From the print
ലഹരിയുടെ ഉറവിടം തേടി കേരളം
നീക്കം ഇതര സംസ്ഥാനങ്ങളുടെ സഹകരണത്തോടെ

തിരുവനന്തപുരം | മയക്കുമരുന്ന് വേട്ട ഊർജിതമാക്കി കേരള പോലീസ്. ഇതര സംസ്ഥാനങ്ങളിലെ സേനകളുടെ സഹകരണത്തോടെ മയക്കുമരുന്നിന്റെ ഉറവിടം തേടിയുള്ള പോലീസിന്റെ നീക്കം ഫലംകണ്ടതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തുകൾക്ക് പിടിവീണുതുടങ്ങി. ലഹരിമാഫിയയുടെ ഉറവിടത്തിലേക്ക് എത്തുന്നതിന് അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും സംയോജിപ്പിച്ചുള്ള നീക്കത്തിനാണ് കേരള പോലീസ് നേതൃത്വം നൽകുന്നത്. തമിഴ്‌നാട്, കർണാടക, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ എന്നിവിടങ്ങളിലെ പോലീസ്, എക്‌സൈസ് വകുപ്പുകളാണ് മയക്കുമരുന്ന് വേട്ടക്ക് കേരളവുമായി സഹകരിക്കുന്നത്. എ ഡി ജി പി മനോജ് എബ്രഹാമാണ് ഓപറേഷന് നേതൃത്വം നൽകുന്നത്.
ഓപറേഷനിൽ പ്രധാന മയക്കുമരുന്ന് വിതരണക്കാരെ അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട്ടിൽ മയക്കുമരുന്ന് സംഭരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 128 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആന്ധ്രാപ്രദേശിൽ എം ഡി എം എയുടെ മൊത്തവിതരണക്കാരനെയും അറസ്റ്റ് ചെയ്തു. ഇതോടൊപ്പം ആൻഡമാൻ ദ്വീപിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതായി എ ഡി ജി പി മനോജ് എബ്രഹാം അറിയിച്ചു.
എക്സൈസിന്റെ കണക്കുകൾ പ്രകാരം 2024 ജനുവരി മുതൽ 2025 ജനുവരി വരെ രജിസ്റ്റർ ചെയ്ത 30,310 ലഹരി കേസുകളിൽ 27,042 അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിന്തറ്റിക് മയക്കുമരുന്നുകളിൽ എം ഡി എം എയാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ എത്തുന്നത്. 2022ൽ 14.032 കിലോയും 2023ൽ 14.969 കിലോയും 2024ൽ 24.71 കിലോയുമാണ് പിടികൂടിയ എം ഡി എം എയുടെ അളവ്.
ലക്ഷ്യം ഒഴുക്ക് തടയൽ
ഗ്രാമങ്ങളിലേക്ക് മയക്കുമരുന്ന് എത്തുന്നത് തടയാൻ ഇതര സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് നിർമാണ വിതരണ ശൃംഖലകൾ നശിപ്പിക്കുന്നതാണ് പ്രധാന ഓപറേഷൻ. മയക്കുമരുന്ന് കേസിൽ പ്രതികളായവരുടെ ഫോൺ നിരന്തരം ട്രാക്ക് ചെയ്യുകയും വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉപയോഗിക്കുകയും തുടർന്ന് ഇത് മറ്റ് സംസ്ഥാനങ്ങളിലെ ഏജൻസികളുമായി പങ്കിടുകയും ചെയ്യുന്നതാണ് പ്രവർത്തന രീതി.
പോലീസ് സേനകൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും രൂപവത്കരിച്ചു. ഇതുവഴി മാവോയിസ്റ്റ് നിയന്ത്രിത പ്രദേശത്ത് നിന്ന് ഹഷീഷ് ഓയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്തിരുന്ന തമിഴ്‌നാട്ടിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാനായി.
നിരീക്ഷണം ശക്തമാക്കി
തെലങ്കാന, ഒഡിഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കഞ്ചാവിന്റെ വിളവെടുപ്പ് സീസണാകുമ്പോൾ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് സംയുക്ത സേനയിലെ ജോയിന്റ്എക്‌സൈസ് കമ്മീഷണർ ബി രാധാകൃഷ്ണൻ പറഞ്ഞു.