Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ ഗവേഷണത്തിനൊരുങ്ങി കേരളം; കേരളത്തിലെ ജലാശയങ്ങളിലെ സാഹചര്യം വിലയിരുത്തും

ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുകയെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും ഐസിഎംആര്‍, ഐഎവി, പോണ്ടിച്ചേരി എവി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെക്നിക്കല്‍ വര്‍ക്ക്ഷോപ്പ് തിരുവനന്തപുരം അപെക്സ് ട്രോമകെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ശില്‍പശാല അഭിസംബോധന ചെയ്ത് സംസാരിച്ചു.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആഗോള തലത്തില്‍ തന്നെ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കും നടക്കുകയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ക്ലസ്റ്റര്‍ ഉണ്ടായപ്പോള്‍ ആദ്യ കേസ് കണ്ടുപിടിക്കാനും തുടര്‍ന്ന് മറ്റുള്ള രോഗബാധിതരെ കണ്ട് പിടിക്കാനും സാധിച്ചു. അവരെല്ലാം രോഗമുക്തരായി കൊണ്ടിരിക്കുകയാണ്. എന്ത് കാരണം കൊണ്ടാണ് സംസ്ഥാനത്ത് കേസുകളുടെ വര്‍ധനവ് ഉണ്ടാകുന്നതെന്ന് കണ്ടുപിടിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഐസിഎംആര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലെയുള്ള വിദഗ്ധ സംഘടനകളുമായി ചേര്‍ന്നുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ പഠന റിപ്പോര്‍ട്ട് കേരള യൂണിവേഴ്സിറ്റിയുടെ എന്‍വെയര്‍മെന്റ് എഞ്ചിനീറിംഗ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ അത്തരം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ തീരുമാനിച്ചു.

ലോകത്ത് തന്നെ മസ്തിഷ്‌ക ജ്വരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് 2024ല്‍ 19 പേര്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. 5 മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ രോഗമുക്തി നിരക്ക് കൂട്ടാന്‍ സാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4 പേരാണ് രോഗമുക്തി നേടിയത്.

---- facebook comment plugin here -----

Latest