murder politics
കേരളം ദുര്‍ബലരുടെ കൊലക്കളം
രാഷ്ട്രീയ കൊലപാതകങ്ങളും പീഡനങ്ങളും പരിശോധിച്ചാല്‍ അതിന് വിധേയരാകുന്നതില്‍ നല്ലൊരു വിഭാഗവും പട്ടികജാതി-പട്ടികവര്‍ഗ, ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഇതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ അവരുടെ സില്‍ബന്ദികള്‍ക്കോ രാഷ്ട്രീയ ലാഭമല്ലാതെ ഒരു നഷ്ടവും ഉണ്ടാകുന്നില്ല.
രാഷ്ട്രീയത്തിന്റെ പേരിലായാലും മത-സാമുദായിക തീവ്രതയുടെ പേരിലായാലും കേരളത്തില്‍ നടക്കുന്ന അരുംകൊലകള്‍ക്ക് ബലിയാടുകളാകുന്നത് പട്ടികജാതി-പട്ടികവര്‍ഗ – ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരാണെന്ന് ഇതുസംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ പരിശോധിച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ അടുത്ത കാലത്ത് നടന്ന കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ വിദ്യാര്‍ഥിയായ അഭിമന്യൂ, ആദിവാസിയായ മധു, പട്ടിക ജാതിക്കാരനായ ദീപു, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട രഞ്ജിത് ശ്രീനിവാസന്‍, ഹരിദാസന്‍ എന്നിങ്ങനെ പോകുന്നു കണക്കുകള്‍. ഈ അരുംകൊലപാതകങ്ങളുടെ പേരില്‍ ആഘോഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തീവ്ര മത-സാമുദായിക പ്രസ്ഥാനങ്ങളെയുമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. രക്തസാക്ഷികളില്ലാതിരുന്ന പ്രസ്ഥാനത്തിന് പോലും ഇന്ന് രക്തസാക്ഷി ഉണ്ടായിരിക്കുന്നു. അതിന്റെ പേരില്‍ അവരും മറ്റുള്ളവരെ പോലെ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തിയും ഹര്‍ത്താല്‍ ആചരിച്ചും വര്‍ഷാവര്‍ഷം രക്തസാക്ഷി ദിനം ആചരിച്ചും അവരവരുടെ പ്രസ്ഥാനത്തെ ശാക്തീകരിക്കുന്ന തത്രപ്പാടിലാണ്. ഇവരെല്ലാം തന്നെ രക്തസാക്ഷികളെ സൃഷ്ടിച്ച് തങ്ങളുടെ പ്രസ്ഥാനങ്ങളെ ശാക്തീകരിക്കുമ്പോള്‍ ആ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ബലിയാടുകളായ ഹതഭാഗ്യരുടെ ഭാര്യമാരുടെയും മക്കളുടെയും വാര്‍ധക്യം ബാധിച്ച മാതാപിതാക്കളുടെയും ദയനീയ അവസ്ഥയെ കുറിച്ച് മൃതശരീരം സംസ്‌കരിച്ചതിനു ശേഷം ചിന്തിക്കാറുണ്ടോ?
ഈ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ബലിയാടായവരുടെ കുടുംബങ്ങള്‍ തികച്ചും അനാഥമാണ്. അവരുടെ ദുരവസ്ഥയെപ്പറ്റി രക്തസാക്ഷിത്വം ആഘോഷിച്ചവരാരും തന്നെ ചിന്തിക്കാറില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഏത് കൊലപാതകത്തെയും രാഷ്ട്രീയവത്കരിച്ച് പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനങ്ങളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. താത്കാലികമായി സഹായഹസ്തവുമായി വരുന്ന ചിലര്‍ പിന്നീട് ഈ ഹതഭാഗ്യരെ കുറിച്ച് ചിന്തിക്കാറില്ല. പാടത്ത് പണി കൊടുത്താല്‍ വരമ്പത്ത് കൂലി കിട്ടും എന്ന് ആക്രോശിക്കുന്ന തരത്തിലുള്ള നേതൃത്വങ്ങളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന തരത്തിലാണ് ഓരോ കൊലപാതകങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങള്‍ അവരുടെ നിക്ഷിപ്ത താത്പര്യത്തിന് വേണ്ടി വ്യാഖ്യാനിക്കുകയും പ്രതികാരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്. ആധുനിക കാലഘട്ടത്തില്‍ സാമ്പത്തിക സുസ്ഥിരതയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ മററുള്ളവരെ വാടകക്കെടുത്തും അവരുടെ ലക്ഷ്യം നിറവേറ്റുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും പീഡനങ്ങളും പരിശോധിച്ചാല്‍ അതിന് വിധേയരാകുന്നതില്‍ നല്ലൊരു വിഭാഗവും പട്ടികജാതി-പട്ടികവര്‍ഗ, ദുര്‍ബല പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഇതിന് നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ അവരുടെ സില്‍ബന്ദികള്‍ക്കോ രാഷ്ട്രീയ ലാഭമല്ലാതെ ഒരു നഷ്ടവും ഉണ്ടാകുന്നില്ല. കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണ സ്ഥാപനങ്ങളും പരിശോധിച്ചാല്‍ ഈ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഒരു പ്രാതിനിധ്യവും പങ്കാളിത്തവുമില്ലായെന്നുള്ളതാണ് വസ്തുത. രാഷ്ട്രീയ മേലാളന്മാരുടെ വിറക് വെട്ടികളും വെള്ളം കോരികളുമാക്കി മാറ്റി ഈ ദുര്‍ബല വിഭാഗങ്ങളെ പാര്‍ശ്വവത്കരിച്ചുകൊണ്ടിരിക്കുന്നു.
