേക മേഖലാ ഗ്രാന്റുകളും കിട്ടി.

മൂലധന നിക്ഷേപത്തിനായുള്ള പ്രത്യേക ദീര്‍ഘകാല വായ്പാ പദ്ധതിയിലും കേരളത്തോടുള്ള കടുത്ത വിവേചനം പ്രകടമാണ്. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ദീര്‍ഘകാല പലിശരഹിത വായ്പാ പദ്ധതി കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ച് നടപ്പാക്കിയ ഇതേ പദ്ധതിയില്‍ കേരളത്തിന് ഒരു രൂപ പോലും അനുവദിച്ചില്ല. കഴിഞ്ഞ ഡിസംബര്‍ 13 വരെ 98,156 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അടുത്ത ഘട്ടം, കെ ഫോണുവഴി എല്ലാ കുടുംബത്തിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കല്‍ അടക്കം ഈ വര്‍ഷം നാലായിരത്തിലേറെ കോടി രൂപയുടെ പദ്ധതി കേരളം സമര്‍പ്പിച്ചിരുന്നു. 3,000 കോടി രുപ ലഭിക്കേണ്ടതില്‍, ആദ്യഘട്ട അലോട്ട്മെന്റില്‍ സംസ്ഥാനത്തിന് 1,908 കോടി അനുവദിക്കുന്നതായി അറിയിച്ചു. പിന്നീട്, മറ്റു ചില കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ബ്രാന്‍ഡിംഗ് മാനദണ്ഡം പാലിച്ചില്ലെന്ന പേരില്‍, അനുവദിച്ച വായ്പയും നിഷേധിച്ചു. ഇതേ പദ്ധതിയില്‍ ഉത്തര്‍ പ്രദേശിന് അനുവദിച്ചത് 18,936 കോടി രൂപയാണ്. ബിഹാറിന് 9,932 കോടിയും മധ്യപ്രദേശിന് 8,134 കോടിയും മഹാരാഷ്ട്രക്ക് 6,745 കോടിയും രാജസ്ഥാന് 6,026 കോടിയും ലഭിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വം ആര്‍ക്കാണെന്നത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്.

സാമ്പത്തിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെ കേരളം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതിയില്‍ പരിഗണിക്കവെ, കേരളത്തിന് മാത്രമേ പരാതിയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാറിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. ഇപ്പോള്‍ അത്തരം സംശയങ്ങള്‍ മാറിക്കാണുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട അധികാരങ്ങളും സമ്പത്തും ഉറപ്പാക്കാനുള്ള പോരാട്ടത്തിലെ മറ്റൊരു ഉപാധിയായാണ് ഫെബ്രുവരി എട്ടിന് കേരള മന്ത്രിസഭയും എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടെ ഡല്‍ഹിയില്‍ സമരം നടത്താന്‍ നിശ്ചയിച്ചത്. അതിലേക്ക് സംസ്ഥാനത്തെ പ്രതിപക്ഷത്തെയും ഒപ്പം “ഇന്ത്യ’ മുന്നണിയുടെ ദേശീയ നേതാക്കളെയും കക്ഷികളുടെ പ്രതിനിധികളെയും ക്ഷണിച്ചു. തൊട്ടുപിന്നാലെ, സംസ്ഥാനത്തിനെതിരായ കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. തെലങ്കാന, ഡല്‍ഹി സര്‍ക്കാറുകളും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരത്തിന്റെ പാതയിലാണ്. ഇതിനിടയിലാണ് ശനിയാഴ്ച കര്‍ണാടകയില്‍ നിന്ന് പ്രധാന പ്രഖ്യാപനമുണ്ടായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എം എല്‍ എമാരും എം എല്‍ സിമാരും ഏഴാം തീയതി ഡല്‍ഹിയില്‍ സമരം നടത്തുകയാണ്. വിഷയം കേരളം ഉന്നയിക്കുന്നതുപോലെ “കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും’. കര്‍ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തില്‍ പങ്കെടുക്കാനും സിദ്ധരാമയ്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ മാത്രം പ്രശ്നമല്ല. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും സമാന സ്ഥിതിയിലാണ്. സംസ്ഥാന ധന മന്ത്രിമാര്‍ ഒത്തുകൂടുന്ന ജി എസ് ടി കൗണ്‍സിലില്‍ അനൗദ്യോഗിക ആശയവിനിമയങ്ങളില്‍ ഇവരെല്ലാം ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നു. പൂച്ചക്ക് ആര് മണികെട്ടും എന്ന ചോദ്യമാണ് മിക്ക സംസ്ഥാനങ്ങളെയും അലട്ടുന്നത്.

കേരളത്തിനോടുള്ള വിവേചനങ്ങള്‍ വിവരണാതീതമാണ്. ഈ വര്‍ഷം കേന്ദ്രാവിഷ്‌കൃത പദ്ധതി ചെലവുകളുമായി ബന്ധപ്പെട്ട് കേരളത്തിന് നിഷേധിക്കപ്പെടുന്നത് 7,490 കോടി രൂപയാണ്. യു ജി സി ശമ്പള പരിഷ്‌കരണ വിഹിതം 750 കോടി, തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് 1,921 കോടി, നെല്ല് സംഭരണം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ പദ്ധതിക്കുള്ള വിഹിതം 1,100 കോടി, ദുരിതാശ്വാസങ്ങള്‍ക്കുള്ള വിഹിതം 139 കോടി, സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട് 69 കോടി, ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസ്സിസ്റ്റന്‍സ് (ക്യാപക്‌സ്) 3,000 കോടി, ജി എസ് ടി നഷ്ടപരിഹാരം 511 കോടി.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്പാനുപാതത്തിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ഉണ്ടായ കുറവ് 57,400 കോടി രൂപയാണ്. റവന്യൂ കമ്മി ഗ്രാന്റില്‍ 8,400 കോടി കുറഞ്ഞു. ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതു മൂലമുള്ള കുറവ് 12,000 കോടിയാണ്. നികുതി വിഹിതം 3.58 ശതമാനത്തില്‍ നിന്ന് 1.925 ശതമാനമായി കുറച്ചതിലൂടെ ഉണ്ടാകുന്ന നഷ്ടം 18,000 കോടിയും. 2022-23ല്‍ ജി എസ് ഡി പിയുടെ 2.5 ശതമാനമാണ് കടമെടുക്കാന്‍ അനുവദിച്ചത്. ഈ വര്‍ഷം അതിലും കുറയും. അര്‍ഹതപ്പെട്ട വായ്പ എടുക്കാന്‍ അനുവദിക്കണമെന്നതാണ് കേരളത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, ഒരു ശതമാനം അധിക കടം അനുവദിക്കണമെന്നതും പരിഗണിക്കപ്പെടുന്നില്ല. കേരളത്തെ തകര്‍ക്കാനുള്ള മനഃപൂര്‍വ ഇടപെടലായേ ഇതിനെ കാണാനാകൂ. രാഷ്ട്രീയമായ വിരോധം കാണിക്കുന്നതു വഴി കേരളീയരുടെ ആകെ സാമ്പത്തിക അവകാശങ്ങളാണ് ഹനിക്കപ്പെടുന്നത്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക ഉപരോധം സര്‍ക്കാറിനോടല്ല, മറിച്ച് കേരളത്തോട് ആകെയാണ്. ഇവിടെയാണ് നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേരളീയരുടെയാകെ ഐക്യം കാലം ആവശ്യപ്പെടുന്നത്.

Latest