Connect with us

Kerala

റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം : കേരള മുസ്ലിം ജമാഅത്ത്

ജില്ലയില്‍ മുമ്പ് പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരുന്നതാണ് ഇവിടെ കുഴപ്പങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്

Published

|

Last Updated

കാസര്‍ഗോഡ് | ജില്ലയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ പള്ളിയില്‍ അതിക്രമിച്ചു കയറി ഇമാമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട കോടതി വിധി നിരാശാജനകവും നീതിന്യായ വ്യവസ്ഥയില്‍ പൊതുജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്നതുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ല അടിയന്തര ക്യാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു.

ശക്തമായ എഫ് ഐ ആര്‍ കേസില്‍ പ്രോസിക്യൂഷന് നല്ല പിന്തുണ നല്‍കി. കേസില്‍ ഏഴ് വര്‍ഷം പ്രതികള്‍ക്ക് മേല്‍ കോടതിയില്‍ നിന്ന് പോലും ജാമ്യം കിട്ടാത്തത്ര സാഹചര്യം ഉണ്ടായി. എന്നിട്ടും പ്രതികളെയെല്ലാം വെറുതെ വിട്ടു എന്നത് ആശ്ചര്യം ഉണ്ടാക്കുന്നു.  അവസാന നിമിഷം പ്രതികള്‍ക്ക് അനുകൂലമായി വിധി ഉണ്ടായത് എന്തുകൊണ്ടാണെന്ന് കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കണം.

ജില്ലയില്‍ മുമ്പ് പല കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരുന്നതാണ് ഇവിടെ കുഴപ്പങ്ങള്‍ വര്‍ധിക്കാന്‍ കാരണമായത്. കേസിലെ വീഴ്ചകള്‍ പഠിച്ചു പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്നും മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു പള്ളങ്കോട് അബ്ദുല്‍ ഖദര്‍ മദനി സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest