Kerala
കേരള സാഹിത്യോത്സവിന് ഇന്ന് കൊടി ഉയരും; മഞ്ചേരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ഇന്ന് വൈകിട്ട് നാലിന് മഞ്ചേരി നെല്ലിപ്പറമ്പ് സാഹിത്യോത്സവ് നഗരിയിൽ സമസ്ത സെക്രട്ടറിയും സ്വാഗതസംഘം രക്ഷാധികാരിയുമായ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ പതാക ഉയർത്തും.
മഞ്ചേരി | 31ാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവിന് ഇന്ന് മഞ്ചേരിയിൽ തുടക്കം. 12 വർഷങ്ങൾക്ക് ശേഷം മലപ്പുറത്തേക്ക് വിരുന്നെത്തുന്ന സാഹിത്യോത്സവിനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്വാഗതസംഘം നടത്തിയത്.
ഇന്ന് വൈകിട്ട് നാലിന് മഞ്ചേരി നെല്ലിപ്പറമ്പ് സാഹിത്യോത്സവ് നഗരിയിൽ സമസ്ത സെക്രട്ടറിയും സ്വാഗതസംഘം രക്ഷാധികാരിയുമായ പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ പതാക ഉയർത്തും. പ്രാസ്ഥാനിക സംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, പൊന്മള മൊയ്തീൻകുട്ടി ബാഖവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എം സ്വാദിഖ് സഖാഫി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ കെ മുഹമ്മദ്, അസീസ് ഹാജി പുളിക്കൽ, സൈതലവി ഹിശാമി എടക്കര സംസാരിക്കും.
നാളെ വൈകിട്ട് ആനുകാലിക രാഷ്ട്രീയ വിഷയങ്ങളോട് പ്രതികരിച്ച് വിദ്യാർഥി സഭ സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് ഐ പി ബി ബുക്ക് ഫെയറിന് ഐ ജി ബി ടി ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള ആർട്ട് ലിറ്റ് അരീനയിൽ തുടക്കമാകും. ബുധനാഴ്ച വൈകിട്ട് സാഹിത്യോത്സവിന്റെ വരവറിയിച്ച് മഴവിൽ സംഘം വിദ്യാർഥികളുൾപ്പെടെ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നടക്കും. കൊരമ്പയിൽ ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് കച്ചേരിപ്പടി ബസ് സ്റ്റാൻഡിൽ അവസാനിക്കുന്ന ഘോഷയാത്ര വിവിധ കലാവിഷ്‌കാരങ്ങളെക്കൊണ്ട് വർണാഭമാകും.
ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന സായാഹ്ന ചർച്ചകളും 30ന് ആത്മീയ സമ്മേളനവും നടക്കും. മഞ്ചേരി നഗരത്തിന്റെ വിവിധ ഇടങ്ങളിലായി സജ്ജമാക്കിയിട്ടുള്ള 13 വേദികളിലായി 31ന് രാവിലെ ആറ് മുതൽ വിദ്യാർഥികളുടെ കലാ- സാംസ്‌കാരിക മത്സരങ്ങൾ അരങ്ങേറും.
സെപ്തംബർ ഒന്നിന് വൈകിട്ട് മൂന്നിന് സമാപന സംഗമത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കും.