Connect with us

Kerala

മുസ്ലിംങ്ങള്‍ക്കെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും പിന്‍മാറണം: കേരള മുസ്ലിം ജമാഅത്ത്

കേരളത്തില്‍ മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണം ദുരുപധിഷ്ഠിതവും വസ്തുതകള്‍ക്ക് നിരക്കാത്തതും നിരുത്തരവാദപരവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍

Published

|

Last Updated

തൃശൂര്‍ |  കേരളത്തില്‍ മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നു എന്ന ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണം ദുരുപധിഷ്ഠിതവും വസ്തുതകള്‍ക്ക് നിരക്കാത്തതും നിരുത്തരവാദപരവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിംകള്‍ക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ച് വിട്ട് സാമൂഹികവും സാമുദായികവുമായ ധ്രുവീകരണം ഉണ്ടാക്കുന്ന ഛിദ്രശക്തികള്‍ക്ക് വളം നല്‍കാനേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കൂ. അസത്യം പ്രചരിപ്പിക്കുന്ന ഇത്തരക്കാര്‍ക്ക് പിറകില്‍ ഹിഡന്‍ അജന്‍ഡകള്‍ ഉള്ളതായി മനസ്സിലാക്കണം. നിയമസഭയില്‍ സര്‍ക്കാര്‍ വെച്ച രേഖകള്‍ ഇത്തരം ആക്ഷേപങ്ങളെ വ്യക്തമായും നിരാകരിക്കുന്നുണ്ട്. അനര്‍ഹമായത് നേടിയില്ലെന്നത് മാത്രമല്ല, അര്‍ഹമായത് ലഭിച്ചിട്ടില്ല എന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. സത്യത്തിനെതിരെ പ്രചാരണം നടത്തുന്നവര്‍ അതില്‍ നിന്നും പിന്‍മാറണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

മദ്റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു എന്ന കുപ്രചരണം നടത്തി വസ്തുതകള്‍ തമസ്‌ക്കരിക്കുന്നവര്‍ക്ക് ചൂട്ട് പിടിച്ച് കൊടുക്കുകയാണ് സമൂഹത്തിലെ ചിലര്‍. കേരളത്തില്‍ ഒരു മദ്റസ അധ്യാപകനും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ല. അസത്യം പ്രചരിപ്പിക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേരളത്തിലെ ജനങ്ങളുടെ സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുന്നതിന് ജാതി സെന്‍സസ് നടപ്പിലാക്കണം. കാന്തപുരത്തിന് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കി എന്ന പ്രസ്താവനയുടെ നിജസ്ഥിതി സര്‍ക്കാര്‍ പുറത്ത് കൊണ്ടുവരണം. ഒരു തുണ്ട് ഭൂമി പോലും കാന്തപുരത്തിന്റെ പ്രസ്ഥാനം സര്‍ക്കാറില്‍ നിന്ന് നേടിയിട്ടില്ല. മാന്യതയുണ്ടെങ്കില്‍ അത് തെളിയിക്കണം. ആരെ പ്രീതിപ്പെടുത്താനും ആരില്‍ നിന്ന് കാര്യങ്ങള്‍ തന്ത്രത്തില്‍ നേടിയെടുക്കാനും ആരുടെ താത്പര്യപ്രകാരവുമാണ് ഈ അസത്യ പ്രസ്താവനയെന്ന് തെളിയേണ്ടതുണ്ട്. അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന പണ്ഡിത പ്രതിഭയായ കാന്തപുരത്തെ മോശമാക്കി പറഞ്ഞത് തിരുത്തണം. സ്വന്തം കാര്യങ്ങള്‍ നേടിയെടുക്കാനുള്ള കുത്സിത ശ്രമങ്ങളുടെ ഭാഗമായി മാത്രമേ ഇത്തരം പ്രസ്താവനകളെ കാണാന്‍ കഴിയൂവെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സാമൂഹിക- സാംസ്‌കാരിക- വിദ്യാഭ്യാസ- ആരോഗ്യ സേവന മേഖലയില്‍ 5000 ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ സംഘടന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനുള്ള പരിശീലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിവിധ മത വിശ്വാസികള്‍ക്കിടയില്‍ പരസ്പര സൗഹൃദവും സ്നേഹവും വളര്‍ത്തിയെടുക്കാന്‍ പ്രാദേശിക ഗ്രാമ സംഗമങ്ങള്‍ ചേരും. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളെ വീണ്ടെടുക്കുന്നതിനും പാരന്റിംഗില്‍ കൃത്യമായ അവബോധം നല്‍കാനും രണ്ട് ലക്ഷം കുടുംബനാഥകള്‍ക്ക് സമഗ്ര പരിശീലനം നല്‍കും. ഈ പ്രവര്‍ത്തനങ്ങളുമായി കേരള മുസ്ലിം ജമാഅത്ത് മുന്നോട്ട് പോവുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി, സെക്രട്ടറിമാരായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി, മജീദ് കക്കാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest