Kerala
'കേരള പോലീസ് സൂപ്പര്‍, ജനങ്ങളും നല്ല സ്‌നേഹവും പരിഗണനയും നല്‍കി': നാടോടി ബാലികയുടെ ബന്ധുക്കള്‍
ഈ വാക്കുകള്‍ കണ്ണുനിറച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.

തിരുവനന്തപുരം | കേരള പോലീസ് സൂപ്പറെന്ന്, കാണാതാവുകയും പോലീസ് അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തുകയും ചെയ്ത കുട്ടിയുടെ ബന്ധുക്കള്‍. ജനങ്ങളും നല്ല സ്‌നേഹവും പരിഗണനയും നല്‍കിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഈ വാക്കുകള്‍ കണ്ണുനിറച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പ്രതികരിച്ചു.
തിരുവനന്തപുരത്തെ ചാക്കയിലാണ് നാടോടി ദമ്പതികളുടെ മകള്‍ രണ്ടു വയസ്സുകാരി മേരിയെ തട്ടിക്കൊണ്ടുപോയത്. 19 മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ബ്രഹ്മോസിന് അരികിലുള്ള ഓടയില്‍ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈകീട്ട് ഏഴരയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
കുട്ടി എങ്ങനെ ഓടയില്‍ എത്തിയെന്നത് പോലീസ് അന്വേഷിച്ചു വരികയാണ്. ആരോ അവിടെ കൊണ്ടുവെച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടി നടന്നെത്തിയിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സമീപത്തെ സിസിടിവ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകളെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് നാടോടി ദമ്പതികള്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി മൂന്നു സഹോദരങ്ങള്‍ക്ക് ഒപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്. അര്‍ധരാത്രി ഒരു മണിക്ക് ശേഷം കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞത്.