Malappuram
കേരള മുസ്ലിം ജമാഅത്ത് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച മലപ്പുറത്ത്
സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആയിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ വലിയങ്ങാടിയില്‍ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം.
മലപ്പുറം | സുന്നി ആദര്‍ശത്തിന്റെ കാവലാളുകളായി പതിനായിരങ്ങള്‍ വെള്ളിയാഴ്ച മലപ്പുറത്ത് സംഗമിക്കും. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആദര്‍ശ സമ്മേളനം സമസ്തയുടെ വിശുദ്ധ പാരമ്പര്യത്തിന്റെ ഉജ്ജ്വലമായ അടയാളപ്പെടുത്തലായി മാറും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആയിരുന്ന കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ വലിയങ്ങാടിയില്‍ സജ്ജീകരിച്ച നഗരിയിലാണ് സമ്മേളനം. ജനുവരി 20ന് വൈകുന്നേരം 4.30 ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കാലങ്ങളായി നടന്നുവരുന്ന ആദര്‍ശപ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‍ലിം ജമാഅത്താണ് സംഘാടകര്‍. സ്വാതന്ത്ര്യ സമര കാലത്തെ ക്രൂരമായ അടിച്ചമര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ പിന്തള്ളപ്പെട്ട മുസ്ലിം സമുദായത്തെ കൈപ്പിടിച്ചുയര്‍ത്തുകയും നവോഥാനത്തിന്റെയും പാരമ്പര്യത്തിന്റെയും വഴിയിലൂടെ നടത്തുകയും ചെയ്ത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരളത്തില്‍ മതസൗഹൃദവും സാമൂഹിക പാരസ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച ചരിത്രമാണ് സമസ്തയുടേത്. നാടിന്റെ ഈ പാരമ്പര്യത്തെ കളങ്കപ്പെടുത്തുകയും മുസ്ലിം യുവാക്കളെ വിഘടനചിന്തകളിലേക്ക് നയിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടുമുള്ള ആശയപരമായ ചെറുത്തുനില്‍പിന് വേഗം പകരുന്നതാകും മലപ്പുറത്തു നടക്കുന്ന ആദര്‍ശസമ്മേളനം. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇസ്ലാമികാദര്‍ശങ്ങളും നിലപാടുകളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കൂടി സമ്മേളനം ലക്ഷ്യം വെക്കുന്നു.
സലഫിസവും രാഷ്ട്രീയ ഇസ്ലാമും ഉള്‍പ്പെടെ വര്‍ഗീയതക്കും തീവ്രവാദത്തിനും വഴിവെക്കുന്ന ആശയധാരകള്‍ക്കെതിരെ നേരായ ദിശയിലുള്ള പ്രബോധന പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കേരള മുസ്ലിം സമുദായത്തെ സമസ്തയുടെ സമുന്നത നേതൃത്വം സംരക്ഷിച്ചത്. ഇസ്ലാമിന്റെ ആശയാദര്‍ശങ്ങളിലേക്ക് കടന്നുകയറി ലോകത്തെ ഭൂരിഭാഗം പരമ്പരാഗത മുസ്ലിംകളെയും മതത്തിന് പുറത്തുനിര്‍ത്താനുള്ള സലഫിസത്തിന്റെ നിരന്തരമായ നീക്കങ്ങളും തൗഹീദിനും തിരുനബി ചര്യകള്‍ക്കും വിരുദ്ധമായ പ്രവണതകളും ഇസ്ലാമിക സംസ്‌കൃതികളെയും ആചാരങ്ങളെയും വികലമാക്കാനുള്ള സലഫീശ്രമങ്ങളെയും സമസ്ത പ്രതിരോധിച്ചു.
എല്ലാ വിഭാഗം ജനങ്ങളോടും സ്നേഹത്തോടും സൗഹൃദത്തോടും വര്‍ത്തിക്കുന്നതാണ് സമസ്തയുടെ പ്രഖ്യാപിത നയം. ഈ പണ്ഡിതനേതൃത്വത്തിന് കീഴില്‍ മുസ്ലിം സമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കേരള മുസ്ലിം ജമാഅത്ത് ബദ്ധശ്രദ്ധരാണ്. ഈ സന്ദേശം കൂടിയാണ് സമ്മേളനത്തിലൂടെ പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 4 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സി. മുഹമ്മദ് ഫൈസി, കെ.കെ അഹ്മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, എന്‍.അലി അ്ബ്ദുള്ള, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വൈ നിസാമുദ്ദീന്‍ ഫാളിലി എന്നിവര്‍ പ്രസംഗിക്കും.
ജില്ലക്കകത്ത് നിന്നും പുറത്ത് നിന്നുമെത്തുന്ന പതിനായിരങ്ങളെ വരവേല്‍ക്കുന്നതിന് വിവിധ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനും നിസ്‌കരിക്കാനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വളണ്ടിയര്‍ സംവിധാനവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിശാലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.