Kerala
കേരള മുസ്‍ലിം ജമാഅത്ത് സംഘടനാ സ്‌കൂള്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു
12448 പേര്‍ പരീക്ഷ എഴുതിയതില്‍ 2555 പേര്‍ എ ഗ്രേഡും, 1589 പേര്‍ ബി ഗ്രേഡും, 1177 പേര്‍ സി ഗ്രേഡും നേടി.
കോഴിക്കോട് | കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടത്തിയ സംഘടനാ സ്‌കൂള്‍ ഒന്നാം സെമസ്റ്ററിലെ ക്ലാസ്സുകളിലെ പഠിതാക്കള്‍ക്കായി സെപ്തംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി നടത്തിയ പരീക്ഷ ഫലം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സോണിലെ മോളൂര്‍ യൂണിറ്റിലെ മുഹമ്മദലി എം ടി, തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് സോണിലെ മുതുവമ്മല്‍ യൂണിറ്റിലെ മുഹമ്മദലി, മലപ്പുറം ജില്ലയിലെ വണ്ടൂര്‍ സോണിലെ കാവുങ്ങല്‍ യൂണിറ്റിലെ സി പി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ എന്നിവര്‍ നൂറു ശതമാനം മാര്‍ക്ക് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
സംഘടന, സംഘാടനം, സംഘാടകന്‍ എന്നീ വിഷയങ്ങളില്‍ നടത്തിയ സംഘടനാ സ്‌കൂള്‍ ക്ലാസ്സുകളില്‍ പതിനയ്യായിരം പേര്‍ പഠിതാക്കളായി എത്തിച്ചേർന്നിരുന്നു. പൂര്‍ണ്ണമായും ക്ലാസ്‌റൂം സിസ്റ്റത്തില്‍ നടത്തിയ സംഘടനാ സ്‌കൂളിൽ സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളില്‍ 600 ട്യൂട്ടര്‍മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. 12448 പേര്‍ പരീക്ഷ എഴുതിയതില്‍ 2555 പേര്‍ എ ഗ്രേഡും, 1589 പേര്‍ ബി ഗ്രേഡും, 1177 പേര്‍ സി ഗ്രേഡും നേടി.
പാലക്കാട് ജില്ലയിലെ നെയ്തല യൂണിറ്റിലെ സിദ്ധീഖ്, കോഴിക്കോട് ജില്ലയിലെ പാലക്കുറ്റി യൂണിറ്റിലെ മമ്മിക്കുട്ടി മുസ്‍ലിയാര്‍, കൂയ്‌തേരി യൂണിറ്റിലെ മുഹമ്മദ് മുസ്‍ലിയാര്‍, ചീക്കിലോട് യൂണിറ്റിലെ അബ്ദുല്ല, തൃശ്ശൂര്‍ ജില്ലയിലെ ഏറിയാട് യൂണിറ്റിലെ അബ്ദുല്‍ ഖാദിര്‍, കണ്ണൂര്‍ ജില്ലയിലെ കൈതേരി പതിനൊന്നാം മൈലിലെ ഒ പി അബൂബക്കര്‍ എന്നീ പഠിതാക്കള്‍ എണ്‍പത് വയസ്സിന് മുകളില്‍ പ്രായം ഉള്ളവരാണ്.
ഫല പ്രഖ്യാപന ചടങ്ങളില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ കെ കെ അഹമ്മദ് കുട്ടി മുസ്‍ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, എം എന്‍ കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാൻ ഫൈസി, സി പി സൈതലവി, മജീദ് കക്കാട്, മുസ്ഥഫ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.