From the print
മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് അഭയമൊരുക്കി കേരളം; ആദ്യ സംഘം കണ്ണൂര്‍ സര്‍വകലാശാലയില്‍
പഠന സൗകര്യമൊരുക്കുന്നത് 70 വിദ്യാര്‍ഥികള്‍ക്ക്.
കണ്ണൂര്‍ | വംശീയ കലാപത്തെ തുടര്‍ന്ന് തുടര്‍ പഠനം വഴി മുട്ടിയ സാഹചര്യത്തില്‍ മണിപ്പൂരില്‍ നിന്ന് 25 വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉപരി പഠനത്തിനായി എത്തി. മണിപ്പൂരില്‍ നിന്ന് ആകെ 70 വിദ്യാര്‍ഥികളാണ് സര്‍വകലാശാലയില്‍ പഠനം നടത്തുകയെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ ഇന്നും നാളെയുമായി എത്തിച്ചേരും.
ഇന്നലെ രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സ്വീകരണം നല്‍കി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ പ്രമോദ് വെള്ളച്ചാല്‍, ഡോ. രാഖി രാഘവന്‍, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി പി നഫീസ ബേബി എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കോഴ്സ് പൂര്‍ത്തിയാകുന്നതിന് മുമ്പായി മിനിമം യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്ന് വി സി പറഞ്ഞു.
ഇപ്പോള്‍ യാതൊരു സര്‍ട്ടിഫിക്കറ്റും കൈവശമില്ലാതെയാണ് കുട്ടികള്‍ എത്തിയത്. യു ജി, പി ജി, എല്‍ എല്‍ ബി, പി എല്‍ ഡി വിദ്യാര്‍ഥികളാണ് ഇപ്പോള്‍ എത്തിയത്. യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളജുകളുമായി സംസാരിച്ച് ഇവര്‍ക്ക് പ്രവേശനം ഒരുക്കും. താമസ സൗകര്യമുള്ള കോളജുകള്‍ക്ക് മുന്‍ഗണന നല്‍കും.
വിദ്യാര്‍ഥികളെ സഹായിക്കാനായി സിന്‍ഡിക്കേറ്റ് അംഗങ്ങളും രജിസ്ട്രാറും ഉള്‍പ്പെടുന്ന കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. തുടര്‍ വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാര്‍ഥികള്‍ക്കാണ് സര്‍വകലാശാല സീറ്റുകള്‍ അനുവദിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നത്. സര്‍വകലാശാലയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താമ സ സൗകര്യവും സാമ്പത്തിക സഹായവും നല്‍കുമെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.