Kerala
കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം; സുന്നി കൈരളി മലപ്പുറത്തേക്ക്
വാഹനങ്ങളുമായി എത്തുന്നവർക്ക് പ്രത്യേക നിർദേശം
മലപ്പുറം | അചഞ്ചലമായ ആദര്‍ശത്തെ നെഞ്ചിലേറ്റി സുന്നി കൈരളി മലപ്പുറത്ത് ജനസാഗരം തീര്‍ക്കും. കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തില്‍ നടക്കുന്ന ആദര്‍ശ മഹാസമ്മേളനം കപട നവോഥാനത്തിൻ്റെ അടിവേരറുക്കുന്നതായി മാറും. ബ്രിട്ടീഷ് വിരുദ്ധ സമര പോരാട്ടങ്ങളുടെയും മലപ്പുറം ശുഹദാക്കളുടെയും ചരിത്രഭൂമികയായ വലിയങ്ങാടിയിലാണ് സമ്മേളനം. സമസ്ത സെക്രട്ടറി ആയിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരുടെ നാമധേയത്തിലാണ് എല്ലാവിധ സജ്ജീകരണങ്ങളോടെയും നഗരി ഒരുക്കിയിട്ടുള്ളത്.
വൈകുന്നേരം 4.30 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂ ഹനീഫല്‍ ഫൈസി തെന്നല,
എസ് എം എ സംസ്ഥാന പ്രസിഡൻ്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുർ റഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുല്ല സഖാഫി എളമരം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ അലി അബ്ദുല്ല, ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, പി എം മുസ്തഫ കോഡൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീന്‍ ഫാളിലി എന്നിവര്‍ പ്രസംഗിക്കും.
ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കുന്നതിന് വിവിധ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും നിസ്‌കരിക്കാനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സംവിധാനങ്ങളും ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരിയിലും പരിസരങ്ങളിലും വളണ്ടിയര്‍മാരുടെ സേവനവുമുണ്ടാകും.
വാഹനങ്ങളുമായി എത്തുന്നവർക്ക് പ്രത്യേക നിർദേശം
കേരള മുസ്‌ലിം ജമാഅത്ത് ആദര്‍ശ സമ്മേളനത്തിലേക്ക് കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മുണ്ടുപറമ്പ് ബൈപ്പാസില്‍ ആളെ ഇറക്കി മഅ്ദിന്‍ പ്രധാന ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുന്നുമ്മലില്‍ ആളെ ഇറക്കി എം എസ്പി പരിസരത്തും കോട്ടക്കല്‍ ഭാഗത്ത് നിന്ന് വരുന്നവര്‍ കോട്ടപ്പടി ബൈപ്പാസില്‍ ആളെ ഇറക്കി കോഡൂര്‍, മാണൂര്‍ ഗ്രൗണ്ടുകളിലും വേങ്ങര ഭാഗത്ത് നിന്ന് വരുന്നവര്‍ കോല്‍മണ്ണ കളപ്പാടന്‍ ഓഡിറ്റോറിയത്തിന് സമീപം ആളെ ഇറക്കി സമീപത്തുള്ള ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.