Kerala
ക്യാന്‍സര്‍ പ്രതിരോധത്തിലും കേരള മോഡല്‍; ഒരു മാസത്തിനിടെ 10 ലക്ഷം സ്ത്രീകളെ അര്‍ബുദ പരിശോധന നടത്തി
86 പേര്‍ക്ക് അര്‍ബുദ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം | ക്യാന്‍സര്‍ പ്രതിരോധത്തിലും പുതിയ മാതൃക തീര്‍ത്ത് കേരളം. അര്‍ബുദ പരിശോധനക്കും ചികിത്സക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ ജനകീയ ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ ഒരുമാസത്തിനിടെ 10 ലക്ഷത്തിലധികം സ്ത്രീകളെ ക്യാന്‍സര്‍ സ്‌ക്രീനിംഗ് വിധേയമാക്കിയാണ് കേരളം പുതിയ മാതൃക തീര്‍ത്തത്. പരിശോധന നടത്തിയ പത്തു ലക്ഷം പേരില്‍ 86 പേര്‍ക്ക് അര്‍ബുദബാധ സ്ഥീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറി യിച്ചു. സംസ്ഥാനത്തെ 1517 ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. 10,69,703 പേരെ സ്‌ക്രീന്‍ ചെയ്തതില്‍ 42,048 പേരെ ക്യാന്‍സര്‍ സംശയിച്ച് തുടര്‍പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. 9,66,665 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിംഗ് നടത്തി.
അതില്‍ 20,530 പേരെ സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനക്ക് റഫര്‍ ചെയ്തു. 7,72,083 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീന്‍ ചെയ്തതില്‍ 22,705 പേരെ തുടര്‍ പരിശോധനക്കായും 6,52,335 പേരെ വായിലെ ക്യാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 2,383 പേരെ തുടര്‍ പരിശോധനക്കായും റഫര്‍ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 86 പേര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും. ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഇതില്‍ ആദ്യഘട്ടമായാണ് സ്ത്രൂകളുടെ ക്യാമ്പയിന്‍.
സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള ക്യാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് ക്യാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കും. ബി പി എല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായാണ് തുടര്‍ പരിശോധന. എ പി എല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍, അങ്കണ്‍വാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇനിയും സ്‌ക്രീനിംഗിന് വിധേയമായിട്ടില്ലാത്തവര്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തി ക്യാന്‍സര്‍ സ്‌ക്രീനിംഗ് നടത്തണമെന്നും ക്യാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.