Connect with us

articles

കേരള മുസ്്ലിം ജമാഅത്ത് ഉമ്മത്തിനെ പുതുക്കി പണിയുന്നു

സമസ്ത തുടങ്ങിവെച്ചത് വര്‍ധിത ഉള്ളടക്കത്തോടെ പൂര്‍ത്തീകരിക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. നമ്മുടെ മുമ്പില്‍ സമയബന്ധിതമായ ഒരു കര്‍മപദ്ധതിയുണ്ട്. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ല. കേരളത്തെ മാത്രമായി ഊന്നുന്നതുമല്ല. പിന്നാക്കാവസ്ഥയില്‍ തുടരുന്ന ഏത് ജനവിഭാഗവും ദേശഭാഗവും രാജ്യപുരോഗതിക്ക് ആഘാതമാകുമെന്ന് മുസ്‌ലിം ജമാഅത്ത് കരുതുന്നു.

Published

|

Last Updated

2006ല്‍ ഇന്ത്യന്‍ സര്‍ക്കാറിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ഇങ്ങനെ പറയുന്നുണ്ട്- “മുസ്‌ലിംകളും മറ്റ് പുരോഗതി പ്രാപിച്ച സമൂഹങ്ങളും തമ്മിലുള്ള വിടവ് സ്വാതന്ത്ര്യാനന്തരം കൂടിവരികയാണുണ്ടായത്. 1980 മുതല്‍ ഈ വിടവിന് ആക്കം കൂടുന്നതും കാണാനുണ്ട്. നേട്ടങ്ങള്‍ സ്വായത്തമാക്കുന്നിടത്ത് മുസ്‌ലിം സമുദായം ചിതറിപ്പോകുന്നതാണ് കാണാനുണ്ടായിരുന്നതെങ്കില്‍ പരമ്പരാഗതമായി പിന്നില്‍ നില്‍ക്കുന്ന എസ് സി, എസ് ടി സമുദായക്കാര്‍ പല മേഖലകളിലും മുസ്‌ലിംകളെ പിന്നിലാക്കുന്നത് കാണാനുണ്ടായിരുന്നു.

അതേസമയം, സ്വാതന്ത്ര്യലബ്ധി സമയത്ത് സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ ഇവര്‍ മുസ്‌ലിംകളേക്കാള്‍ എത്രയോ പിന്നിലായിരുന്നു’ (സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട്, പുറം 103)
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങളാല്‍ എന്ന് ഉത്തരം പറയാം. പക്ഷേ, സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യയുടെ “മഹനീയമായ’ വര്‍ത്തമാനത്തിലും ഉപരിസൂചിത അവസ്ഥയില്‍ മുസ്‌ലിം സമുദായം തുടരുന്നത് എന്തുകൊണ്ട്? ഗവേഷണം അര്‍ഹിക്കുന്ന ചോദ്യമാണിത്. ആ ചോദ്യത്തിന്റെ ഉത്തരത്തില്‍ രാഷ്ട്രീയ നേതൃത്വവും സാമുദായിക നേതൃത്വവും ഒരു പോലെ പുളയും.

സമുദായം പരിഭ്രമിച്ച് നിന്ന കാലത്ത് അവരുടെ മുമ്പില്‍ സ്വാര്‍ത്ഥ താത്പര്യങ്ങളോടെ വെറുക്കപ്പെട്ട അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചവരും ഉത്തരം പറയേണ്ടി വരും. നാസിരിയ്യത്ത് വാദവും ഹാകിമിയ്യത്ത് വാദവുമെല്ലാം മുസ്‌ലിം സമുദായത്തിന്റെ അജന്‍ഡകള്‍ അട്ടിമറിച്ച വിധം ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇതൊക്കെക്കൊണ്ട് തീവ്രവാദത്തിന്റെ ചാപ്പ കുത്തിനപ്പുറം സമുദായം എന്ത് നേടി എന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. നവോത്ഥാനത്തിന്റെ പേരില്‍ സമുദായത്തെ വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ നിന്ന് അകറ്റിയവരും സാമുദായിക ഉത്ഥാനത്തെ അഫ്‌ളലുല്‍ ഉലമയില്‍ തളച്ചിട്ടവരും ഒരുപോലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. പക്ഷേ സമുദായം അവരെ വിചാരണ ചെയ്യേണ്ടത് പുതിയ ഉയരങ്ങളിലേക്ക് മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് വിചാരിക്കുന്നു.

ദേശീയ തലത്തില്‍ തന്നെ മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥക്ക് വേണ്ടി ആസൂത്രണങ്ങള്‍ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് അതിന് നേതൃത്വം നല്‍കി. മുസ്‌ലിം വൈജ്ഞാനിക മുന്നേറ്റം മരവിപ്പിച്ചും മലയാളത്തില്‍ മതം പഠിപ്പിച്ചുമെല്ലാം അവര്‍ അതിന് നിലമൊരുക്കി. കപട നവോത്ഥാന വാദികള്‍ ഈ കൊടും ചതിക്ക് അറിഞ്ഞ് തന്നെ കൂട്ടുനിന്നു. സമുദായത്തിന്റെ ഒഴുക്ക് നിലച്ചുപോയതിന് ഇതാണ് കാരണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അവസരോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ നാസിരിയ്യത്ത്, ഹാകിമിയ്യത്ത് വാദങ്ങളില്‍ കുരുങ്ങി ഈ സമുദായം വഴിയില്‍ നിലച്ചുപോകുമായിരുന്നു. കേരളീയ മുസ്‌ലിംകള്‍ ഈ പണ്ഡിത സഭയോട് ഏറെ കടപ്പെട്ടിരിക്കുന്നു.

