PLUS ONE SEAT
മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കണ്ടറി പ്രവേശനത്തില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് കേരള മുസ്ലിം ജമാഅത്ത്
ജില്ലയിലെ വിവിധ സംഘടനകളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള നടപടിക്ക് സര്‍ക്കാര്‍ ഇനിയും മുന്നോട്ട് വരാത്തത് ഖേദകരവും ജില്ലയിലെ വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കുന്നതുമാണ്
മലപ്പുറം | ഹയര്‍ സെക്കണ്ടറി അലോട്ട്‌മെന്റ് നടപടികള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കെ ഉയര്‍ന്ന ഗ്രേഡ് നേടിയവരടക്കം 36,367 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാതെ പുറത്ത് നില്‍ക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ചതിന് ശേഷം നടത്തിയ അലോട്ട്‌മെന്റാണിത്. ജില്ലയിലെ വിവിധ സംഘടനകളും ജനപ്രതിനിധികളും നിരന്തരം ആവശ്യപ്പെട്ടിട്ടും ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ചുള്ള നടപടിക്ക് സര്‍ക്കാര്‍ ഇനിയും മുന്നോട്ട് വരാത്തത് ഖേദകരവും ജില്ലയിലെ വിദ്യാര്‍ത്ഥികളെ വേദനിപ്പിക്കുന്നതുമാണ്.
77,837 അപേക്ഷകരില്‍ 30,882 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചിരിക്കുന്നത്. 10,588 സംവരണ സീറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അത് തന്നെ മുന്നോക്ക സംവരണത്തിലെ പിന്നാക്കക്കാര്‍ക്കും മറ്റുമാണ്. പുതിയ ബാച്ചും കോഴ്‌സും അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് ഒരു നിലക്കും അംഗീകരിക്കാനാകില്ലെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ജില്ല പ്രസിഡന്റ് കൂറ്റംമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി എം മുസ്തഫ കോഡൂര്‍, എം എന്‍ കുഞ്ഞഹമദ് ഹാജി, സയ്യിദ് കെ കെ എസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂര്‍, യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, പി കെ എം ബശീര്‍ പടിക്കല്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ പി ജമാല്‍ കരുളായി എ അലിയാര്‍ വേങ്ങര സംബന്ധിച്ചു.