Connect with us

kerala Sahithyotsav 2021

കേരള സാഹിത്യോത്സവ് നാളെ ആരംഭിക്കും

മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 28-ാമത് എഡിഷന് നാളെ വൈകിട്ട് മൂന്നിന് തുടക്കമാകും. ഉദ്ഘാടന സംഗമം ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയിൽ മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.
മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് മുഖ്യാഥിതിയായിരിക്കും. സി എൻ ജഅ്ഫർ, വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി ചെങ്ങര, എസ് ശറഫുദ്ദീൻ, മുഹമ്മദ് പറവൂർ, ബശീർ പറവന്നൂർ, എസ് എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അബ്ദുർറശീദ് സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും.

കഥ, കാലം, കാഴ്ചപ്പാടുകൾ വിഷയത്തിൽ സന്തോഷ് എച്ചിക്കാനം, മുഹമ്മദലി കിനാലൂർ എന്നിവർ നടത്തുന്ന സംഭാഷണം, ഇസ്്ലാമോഫോബിയ ഇൻഡസ്ട്രി എന്ന പുസ്തകത്തെ ആസ്പദിച്ച് അജയ് പി മങ്ങാട്, രാജീവ് ശങ്കരൻ, ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ നടത്തുന്ന ചർച്ച, ബിബിൻ ആന്റണി നയിക്കുന്ന കഥ പറയുന്ന ചിത്രങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രസഞ്ചാരം, വായനക്കാർ ഒത്തുചേർന്ന് സംവദിക്കുന്ന വായിക്കുന്നവർ പറയുന്നു, വെളിച്ചം കാണാത്ത വാർത്തകൾ എന്ന വിഷയത്തിൽ ബി ആർ പി ഭാസ്‌കർ, എൻ പി ചെക്കുട്ടി എന്നിവർ നടത്തുന്ന സംസാരം. ദേശം, ദേശാടനം വിഷയത്തിൽ കൽപ്പറ്റ നാരായണൻ, കെ ബി ബശീർ എന്നിവർ നടത്തുന്ന സംഭാഷണം, മാലപ്പാട്ടുകളെ പഠനവിധേയമാക്കുന്ന ചരിത്ര മാല, വിദ്യാർഥികളുടെ ടേബിൾ ടോക് എന്നീ പരിപാടികൾ നടക്കും. ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ വിദ്യാർഥികളുടെ കലാപരിപാടികൾ നടക്കും.

1649 മത്സരാർഥികൾ എട്ട് വിഭാഗങ്ങളിലായി 97 ഇനങ്ങളിൽ 18 സ്റ്റുഡിയോയിൽ നിന്നായി മത്സരിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് സമാപന സംഗമം നടക്കും. കെ വൈ നിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുർറഹ്്മാൻ സഖാഫി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, പ്രൊഫ. യു സി അബ്ദുൽ മജീദ്, ആർ പി ഹുസൈൻ ഇരിക്കൂർ, എൻ ജാബിർ, പി വി ശുഐബ് സംസാരിക്കും.

രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21,000 ബ്ലോക്ക്, 6,700 യൂനിറ്റ്, 600 സെക്ടർ,121 ഡിവിഷൻ , 17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്.

Latest