Kerala
കേരളത്തിന് പിന്തുണ വേണം; കേന്ദ്ര ധനമന്ത്രിയെ കണ്ട് കെ എന്‍ ബാലഗോപാല്‍
പത്താം ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നും കിട്ടിയതിന്റെ നേര്‍പകുതി മാത്രമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ. ഹൈവേ നിര്‍മ്മാണത്തിനായി കൂടുതല്‍ തുക ചെലവായിട്ടുണ്ട്. അത് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി | കേരളത്തിന്റെ ആവശ്യങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കേരളത്തിന് പിന്തുണയുണ്ടാവണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ബാലഗോപാല്‍ പറഞ്ഞു. നേരത്തെ കേരളത്തിന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ വലിയ കുറവ് വരികയും വരുമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പത്താം ധനകാര്യ കമ്മീഷന്റെ ഭാഗത്ത് നിന്നും കിട്ടിയതിന്റെ നേര്‍പകുതി മാത്രമേ ഇപ്പോള്‍ കിട്ടുന്നുള്ളൂവെന്ന് ബാലഗോപാല്‍ നിര്‍മ്മലയോട് പറഞ്ഞു.
ഹൈവേ നിര്‍മ്മാണത്തിനായി കൂടുതല്‍ തുക ചെലവായിട്ടുണ്ട്. അത് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ധനമന്ത്രി പറഞ്ഞു.