Articles
വേണം കേരളത്തിനൊരു മൂല്യജീവിത പദ്ധതി
കണ്ടുകണ്ടങ്ങിരിക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്ക്/യുവാക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്. നല്ല പിള്ളകളായി സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവര്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ തേറ്റ മുളച്ച് രക്തരക്ഷസ്സുകളാകുന്നത്. ആരാണ് അവരുടെ കൈകളിലേക്ക് ആയുധം വെച്ചുപിടിപ്പിക്കുന്നത്. എല്ലാത്തിനുമുള്ള ഒരുത്തരം ഭീകരരൂപമാര്‍ജിച്ച് നമ്മുടെ മുമ്പിലുണ്ട്.

അവര്‍ അഞ്ച് പേര്‍. നിഷ്ഠുരമായി കൊലചെയ്യപ്പെട്ടവര്‍. നാല് പേരും കൊലയാളിയുടെ ഉറ്റവര്‍. ഒരാള്‍ സുഹൃത്ത്. അവളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതാണ്; കൊല്ലാന്‍ വേണ്ടിത്തന്നെ. അവന് ജന്മം നല്‍കിയ മാതാവ് ആശുപത്രിക്കിടക്കയിലാണ്. അവര്‍ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് ആഗ്രഹിക്കാം, പ്രാര്‍ഥിക്കാം. അഫ്നാന്‍ കൊന്നുകളഞ്ഞ കൊച്ചനുജന്‍ അഫ്സാന്റെ മുഖം എങ്ങനെ മറക്കാനാണ്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ വന്ന് ഉമ്മയെ തിരക്കിയിരുന്നു അഫ്സാന്‍. അവനെയാണ് ജ്യേഷ്ഠന്‍ അകത്തേക്ക് കൊണ്ടുപോയി ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയത്. കൂടപ്പിറപ്പില്‍ നിന്ന് അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചിരിക്കില്ല ആ കുട്ടി.
കൂട്ടക്കൊലയിലേക്ക് നയിച്ച കാരണങ്ങളെന്തെല്ലാമെന്ന് പോലീസ് കണ്ടെത്തുമായിരിക്കും. പിതാവിന്റെ സാമ്പത്തിക ബാധ്യത മുതല്‍ പ്രണയത്തോടുള്ള വീട്ടുകാരുടെ എതിര്‍പ്പ് വരെ കാരണമായി പറയപ്പെടുന്നുണ്ട്. ഒന്നും വിശ്വാസ യോഗ്യമല്ല. അടിമുടി ദുരൂഹതകള്‍ നിറഞ്ഞ കൂട്ടക്കൊലയാണ്. ആറ് മണിക്കൂറിനുള്ളില്‍ അഞ്ച് കൊലകള്‍. മാതാവിനെയും കൊല്ലാന്‍ തന്നെയാണ് ലക്ഷ്യമിട്ടത്. ചാനലുകള്‍ വാര്‍ത്ത ആദ്യം പുറത്തെത്തിക്കുമ്പോള്‍ കൂടെ ചോദ്യ ചിഹ്നമിട്ടിരുന്നു. സംഭവിക്കാന്‍ സാധ്യതയില്ലാത്തതിന്റെ അവിശ്വസനീയതയാണ് ആ ചിഹ്നം ദ്യോതിപ്പിച്ചത്. കൊലയാളിയായ യുവാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായി താന്‍ ആറ് പേരെ കൊന്നു എന്ന് മൊഴി നല്‍കിയതിനെ മാത്രം മുഖവിലക്കെടുത്ത് തീര്‍പ്പിലേക്കെത്താന്‍ കഴിയില്ലല്ലോ. കാഴ്ചയില്‍ കുഴപ്പങ്ങളൊന്നുമില്ലാത്ത, ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരാളാണ് മൊഴി നല്‍കുന്നത് എന്നതിനാല്‍ അവിശ്വസനീയതയുടെയും അസാധ്യതയുടെയും അന്തരീക്ഷം ആദ്യ മിനുട്ടുകളില്‍ ഉണ്ടായിരുന്നു. പക്ഷേ വളരെപ്പെട്ടെന്ന് തന്നെ സംഗതി സത്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.
