Articles
തോല്‍ക്കുന്നത് കേരളമാണ്
മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്നതിനും ഏറെ അനുയോജ്യമായ തുരുത്തായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈയിടെയായി സംസ്ഥാനത്തിന്റെ സത്പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകളും റിപോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്.
രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യതിരിക്തമാക്കുന്ന അനേകം ഘടകങ്ങളുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്കും മികച്ച ആരോഗ്യ സംവിധാനങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും അവയില്‍ ചിലത് മാത്രമാണ്. രാഷ്ട്രീയ പ്രബുദ്ധത കൈമുതലുള്ള പൊതുവെ സമാധാനം ആഗ്രഹിക്കുന്ന പരിഷ്‌കൃത സമൂഹമായാണ് കേരളീയ ജനത അടയാളപ്പെടുത്തപ്പെട്ടിരുന്നത്. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുന്നതിനും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്നതിനും ഏറെ അനുയോജ്യമായ തുരുത്തായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈയിടെയായി സംസ്ഥാനത്തിന്റെ സത്പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകളും റിപോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. കേരളം ഒന്നാമതെത്തുന്ന വാര്‍ത്തകള്‍ ആഘോഷിക്കുമ്പോള്‍ തന്നെ, പിന്നിലാവുന്ന റിപോര്‍ട്ടുകള്‍ അതീവ പ്രാധാന്യത്തോടെ പരിഗണിക്കുകയും പഠിക്കുകയും പരിഹാരം കാണേണ്ടതുമുണ്ട്.
സംസ്ഥാനത്ത് കൊലപാതകങ്ങള്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇടുക്കി ചീനക്കുഴിയില്‍ നാലംഗ കുടുംബത്തെ തീവെച്ച് കൊലപ്പെടുത്തിയ കൊടും ക്രൂരത ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വ്യക്തി വൈരാഗ്യം, സ്വത്ത് തര്‍ക്കം, പ്രണയപ്പക, മോഷണ ശ്രമം തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കൊലപാതകങ്ങള്‍ക്ക് പിന്നില്‍. നിസ്സാര കാര്യങ്ങളുടെ മേലുള്ള തര്‍ക്കങ്ങള്‍ പോലും കൊലപാതകങ്ങളില്‍ കലാശിക്കുന്ന പ്രവണത ഇന്ന് സംസ്ഥാനത്ത് കൂടി വരുന്നുണ്ട്. നിയമപാലകരുടെ സജീവ സാന്നിധ്യമുള്ള ഇടങ്ങളില്‍ പോലും ജനങ്ങള്‍ സുരക്ഷിതരല്ലെന്നാണ് തലസ്ഥാന നഗരിയിലെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടങ്ങളും തുടര്‍ക്കഥയാകുകയും നിയമപാലകര്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് പലയിടത്തും. കഴിഞ്ഞ ഒരു മാസത്തിനിടെ തലസ്ഥാനത്ത് മാത്രം നടന്നത് ആറ് കൊലപാതകങ്ങളാണ്. ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് തലസ്ഥാന നഗരിയില്‍ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. കാട്ടാക്കട സ്വദേശിനിയായ ഗായത്രിയാണ് ദിവസങ്ങള്‍ക്ക് മുമ്പ് പട്ടാപ്പകല്‍ ലോഡ്ജ് മുറിയില്‍ വെച്ച് കൊല്ലപ്പെടുന്നത്. ജനങ്ങളില്‍ സുരക്ഷിത ബോധം വളര്‍ത്തിയെടുക്കേണ്ടവരുടെ മൂക്കിന്‍ തുമ്പില്‍ തന്നെ ക്രൂരമായ കൊലപാതകങ്ങള്‍ അരങ്ങേറുന്നുവെന്നത് അത്ര ആശാസ്യകരമല്ല. പൊതുവെ ജനജീവിതം മന്ദഗതിയിലായിരുന്ന വര്‍ഷമായിരുന്നു 2021. ക്രൈം റെക്കോര്‍ഡ്സ് പ്രകാരം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും 2021ല്‍ മാത്രം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 337 കൊലപാതക കേസുകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ഓര്‍ക്കണം! കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കേരളത്തിന്റെ പിറവിയോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ട് തന്നെ രക്തസാക്ഷി കുടീരങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളമെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നു. പല ചര്‍ച്ചകളുടെയും കൂടിയിരിക്കലുകളുടെയും ഫലമായി കുറഞ്ഞുവന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളുടെയും കര്‍ശന നിരീക്ഷണങ്ങളുടെയും ഫലമായി 2020-2021 വര്‍ഷങ്ങളില്‍ അക്രമങ്ങള്‍ മന്ദഗതിയിലായിരുന്നുവെങ്കിലും സമീപ കാലയളവില്‍ വര്‍ധിച്ച് വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നിരന്തരം വാചാലമാകുന്ന സംസ്ഥാനമാണ് നമ്മുടേത്. വനിതകളുടെ അതിജീവനത്തിന്റെ പ്രതീകമായ ഭാവനയെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തിച്ച് ഭരണകൂടം കൈയടി നേടിയത് ഈയടുത്താണ്. