Connect with us

kerala muslim jamaath

കേരള മുസ്‌ലിം ജമാഅത്ത്: നന്മയുടെ സരണി

പ്രസ്ഥാനം അജയ്യമാണ്, നേതൃത്വം അനന്യവും. സുസജ്ജ പ്രവർത്തക വ്യൂഹം കരുത്തും.

Published

|

Last Updated

കേരളീയ സമൂഹത്തിന്റെ ധാർമിക പോരാട്ടത്തിന്റെയും ആദർശ സംരക്ഷണത്തിന്റെയും മുദ്രാവാക്യം ഏറ്റുപിടിച്ച് 2015 ഒക്ടോബർ പത്തിന് രൂപംകൊണ്ട സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത്. സുന്നി സമൂഹത്തിന്റെ പൊതുജനവേദിയും പ്രാസ്ഥാനിക നേതൃത്വവുമാണ് സംഘടന. സമസ്തയെന്ന പണ്ഡിതസഭയുടെ പ്രാമാണിക സാരഥ്യത്തിൽ മതധാർമികത അടിസ്ഥാനമാക്കി മുസ്‌ലിം ഉമ്മത്തിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന് മുഖ്യപ്രാധാന്യം നൽകുന്നു. അതുവഴി സമൂഹത്തിലേക്ക് നന്മയുടെ പ്രസരണം നടത്തുന്നു.

വിശാലമാണ് സംഘടനയുടെ പ്രവർത്തന മണ്ഡലം. നിക്ഷേപമത്രയും വിദ്യാഭ്യാസ മേഖലയിലാണ്. പതിനായിരക്കണക്കിന് മതധാർമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരികയും നേതൃത്വം നൽകുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പ്രീ കെ ജി മുതൽ പി ജി വരെ നൽകുന്ന ചെറുതും വലുതുമായ കേന്ദ്രങ്ങൾ സംഘടനയുടെ ലാളനയിൽ തഴച്ചുവളരുന്നുണ്ട്. സ്ഥാപനങ്ങൾ സംഘടനയുടെ ഒരു അമൂല്യ സ്വത്താണ്. ജീവകാരുണ്യ മേഖലയാണ് മറ്റൊരു പ്രധാന സേവനതലം. ആകസ്മികാവശ്യങ്ങളിൽ നിരന്തരം ഇടപെടുന്നു. പുനരധിവാസത്തിന്റെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നു. കവളപ്പാറ, പുത്തുമല തുടങ്ങിയ പ്രൊജക്ടുകൾ ഉദാഹരണങ്ങൾ മാത്രം.

ആതുര സാന്ത്വന പ്രവർത്തനങ്ങളിൽ പ്രവർത്തകർ ബദ്ധശ്രദ്ധരാണ്. കേരളത്തിൽ ആയിരക്കണക്കിന് സാന്ത്വന കേന്ദ്രങ്ങൾ പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. കിടപ്പുരോഗികൾക്കും താത്കാലികാവശ്യക്കാർക്കും വലിയ ആശ്വാസമാണ് സാന്ത്വനം. ആതുര മേഖലയിൽ ശ്രദ്ധേയ സേവനങ്ങൾ കൂടി സംഘടന നിർവഹിച്ചുവരുന്നു. പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ സി എഫ്) സ്‌പോൺസർഷിപ്പിൽ മലപ്പുറത്തും വയനാട് മാനന്തവാടിയിലും രണ്ട് ഓക്്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു.

മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വിപുലമായ ആതുര-സേവന സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം ആർ സി സിയോട് ചേർന്ന് സാന്ത്വന ഭവനവും മഞ്ചേരി മെഡിക്കൽ കോളജ് പരിസരത്ത് സാന്ത്വന സദനവും കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്പിറ്റലിനോട് ചേർന്ന് സഹായിയും പരിയാരം മെഡിക്കൽ കോളജിൽ സാന്ത്വന കേന്ദ്രവും പ്രവർത്തിക്കുന്നു. കൂടാതെ ജില്ലാ താലൂക്ക് ആശുപത്രികളിലും പി എച്ച് സികളിലും വിവിധ സേവന പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്.