വാര്‍ത്ത പുറത്തുവന്നയുടനെ മാധ്യമങ്ങള്‍ സമീപവാസികളുടെയും നാട്ടിലെ പൊതുപ്രവര്‍ത്തകരുടെയും പ്രതികരണം തേടിയിരുന്നു. അവരെല്ലാവരും ഏകോപിച്ച രണ്ട് കാര്യം, അഫ്നാന്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല, അത്ര നല്ല പെരുമാറ്റമായിരുന്നു എന്നാണ്. ആ വീട്ടില്‍ സാമ്പത്തിക ബാധ്യത ഉള്‍പ്പെടെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അവര്‍ക്കറിയില്ല എന്നതാണ് മറ്റൊരു കാര്യം. ഇത് രണ്ടും പ്രധാനമാണ്. ഒരുവിധ അലമ്പ് കേസിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്ന ആളല്ല എന്ന് മാത്രമല്ല, നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഉടമയാണ് എന്നുകൂടി സാക്ഷ്യപ്പെടുത്തുന്നു നാട്ടുകാര്‍. അങ്ങനെയൊരു യുവാവ് എങ്ങനെയാണ് ഇത്ര ക്രൂരമായ കൂട്ടക്കൊലയിലേക്ക് തീരുമാനിച്ചിറങ്ങിയത്? ഏത് നിമിഷത്തിലാകും അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ ദൃഢനിശ്ചയമെടുത്തത്. തുടരെത്തുടരെയുള്ള കൊലകളല്ല നടന്നത്. ആറ് മണിക്കൂറിന്റെ ഇടവേളയിലാണ് കൊലകള്‍ നടക്കുന്നത്. ആദ്യം ആക്രമിച്ചത് ഉമ്മയെ ആയിരുന്നു എന്നാണല്ലോ പോലീസ് പറയുന്നത്. ആ നേരത്ത് ഉമ്മ കരഞ്ഞിട്ടുണ്ടാകില്ലേ? എന്നിട്ടും മകനെ രക്ഷിക്കാന്‍ വേണ്ടി ഒരു ഘട്ടത്തില്‍ ആ ഉമ്മ ഡോക്ടറോട് പറഞ്ഞത്രേ, കട്ടിലില്‍ നിന്ന് വീണ് പരുക്ക് പറ്റിയതാണെന്ന്. മക്കളുടെ ഏത് കൊടിയ തെറ്റിനും മാപ്പ് നല്‍കുന്ന മഹാമനസ്‌കതയുടെ പേരാണ് മാതൃത്വം. അഫ്നാന്റെ അടുത്ത ഇര പിതാവിന്റെ ഉമ്മയായിരുന്നു. സ്വന്തം ശരീരത്തിലേക്ക് ചുറ്റിക ആഞ്ഞുപതിക്കുമ്പോള്‍ കൊടിയ വേദനയുടെ നേര്‍ത്ത ശബ്ദമെങ്കിലും അവര്‍ പുറപ്പെടുവിച്ചിരിക്കണം. അത് കേട്ടിട്ടും, ചുറ്റികയടിയേറ്റ് വീണ അവരുടെ ശരീരം കണ്ടിട്ടും കൊലയാളിക്ക് കുലുക്കമുണ്ടായില്ല. പിന്നെയാണ് പിതൃസഹോദരനെയും ഭാര്യയെയും തേടിയെത്തിയത്. ഒടുവില്‍ പെണ്‍സുഹൃത്തിനെയും സ്വന്തം അനുജനെയും അതിക്രൂരമായി കൊന്നു. കൊലകള്‍ക്കിടയില്‍ വഴിദൂരവും സമയദൂരവുമുണ്ട്. ഒരു ഘട്ടത്തിലും ആ യുവാവിന് മനഃസ്താപമുണ്ടായില്ല. അടുത്തയാളെ കൊല്ലാതെ വിട്ടേക്കാം എന്ന് തോന്നിയില്ല. “ദൗത്യം’ പൂര്‍ത്തിയാക്കി കുളിച്ച് വസ്ത്രം മാറിയാണ് അഫ്നാൻ പോലീസ് സ്റ്റേഷനില്‍ ഹാജരായത്.
