independence day 2023
കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കും
ഇക്കാലത്ത് സ്വാതന്ത്ര്യദിനം ഉചിതമായ രീതിയില്‍ ആഘോഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
കോഴിക്കോട് | ഇന്ത്യയുടെ എഴുപത്താറാം സ്വാതന്ത്ര്യദിനം കേരള മുസ്ലിം ജമാഅത്ത് സമുചിതമായി ആഘോഷിക്കും. രാജ്യത്തിന്റെ വിശേഷപ്പെട്ട ബഹുസ്വരത തകര്‍ക്കാന്‍ ഗൂഢ നീക്കവും ഭാരതീയരെ തമ്മിലടിപ്പിക്കാന്‍ എല്ലാ കള്ളപ്രചാരണ വേലകളും നടത്തുന്ന ഇക്കാലത്ത് സ്വാതന്ത്ര്യദിനം ഉചിതമായ രീതിയില്‍ ആഘോഷിക്കേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
നാം ഇന്ത്യക്കാരാണെന്നും എല്ലാ ഭാരതീയരും മാതൃരാജ്യത്തിന്റെ അഖണ്ഡതക്കായി നിലകൊള്ളേണ്ടവരാണെന്നും പരസ്പര സ്‌നേഹസൗഹൃദങ്ങള്‍ സൂക്ഷിക്കേണ്ടവരാണെന്നും പഠിപ്പിക്കാന്‍ ഈ സ്വാതന്ത്ര്യദിനാഘോഷം കൊണ്ട് സാധിക്കണം. ചൊവ്വാഴ്ച രാവിലെ എട്ടിന് എല്ലാ യൂനിറ്റുകളിലും ദേശീയപതാക ഉയര്‍ത്തല്‍, മധുരവിതരണം എന്നിവ നടത്തിയും വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചും ദേശീയഗാനം ആലപിച്ചും സമുചിതമായി ആഘോഷിക്കണമെന്ന് എല്ലാ യൂനിറ്റുകളോടും സംസ്ഥാന ക്യാബിനറ്റ് അഭ്യര്‍ഥിച്ചു.
യോഗത്തില്‍ കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടപ്പാറ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുസ്തഫ കോഡൂര്‍ സംബന്ധിച്ചു.