Kerala
കേരള സവാരിക്ക് ഇന്ന് തുടക്കമാകും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പൊതുമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആണ് കേരള സവാരി
തിരുവനന്തപുരം സംസ്ഥാന സര്‍ക്കാറിന് കീഴിലെ ഓണ്‍ലൈന്‍ ഓട്ടോടാക്സി സംവിധാനമായ കേരള സവാരിക്ക് ഇന്ന് തുടക്കമാകും. പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ 500 ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിയിട്ടുണ്ട്.
കേരള സവാരിയില്‍ സീസണല്‍ ആയ നിരക്ക് മാറ്റം ഉണ്ടാകില്ല. സര്‍വീസ് ചാര്‍ജ് 8 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തേക്കാള്‍ കുറവാണ്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് ആയി ഈടാക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പ്രമോഷണല്‍ ഇന്‍സെന്റീവ് നല്‍കാനുമായി ഉപയോഗിക്കും.
സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവസരമാണ് കേരള സവാരി ഒരുക്കുന്നത്. പൊതുമേഖലയിലെ രാജ്യത്തെ ആദ്യത്തെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആണ് കേരള സവാരി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം ഇതിനായി സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 9072272208 എന്ന കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാം.
പദ്ധതിക്കായി തയ്യാറാക്കിയ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണും ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.
തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ ടി, പോലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.