Connect with us

From the print

കേരള മുസ്‌ലിം ജമാഅത്ത്: സാമൂഹിക മുന്നേറ്റത്തിന് പുതിയ ദിശ; പദ്ധതി പ്രഖ്യാപന സമ്മേളനം നാളെ

സംഗമം കോഴിക്കോട് കടപ്പുറത്ത്

Published

|

Last Updated

കോഴിക്കോട് | സാമൂഹിക മുന്നേറ്റത്തിന്റെ പുതിയ ദിശ തെളിയിച്ച് കേരള മുസ്‌ലിം ജമാഅത്ത് പദ്ധതി പ്രഖ്യാപന സമ്മേളനം നാളെ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന സംഗമം സമുദായത്തിനകത്ത് തെറ്റിദ്ധാരണകൾ പരത്തി മത വിഷയങ്ങളെ വികലമാക്കുന്ന ശക്തികൾക്കെതിരെ കടുത്ത നിലപാട് പറയും. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സമ്മേളനം. യൂനിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത പ്രത്യേകം പ്രതിനിധികൾക്കാണ് സൗകര്യം. 15,000 പേരാണ് സ്ഥിരാംഗങ്ങൾ. സമ്മേളനം വീക്ഷിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.
വൈകിട്ട് നാലിനാരംഭിക്കുന്ന സമ്മേളനത്തിൽ കർമപദ്ധതികളുടെ പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും.

വരും തലമുറയെ ധാർമിക വഴിയിലൂടെ സാമൂഹിക മുന്നേറ്റത്തിനുതകുന്ന തരത്തിൽ വളർത്തിയെടുക്കാനുള്ള ഒട്ടേറെ പദ്ധതികളും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം എന്നീ രംഗങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കാനുതകുന്ന ആശയങ്ങളും സമ്മേളനം പങ്കുവെക്കും. സൗഹൃദ കേരളം, അവശവിഭാഗങ്ങൾക്ക് കൈത്താങ്ങ്, ലഹരി- മയക്കുമരുന്നുകളുടെ പിടിയിൽ നിന്ന് മോചനം, കാൽലക്ഷം സന്നദ്ധ സേവകരെ പ്രവർത്തനസജ്ജരാക്കൽ, ഹോം കെയർ, ക്ലിനിക്കുകൾ, ദാറുൽ ഖൈർ, വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും പരിഗണിച്ച് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽ ഹോസ്റ്റലുകൾ, വർഗ ബഹുജന വിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള പദ്ധതികൾ, ചരിത്ര പഠനം, ആദർശ പഠനം തുടങ്ങിയ കാര്യങ്ങളിലെ പ്രായോഗികവത്കരണവും വിശദമായി ചർച്ച ചെയ്യും. പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും അണിനിരക്കുന്ന വേദിയിൽ സംഘടനയുടെ സമുന്നതരായ നേതാക്കൾ സെഷനുകൾ അവതരിപ്പിക്കും.

സമസ്ത മുശാവറ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കാലിക്കറ്റ് ടവർ മിനിഹാളിലാണ് യോഗം.

Latest