സമുദായത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനം എന്ന നിലയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും അതിന്റെ നേതൃത്വവും എന്നും ഓര്‍ക്കപ്പെടും പക്ഷേ, അപ്പോഴും സച്ചാര്‍ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവയുടെ റിപോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്. മാറി വന്ന സര്‍ക്കാറുകള്‍ ആ റിപോര്‍ട്ടുകളിന്‍ മേല്‍ അടയിരിക്കുന്നത് തുടരുകയുമാണ്. സമുദായത്തെ പിന്നാക്കം വലിച്ചവരെ നാം ഒരു വിധത്തില്‍ പിടിച്ചുകെട്ടി എന്ന് പറയുമ്പോഴും ആ ശ്രമങ്ങള്‍ക്കിടയില്‍ പിന്നാക്കാവസ്ഥയെ മറികടന്ന് മുന്നോട്ട് പോകാന്‍ സാധ്യമാകാത്ത സാഹചര്യം നിലനില്‍ക്കുന്നതായി ഇത്തരം റിപോര്‍ട്ടുകള്‍ വിളിച്ചു പറയുന്നു.

ഇവിടെ ഒരു പുതുക്കിപ്പണിയല്‍ അനിവാര്യമായിരിക്കുന്നു. ഉമ്മത്തിന്റെ നവനിര്‍മാണ പ്രക്രിയക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. കേരള മുസ്‌ലിം ജമാഅത്ത് നിലവില്‍ വന്നത് മുതല്‍ അതിന്റെ ആലോചനകളും ആസൂത്രണങ്ങളും ഈ ദിശയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. സാമ്പ്രദായിക അജന്‍ഡകള്‍ക്ക് അപ്പുറത്തേക്ക് പ്രസ്ഥാനത്തിന്റെ ചിന്തകള്‍ക്ക് വികാസം സംഭവിച്ചിരിക്കുന്നു. സമസ്ത തുടങ്ങിവെച്ചത് വര്‍ധിത ഉള്ളടക്കത്തോടെ പൂര്‍ത്തീകരിക്കുകയാണ് കേരള മുസ്‌ലിം ജമാഅത്ത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, രാഷ്ട്രീയം തുടങ്ങിയ തലങ്ങളെല്ലാം ഈ നവനിര്‍മാണ പ്രക്രിയയുടെ പരിധിയില്‍ വരേണ്ടതുണ്ടെന്ന് മുസ്‌ലിം ജമാഅത്ത് വിചാരിക്കുന്നു.

നമ്മുടെ മുമ്പില്‍ ഇപ്പോള്‍ ഒരു (വിഷന്‍) കാഴ്ചപ്പാടുണ്ട്. തദനുസൃതമായ ഒരു മാസ്റ്റര്‍ പ്ലാനുണ്ട്. സമയബന്ധിതമായ ഒരു കര്‍മപദ്ധതിയുണ്ട്. ഇത് മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യം വെക്കുന്നതല്ല. കേരളത്തെ മാത്രമായി ഊന്നുന്നതുമല്ല. പിന്നാക്കാവസ്ഥയില്‍ തുടരുന്ന ഏത് ജനവിഭാഗവും ദേശഭാഗവും രാജ്യപുരോഗതിക്ക് ആഘാതമാകുമെന്ന് മുസ്‌ലിം ജമാഅത്ത് കരുതുന്നു.

കേരളത്തില്‍ നിന്ന് ആരംഭിച്ച് ദേശീയ തലത്തിലേക്ക് വികാസം കൊള്ളുന്നതും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതുമായ ഉമ്മത്തിന്റെ നവനിര്‍മാണ പ്രക്രിയക്ക് കേരള മുസ്‌ലിം ജമാഅത്ത് തുടക്കം കുറിച്ചിരിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സംഘടനാ സംവിധാനങ്ങളുടെ വികേന്ദ്രീകരണം എന്നിവക്ക് ഊന്നല്‍ നല്‍കിയാണ് ആദ്യ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഈ ലക്ഷ്യത്തോടെ തന്നെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പറഞ്ഞല്ലോ. നമുക്കിപ്പോള്‍ ദിശാബോധമുണ്ട്. ഉള്ളടക്കമുള്ള കാഴ്ചപ്പാടും സമയബന്ധിതമായ ഒരു കര്‍മപദ്ധതിയുമുണ്ട്. ലഭ്യമായതില്‍ വെച്ചേറ്റവും ദീര്‍ഘദൃക്കായ ഒരു നേതൃത്വമുണ്ട്. കേരളത്തിന്റെ ഗ്രാമാന്തരങ്ങളില്‍ പോലും പ്രസ്ഥാനത്തിന്റെ ആഹ്വാനങ്ങള്‍ ചെവിയോര്‍ത്ത് നില്‍ക്കുന്ന പ്രവര്‍ത്തക വൃന്ദമുണ്ട്. നമ്മുടെ മണ്ണ് സമ്പന്നമാണ്.

പുതിയ ഉയിര്‍പ്പിലേക്ക് ഉമ്മത്തിനെ നയിക്കാന്‍ മുസ്‌ലിം ജമാഅത്ത് വര്‍ധിത വീര്യത്തോടെ തയ്യാറെടുക്കുകയാണ്. നമ്മള്‍ കൂടെ നില്‍ക്കണം. പൊതുസമൂഹത്തെ കൂടെ നിര്‍ത്തണം. നാളെ ജനുവരി 17, നവ മുന്നേറ്റങ്ങള്‍ക്കായി ശക്തി സമാഹരിക്കുന്ന ദിവസം. പ്രസ്ഥാനത്തിന് വേണ്ടി ഊര്‍ജസ്വലരാകുക.

(കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Latest