കണ്ടുകണ്ടങ്ങിരിക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്ക്/യുവാക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത്. നല്ല പിള്ളകളായി സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നവര്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ തേറ്റ മുളച്ച് രക്തരക്ഷസ്സുകളാകുന്നത്. ആരാണ് അവരുടെ കൈകളിലേക്ക് ആയുധം വെച്ചുപിടിപ്പിക്കുന്നത്. എല്ലാത്തിനുമുള്ള ഒരുത്തരം ഭീകരരൂപമാര്‍ജിച്ച് നമ്മുടെ മുമ്പിലുണ്ട്. ലഹരിയാണത്. കേരളത്തിലിപ്പോള്‍ ലഹരി നിര്‍ബാധം ഒഴുകുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ലഹരിയുണ്ട്. ദേശീയപാതയിലും നാട്ടിടവഴികളിലും ലഹരി സുലഭമാണ്. ഉപയോഗിച്ചുപയോഗിച്ച് ലഹരി എന്ന പദത്തിന് തന്നെയും തേയ്മാനം സംഭവിച്ചിരിക്കുന്നു. പക്ഷേ എല്ലാ കേസുകളിലും വില്ലന്‍ റോളില്‍ ലഹരിയുണ്ട്. വെഞ്ഞാറമൂട്ടില്‍ കൂട്ടക്കൊല നടത്തിയ അഫ്നാന്‍ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് പോലീസ് ഒടുവില്‍ സ്ഥിരീകരിക്കുന്നത്.
എന്തുകൊണ്ട് ലഹരി വ്യാപനം? രണ്ട് ഉത്തരങ്ങള്‍ പറയാം: ജീവിതം ആഘോഷിക്കാനുള്ളതാണെന്ന ലിബറല്‍ ചിന്തയുടെ ദുഃസ്വാധീനം. എന്റെ ജീവിതം, എന്റെ തിരഞ്ഞെടുപ്പ് എന്നാണ് ലിബറലിസം സിദ്ധാന്തിക്കുന്നത്. ലിബറലിസം എന്താണെന്ന് ലളിതമായി ഇങ്ങനെ നിര്‍വചിക്കാം: “സാമൂഹിക ജീവിതത്തില്‍ നിന്ന് വ്യക്തി സങ്കുചിതത്വത്തിലേക്കുള്ള ഒരാളുടെ പറിച്ചുനടലാണ് ലിബറലിസം’. സാമൂഹിക ജീവി എന്നത് വിശാലമായ അര്‍ഥതലങ്ങളുള്ള വിശേഷണമാണ്. അതില്‍ അപരനോടുള്ള കരുതലുണ്ട്, ചുറ്റിലുമുള്ള മനുഷ്യരോടുള്ള പരിഗണനയുണ്ട്. ആ കരുതലും പരിഗണനയുമാണ് നമ്മെ മനുഷ്യരാകാന്‍ യോഗ്യരാക്കുന്നത്. സാമൂഹിക ബാധ്യതകള്‍ വിസ്മരിച്ച്, വ്യക്തിയെ ആഘോഷിച്ച് ആത്മരതിയില്‍ ആറാടുന്ന തലമുറ ഒരു നാടിന് നല്‍കുന്നത് ദുരന്തങ്ങള്‍ മാത്രമാകും. ആഘോഷങ്ങള്‍ക്ക് വീര്യം പകരുന്നത് ലഹരിയാണ്. “വിലയേറിയ’ മയക്കുമരുന്നുകള്‍ യഥേഷ്ടം കിട്ടാനുണ്ട്. ഓണ്‍ലൈനിലും വില്‍പ്പനയുണ്ട്. ഞരമ്പില്‍ ലഹരി പതയ്ക്കുന്നതോടെ ഉള്ളിലെ മനുഷ്യന്‍ പുറത്തേക്കിറങ്ങിപ്പോകും. പിന്നെ എന്ത് ചെയ്യാനും കൈയറയ്ക്കില്ല, ആരുടെ ജീവനും പ്രിയപ്പെട്ടതാകില്ല.