കൊറോണ രൂക്ഷമായ സമയത്ത് ഐ സി എഫും പ്രസ്ഥാന ഘടക സംഘടനകളും വിദേശ രാജ്യങ്ങളിലടക്കം ചെയ്ത സേവനങ്ങളും ഏകോപന പ്രവർത്തനങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങായി സംഘടന നിലകൊണ്ടു. സമുദായത്തെയും സമൂഹത്തെയും ബാധിക്കുന്ന ഏത് പ്രശ്‌നങ്ങളിലും നിയമവിധേയമായി ഇടപെടുന്നു. അവകാശ സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നു. പ്രതിഷേധങ്ങൾക്ക് സമാധാനപരമായ മുഖം നൽകാൻ കഴിഞ്ഞു. സെക്രട്ടേറിയറ്റിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലേക്കും സംഘടന നയിച്ച പ്രതിഷേധ റാലി അതിന്റെ അച്ചടക്കത്തിലും പ്രകോപന രാഹിത്യത്തിലും നവ്യാനുഭവമായിട്ടുണ്ട്.

നീതിയുടെയും ന്യായത്തിന്റെയും പക്ഷത്താണ് സംഘടന നിലകൊള്ളുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമാക്കിയ കേന്ദ്ര സർക്കാറിന്റെ നടപടിയെ ചോദ്യം ചെയ്തു സുപ്രീം കോടതിയിലും ന്യൂനപക്ഷ വിദ്യാഭ്യാസ ആനുകൂല്യ വിഷയത്തിലും ഖുൽഅ് വിധിയിലും ഹൈക്കോടതിയിലും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. മുത്വലാഖ് വിധിയിലും നിയമപോരാട്ടത്തിലാണ്. സമാധാനപരവും സ്‌നേഹ രൂപേണയുള്ള പ്രവർത്തനങ്ങളും മാത്രമാണ് സംഘടന നടത്തുന്നത്. വെറുപ്പിന്റെ ഭാഷ സംഘടനക്കന്യമാണ്. സഹിഷ്ണുതയുടെ ശബ്ദമാണ് മുഖമുദ്ര. വർഗീയതയെ അതിന്റെ എല്ലാ വകഭേദങ്ങളോടു കൂടിയും നിരന്തരം പ്രതിരോധിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾ ആജന്മശത്രുക്കളാണ്. ദേശത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ട പൗരധർമത്തെപ്പറ്റി ഉദ്‌ബോധനം നടത്തുന്നു. അതിനാവശ്യമായ പ്രവർത്തനങ്ങളെ ഏകോപിച്ചു നടപ്പാക്കുകയും ചെയ്തുവരുന്നു.

ലഹരിക്കെതിരെ എന്നും നിലകൊണ്ട സംഘടനയാണ് കേരള മുസ്‌ലിം ജമാഅത്ത്. ലഹരിയുടെ വ്യാപനം ഇന്ന് വർധിച്ചുവരുന്നു. ഘടക സംഘടനകൾ കാലങ്ങളായി വിപുലമായ ക്യാമ്പയിനുകൾ ലഹരിക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാർ പ്രഖ്യാപിച്ച മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന് കളങ്കരഹിത പിന്തുണ പ്രഖ്യാപിക്കുന്നു. ഒപ്പം ലഹരിയുടെ എല്ലാ രൂപങ്ങളോടും വിസമ്മതം പറയുന്ന ക്യാമ്പയിനുകൾ പ്രഖ്യാപിക്കണമെന്നും നിയമനടപടികൾ കർശനമാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെടുന്നു.

പ്രസ്ഥാനം അജയ്യമാണ്, നേതൃത്വം അനന്യവും. സുസജ്ജ പ്രവർത്തക വ്യൂഹം കരുത്തും. ഗ്രാമീണതലങ്ങളിലേക്ക് മഹല്ലുകൾ കേന്ദ്രീകരിച്ച് സേവനപാതയിൽ പുതുചരിത രചനക്ക് പ്രതിജ്ഞ പുതുക്കേണ്ടുന്ന സന്ദർഭമാണ് സ്ഥാപകദിനം. അഭിമാനത്തിന്റേതാണ് പോയകാലം. പ്രതീക്ഷയുടേതാണ് വരുംകാലം. മുമ്പേ പോയവരെ ഓർത്തും ഒപ്പമുള്ളവരെ ചേർത്തുപിടിച്ചും വരുംതലമുറകൾക്കായി നിക്ഷേപമിറക്കിയും മുഖ്യധാരയിൽ മനുഷ്യർക്കായി കൈകോർക്കാം.

Latest