SSF Sahithyotsav 2021
കേരള സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി;ദേശീയ സാഹിത്യോത്സവ് ഫെബ്രുവരി നാല് മുതല്‍ ഗുജറാത്തില്‍
കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്.
കണ്ണൂര്‍ | ഇരുപത്തി എട്ടാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി. ഒരാഴ്ചയിലധികം നീണ്ടു നിന്ന വിവിധ പരിപാടികള്‍ക്കു ശേഷമാണ് സാഹിത്യോത്സവ് സമാപിച്ചത്. അവസാന രണ്ടു ദിവസങ്ങളില്‍ നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ 423 പോയന്റ്‌റ് നേടി മലപ്പുറം ഈസ്റ്റ് ജില്ല തുടര്‍ച്ചയായി ആറാം തവണയും ഓവറോള്‍ ചാംപ്യന്‍മാരായി. 358 പോയന്റ് നേടി ആതിഥേയരായ കണ്ണൂര്‍ രണ്ടാം സ്ഥാനവും, 326 പോയന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം വെസ്റ്റ് ജില്ലയിലെ മുഹമ്മദ് മിദ്‌ലാജ് സര്‍ഗ പ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഫള്‌ലുര്‍ റഹ് മാന്‍ കലാപ്രതിഭാ പട്ടവും നേടി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമുള്ള രണ്ടായിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആദ്യ ദിനം ജില്ലകളില്‍ പ്രത്യേകം സംവിധാനിച്ച 18 സ്റ്റുഡിയോകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. രണ്ടാം ദിനം കണ്ണൂര്‍ അല്‍ മഖര്‍ കാമ്പസില്‍ എത്തിയാണ് മത്സരത്തില്‍ പങ്കാളികളായത്. എട്ട് വിഭാഗങ്ങളില്‍ 97 ഇനങ്ങളിലായിരുന്നു മത്സരം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മത്സര പരിപാടികള്‍ നടന്നത്. കൊവിഡ് കാലമായിട്ടും രണ്ടു വര്‍ഷമായി സാഹിത്യോത്സവുകള്‍ക്ക് മുടക്കം വരുത്താതെ ഡിജിറ്റലും,ഫിസിക്കലുമായി എസ് എസ് എഫ് നടത്തിവരികയാണ്. സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈ
നിസാമുദ്ദീന്‍ ഫാളിലിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സമൂഹ നന്‍മ ലക്ഷ്യം വെച്ചുള്ള കലാ സാഹിത്യ മത്സരങ്ങള്‍ അനിവാര്യമാണെന്നും, വിദ്യാര്‍ഥികള്‍ ധാര്‍മ്മികത മുറുകെ പിടിച്ച് സംശുദ്ധ ജീവിതം നയിക്കണമെന്നും കാന്തപുരം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. യുസി അബ്ദുല്‍ മജീദ്,പി.കെ അലിക്കുഞ്ഞി ദാരിമി, അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, കെ അബ്ദുല്‍ റശീദ് നരിക്കോട്, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജഅഫര്‍, സെക്രട്ടറിമാരായ ജാബിര്‍ സഖാഫി പാലക്കാട്, എന്‍ ജാബിര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍,ശുഐബ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് പേരോട് അബ്ദുര്‍ റഹ്‌മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, സി.കെ റാശിദ് ബുഖാരി എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.2022 ല്‍ നടക്കുന്ന ഇരുപത്തിഒമ്പതാം സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന എറണാകുളം ജില്ലക്ക് നിലവിലെ ആതിഥേയരായ കണ്ണൂര്‍ ജില്ലയുടെ ഭാരവാഹികള്‍ പതാക കൈമാറി. എസ് എസ് എഫിന്റെ ഔദ്യോഗിക യൂട്യൂബിലൂടെ സംപ്രേഷണം ചെയ്ത കേരള സാഹിത്യോത്സവ് ഒന്നര ലക്ഷം ആളുകളാണ് തത്സമയം വീക്ഷിച്ചത്.
കേരള സാഹിത്യോത്സവിലെ വിജയികള്‍ 2022 ഫെബ്രുവരി 4,5,6 തിയ്യതികളില്‍ ഗുജറാത്തില്‍ നടക്കുന്ന ദേശീയ സാഹിത്യോത്സവില്‍ മത്സരിക്കും.