കേസ് നടത്തിപ്പിലെ ഗുരുതരമായ അലംഭാവമാണ് മറ്റൊരു പ്രശ്നം. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ എത്രത്തോളം ജാഗ്രത്താണ്. ലഹരി സംഘങ്ങളുടെ അതിക്രമങ്ങള്‍ എത്രയോ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം അവര്‍ അകത്തുകിടക്കും. അവരെ ജാമ്യത്തിലിറക്കാനും അവര്‍ക്ക് വേണ്ടി പണം ചെലവിടാനും പുറത്ത് ആളുകളുണ്ട്. അവരെ സംരക്ഷിക്കാന്‍ ഉന്നതരുണ്ട്. സുഖചികിത്സക്കെന്ന പോലെയാണ് അവര്‍ ജയിലിലേക്ക് പോകുന്നത്. അവിടെയും അവര്‍ക്ക് കൂട്ടാളികളുണ്ട്. മയക്കുമരുന്ന് കേസുകളില്‍ വേരന്വേഷിച്ചു പോകാന്‍ അന്വേഷണോദ്യോഗസ്ഥര്‍ മിനക്കെടാറില്ല. അവര്‍ക്ക് ഏതാനും ചെറുമീനുകളെ കിട്ടിയാല്‍ മതി. ഏത് കേസിലും മയക്കുമരുന്ന് ലഭ്യതയുടെ പ്രഭവകേന്ദ്രം ഉണ്ടാകുമല്ലോ. അവിടേക്ക് ഒരന്വേഷണവും എത്തില്ല. അവര്‍ സുരക്ഷിതരാണ്. ആ “സുരക്ഷിതത്വ’മാണ് മയക്കുമരുന്ന് വ്യാപനത്തിന്റെ മുഖ്യകാരണം. അത് തകര്‍ക്കണം. അതിന് ഭരണകൂടം ഇച്ഛാശക്തിയോടെ നിലപാടെടുക്കണം.
അതിക്രമങ്ങള്‍ ആഘോഷമാക്കുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണം. ഏറ്റവും കൂടുതല്‍ വയലന്‍സ് ഉള്ള സിനിമകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ജനപിന്തുണ കിട്ടുന്നത്. സമീപകാലത്തിറങ്ങിയ ഒരു സിനിമയില്‍ മുഴുനീളം വയലന്‍സ് ആയിരുന്നത്രേ. ആ സിനിമ സാമ്പത്തിക വിജയം നേടി എന്നതിനര്‍ഥം വയലന്‍സിനെ മലയാളികള്‍ നോര്‍മലൈസ് ചെയ്യുന്നു എന്നാണ്. സിനിമയല്ല ജീവിതം എന്നൊക്കെ വാദിക്കാവുന്നതേയുള്ളൂ. പക്ഷേ സിനിമ സമൂഹത്തില്‍ ഇടപെടുന്നുണ്ട്. ക്യാമ്പസുകളില്‍ റാഗിംഗ് വര്‍ധിക്കാനിടയായതില്‍ ചില സിനിമകള്‍ക്ക് പങ്കുണ്ടെന്ന് ഈയടുത്ത ദിവസം മാധ്യമങ്ങളോട് പറഞ്ഞത് എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റ് വി പി സാനുവാണ്. സിനിമകളുടെ പേര് പറഞ്ഞുതന്നെയാണ് അദ്ദേഹം വിമര്‍ശമുന്നയിച്ചത്. മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നായകന്മാര്‍ക്ക് കിട്ടുന്ന കൈയടി രോഗാതുരമായ മലയാളി മനസ്സിനെയാണ് തുറന്നുകാട്ടുന്നത്. പ്രതിയോഗിയുടെ തലയറുത്തെടുക്കുന്നത് ഹീറോയിസമായി അവതരിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ല. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണം. നമുക്ക് അസാമാന്യ/അസാധാരണ മനുഷ്യരാകേണ്ട, നോര്‍മല്‍ മനുഷ്യരായാല്‍ മതിയെന്ന് കുട്ടികളെ ചെറിയ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കണം. സാധാരണ മനുഷ്യര്‍ക്കപ്പുറത്തേക്ക് വളരുന്ന നായക കഥാപാത്രങ്ങള്‍ വേണ്ടെന്ന് സാമൂഹിക പ്രതിബദ്ധതയോടെ ചിന്തിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും കഴിയട്ടെ.
നമ്മുടെ പാഠ്യപദ്ധതിയില്‍ കാര്യമായ പൊളിച്ചെഴുത്ത് സംഭവിക്കേണ്ടതുണ്ട്. മികച്ച പഠിതാവിനെ വാര്‍ത്തെടുക്കുകയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. നല്ല പൗരന്മാരെയും സഹജീവി സ്നേഹമുള്ള മനുഷ്യരെയും രൂപപ്പെടുത്താന്‍ കഴിയുന്ന വിധം പഠന, ബോധന മാധ്യമങ്ങള്‍ പരിഷ്കരിക്കപ്പെടണം. ധാര്‍മിക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാകണം. സ്വതന്ത്ര വ്യക്തികളെയല്ല, സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യരെയാണ് നമുക്ക് വേണ്ടത്. അതിന് ധാര്‍മിക/മൂല്യ വിദ്യാഭ്യാസം അനിവാര്യമാണ്.