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണകൂടങ്ങളും ബന്ധപ്പെട്ടവരും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈയിടെ പുറത്തുവന്ന റിപോര്‍ട്ടുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വലിയ തോതിലുള്ള വര്‍ധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം 2016 ജനുവരി മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 74,679 കേസുകളാണ് സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ 15,114, 2017ല്‍ 14,263, 2018ല്‍ 13,643, 2019ല്‍ 14,293, 2020ല്‍ 12,659, 2021ല്‍ 16,418 എന്നിങ്ങനെയാണത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ റിേപാര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. ലൈംഗികാതിക്രമ സംഭവങ്ങളും ബലാത്സംഗ കേസുകളും കുത്തനെ കൂടിയിട്ടുണ്ട്. കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീധന മരണങ്ങള്‍ക്കും ഒട്ടും കുറവില്ല. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് 212 ജീവനുകളാണ് പൊലിഞ്ഞത്. പോലീസിന്റെ ക്രൈം റെക്കോര്‍ഡുകള്‍ പ്രകാരം സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനിടെ നടന്നത് 66 സ്ത്രീപീഡന മരണങ്ങളാണ്. പ്രണയ നിരാസങ്ങള്‍ പെട്രോളൊഴിച്ചും നടുറോഡില്‍ വെട്ടിവീഴ്ത്തിയും ജീവനെടുക്കുന്ന സ്ഥിതി വിശേഷം ഇന്ന് കൂടുതലായും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരത്തില്‍ 14 ജീവനുകളാണ് അപഹരിക്കപ്പെട്ടത്. പോക്സോ കേസുകളിലും ഗണ്യമായ വര്‍ധനവാണുള്ളത്. 2021 ജനുവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ സംസ്ഥാനത്ത് 3,549 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
കേരളത്തിലെ സമാധാനപൂര്‍ണമായ സാമൂഹിക ക്രമത്തെ അസ്ഥിരപ്പെടുത്തുന്നതില്‍ പ്രധാന ഹേതുവായി വര്‍ത്തിക്കുന്നത് ലഹരി ഉപഭോഗമാണ്. ലഹരി ഉപഭോഗത്തിലൂടെ ക്രിമിനല്‍ മനോഭാവം വെച്ച് പുലര്‍ത്തുന്ന സമൂഹമാണ് നിര്‍മിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഈയടുത്തായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങളിലും അതിക്രമങ്ങളിലുമെല്ലാം ലഹരി പ്രധാന കാരണമായി വര്‍ത്തിച്ചതായി കാണാം. മയക്കുമരുന്ന് ഉപഭോഗത്തിലും കടത്തലിലും കേരളം മുന്നിലാണ്. മാരക ലഹരി മരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നുവെന്നതിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധങ്ങള്‍ സംശയിക്കുന്ന മയക്കുമരുന്ന് വേട്ടകള്‍ വരെ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം 5,924 കേസുകളാണ് 2016ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2019 ആയപ്പോഴേക്കും 9,245 ആയി ഉയര്‍ന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവ് കേസുകളാണ് (4968, 8871) രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. മയക്കുമരുന്ന് ഉപഭോഗത്തിനും കടത്തലുകള്‍ക്കും തടയിടാനായി ഭരണകൂടവും മറ്റു സംവിധാനങ്ങളും കൃത്യമായ ബോധവത്കരണം നടത്തിയിട്ടും ലഹരി ഉപഭോഗത്തില്‍ അനിയന്ത്രിതമായ വര്‍ധനവാണുണ്ടാകുന്നതെന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റിലായ സ്ത്രീകളില്‍ 90 ശതമാനവും പ്രൊഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്നവരാണെന്നാണ് പോലീസ് ഭാഷ്യം. സ്ത്രീകളും കൗമാര പ്രായത്തിലുള്ളവരും വിദ്യാസമ്പന്നരുമാണ് കൂടുതലായും ഇത്തരം റാക്കറ്റുകളില്‍ അകപ്പെടുന്നതെന്ന റിപോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല.