സാമൂഹികമായും സാമ്പത്തികമായും വേണ്ടത്ര പുരോഗതി ആര്‍ജിക്കാത്ത ഈ വിഭാഗങ്ങളെ രാഷ്ട്രീയ അയിത്തം കല്‍പ്പിച്ച് ഈ പ്രസ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയിരിക്കുന്നത് മൂലം വേണ്ട രീതിയില്‍ പ്രതികരിക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഈ ദുരവസ്ഥ പരിഗണിച്ച് മറ്റുള്ളവരുടെ ചാവേര്‍പടയായി കുടുംബം അനാഥമാക്കണമോ എന്ന് ഈ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. മറ്റുള്ളവരുടെ ഇഷ്ടാനുസരണം കൊല്ലുന്നവനും കൊലചെയ്യപ്പെടുന്നവനും ഈ ദുര്‍ബല വിഭാഗങ്ങളില്‍ നിന്ന് അല്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ബോധവത്കരണം നടത്താന്‍ ഈ ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ മുന്‍കൈ എടുക്കണം. ഇത്രയേറെ അരുംകൊലപാതകങ്ങള്‍ ദൈനംദിനം വര്‍ധിക്കുന്നതല്ലാതെ അതിന് ശമനം ഉണ്ടാക്കാന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ തയ്യാറാകുന്നില്ല എന്നുള്ളതാണ് വസ്തുത. കൊലപാതകങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് രക്തസാക്ഷി ദിനാചരണങ്ങളും സമ്മേളന വേദികളിലേക്ക് ദീപശിഖ പ്രയാണവും നടത്തി പ്രസ്ഥാനത്തെ ശാക്തീകരിക്കുന്ന ഇന്നത്തെ ദുരവസ്ഥക്ക് മാറ്റം വരുത്താന്‍ ഈ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. ഭരണകര്‍ത്താക്കളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്രമസമാധാനപാലകര്‍ നിഷ്പക്ഷമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം.
കേരളത്തിലെ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംസ്ഥാനതല രാഷ്ട്രീയ പ്രസ്ഥാനങ്ങളും മത്സരിച്ച് വോട്ട് ബേങ്ക് ലക്ഷ്യം വെച്ച് പ്രബല മത-സാമുദായിക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതുമൂലം പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് സാമൂഹികനീതി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലാതായിരിക്കുന്നു. കുടുംബത്തിലായാലും സമൂഹത്തിലായാലും ശാന്തിയും സമാധാനവും ഉണ്ടായാല്‍ മാത്രമേ പുരോഗതി ആര്‍ജിക്കാന്‍ കഴിയുകയുള്ളൂ എന്ന വസ്തുത ഭരണ -രാഷ്ട്രീയ നേതൃത്വങ്ങളും അവരെ പിന്തുണക്കുന്നവരും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. പകരം, എരിതീയില്‍ എണ്ണ ഒഴിച്ചാല്‍ ദൈവത്തിന്റെ നാടായ കേരളം കൊലയാളികളുടെ നാടെന്ന് അറിയപ്പെടും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകളില്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് മറ്റുള്ളവരുടെ ഒത്താശയോടെ നുഴഞ്ഞു കയറി മതസാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന സമീപനം ഉണ്ടാകാതിരിക്കാന്‍ എല്ലാ സാമൂഹിക സംഘടനകളും ജാഗ്രത പുലര്‍ത്തുകയും വേണം.