Kerala
തെങ്കാശിയില്‍ പച്ചക്കറി സംഭരണ കേന്ദ്രം തുറക്കാനൊരുങ്ങി കേരളം; ഉദ്യോഗസ്ഥതല ചര്‍ച്ച ഇന്ന്
ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച
തിരുവനന്തപുരം| സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരവെ പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി സംസ്ഥാനം ഇന്ന് ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തും. തെങ്കാശിയിലാണ് സുപ്രധാന ചര്‍ച്ച. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. തെങ്കാശിയില്‍ കേരളം സംഭരണകേന്ദ്രം തുറക്കുന്നതും ചര്‍ച്ചയാകും.
പച്ചക്കറി വില കുറഞ്ഞാലും തെങ്കാശിയിലെ സംഭരണകേന്ദ്രം നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചന. ഇന്നത്തെ ചര്‍ച്ചക്ക് ശേഷം ദക്ഷിണേന്ത്യന്‍ കൃഷിമന്ത്രിമാരുമായും കൂടിയാലോചനകള്‍ നടക്കും. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ നാല് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിലവിലുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി വിലയാണ് സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് ഈടാക്കുന്നത്.തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടില്‍ മഴ കാരണം വെള്ളപ്പൊക്കമായതും കേരളത്തിലേക്കുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതുമാണ് പച്ചക്കറികളുടെ വരവുകുറയാന്‍ കാരണം. വിപണിയില്‍ പച്ചക്കറി ലഭ്യതയും സാരമായി കുറഞ്ഞിട്ടുണ്ട്