ഉയര്‍ന്ന സാക്ഷരതാ നിരക്കും ലോകോത്തര ആരോഗ്യ പരിപാലന സംവിധാനങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തില്‍ ആത്മഹത്യകള്‍ അനുദിനം കൂടിവരികയാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപോര്‍ട്ടനുസരിച്ച് കൊല്ലത്താണ് രാജ്യത്തെ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റിപോര്‍ട്ട് പ്രകാരം ആത്മഹത്യാനിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. ഓരോ വര്‍ഷവും സംസ്ഥാനത്ത് ആത്മഹത്യാനിരക്ക് കൂടി വരികയാണ്.
കേരളം തെക്ക് വടക്ക് ഗുണ്ടാ ഇടനാഴിയായി മാറിയെന്ന ആരോപണം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത് കഴിഞ്ഞ മാസമാണ്. കേവലം രാഷ്ട്രീയ ആരോപണമായി കണ്ട് തള്ളിക്കളയുന്നതിലുപരി കേരളം സഗൗരവം സമീപിക്കുകയും നടപടികള്‍ സ്വീകരിക്കേണ്ടതുമായ വസ്തുതയാണിത്. കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള അതിക്രമങ്ങളാണ് ഗുണ്ടാ സംഘങ്ങളും സാമൂഹികവിരുദ്ധരും നടത്തിക്കൊണ്ടിരിക്കുന്നത്. ഗുണ്ടാസംഘങ്ങളെ വാഴാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഗുണ്ടാവിളയാട്ടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. സംസ്ഥാനത്ത് 4,500 കൊടും ക്രിമിനലുകള്‍ ഉണ്ടെന്നും അതില്‍ തന്നെ 1,300 പേര്‍ സദാ സജീവമാണെന്നുമാണ് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഏറ്റവും പുതിയ കണക്ക്. ഗുണ്ടാ ആക്രമണങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ പോലീസ് ആരംഭിച്ച ഓപറേഷന്‍ കാവല്‍ തന്നെ പൂര്‍ണാര്‍ഥത്തില്‍ ഫലം കണ്ടിട്ടില്ലയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പിടിയിലാകുന്ന ഗുണ്ടകള്‍ തന്നെ പലപ്പോഴും രാഷ്ട്രീയ ഉന്നത ബന്ധങ്ങളുപയോഗിച്ച് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി നിയമ വാഴ്ചയെ തെല്ലും ഭയക്കാതെ പൊതുസമൂഹത്തില്‍ തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. പോലീസ് സംവിധാനത്തിലെ പാകപ്പിഴകള്‍ക്ക് പുറമെ സമൂഹത്തിന്റെ ചിന്താഗതിയില്‍ വന്ന മാറ്റങ്ങളും ഗുണ്ടാ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. ഗുണ്ടകള്‍ക്കും അക്രമികള്‍ക്കും വീരപരിവേഷം ലഭിക്കുകയും സോഷ്യല്‍ മീഡിയകളിലും പാര്‍ട്ടി തലങ്ങളിലും ലഭിക്കുന്ന വലിയ പിന്തുണയും ഗുണ്ടാ സംഘങ്ങളുടെ വര്‍ധനവിന് കാരണമാകുന്നുവെന്ന് മനസ്സിലാക്കാം. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള നിയമം (കാപ്പ) പ്രയോഗിക്കുന്ന കാര്യത്തില്‍ വരുന്ന വീഴ്ചകളാണ് പലപ്പോഴും ഇത്തരം ഗുണ്ടാ സംഘങ്ങള്‍ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ നിര്‍മിക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ ഭരണകൂടവും ഉത്തരവാദിത്വപ്പെട്ടവരും മൗനം തുടര്‍ന്നാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ല. കേരളം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധികളെ കേവലം ഭരണ-പ്രതിപക്ഷ വാഗ്വാദങ്ങള്‍ക്കുള്ള കാരണങ്ങളായി സമീപിക്കുന്നതിന് പകരം, സംസ്ഥാനത്തിന്റെ ജിവല്‍പ്രശ്നമായി സമീപിക്കുകയും ആവശ്യമായ നിയമനിര്‍മാണങ്ങള്‍ നടത്തുകയുമാണ് വേണ്ടത്.