Connect with us

Articles

കേരളം മാലിന്യത്തില്‍ മുങ്ങി മരിക്കാതിരിക്കാന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതാകുകയും ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം രണ്ട് ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തുകയും ചെയ്ത വാര്‍ത്ത നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ ധാരാളം വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

Published

|

Last Updated

ആഗോളതലത്തില്‍ തന്നെ മനുഷ്യരാശി ഇന്നനുഭവിക്കുന്ന പ്രശ്നങ്ങളില്‍ മുന്‍പന്തിയിലാണ് മാലിന്യ പ്രശ്നങ്ങള്‍. തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതാകുകയും, ഒഴുക്കില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം രണ്ട് ദിവസങ്ങള്‍ക്കുശേഷം കണ്ടെത്തുകയും ചെയ്ത വാര്‍ത്ത നമ്മുടെ ചുറ്റുപാടുകളെക്കുറിച്ചും നമ്മുടെ ജീവിതരീതികളെക്കുറിച്ചുമൊക്കെ ധാരാളം വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ശുചിത്വമുള്ള സംസ്ഥാനമാണെന്നും വിനോദസഞ്ചാരികളുടെ പറുദീസയാണെന്നുമുള്ള മട്ടില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ് ലൈനില്‍ അഭിമാനം കൊള്ളുന്നിടത്താണ് മാലിന്യങ്ങളുടെ ഒഴുക്കില്‍പ്പെട്ട് ഒരാളുടെ ജീവന്‍ നഷ്ടമാകുന്നത്. എണ്ണംപറഞ്ഞ 44 സുന്ദരമായ നദികള്‍ തലങ്ങും വിലങ്ങും ഒഴുകി ഫലഭൂയിഷ്ഠമാക്കിയിരുന്ന നമ്മുടെ നാട്, കൊച്ചു കേരളം ഇന്നിതാ കാലങ്ങള്‍ക്കിപ്പുറം മാലിന്യങ്ങള്‍ നിറഞ്ഞ ഒരു ഭൂപ്രദേശമായി മാറിയിരിക്കുന്നു.

കേരളത്തിന്റെ പ്രകൃതിസൗന്ദര്യം ഒരുകാലത്ത് ലോകത്തെയാകമാനം ആകര്‍ഷിച്ചിരുന്നെങ്കില്‍ ഇന്ന് നാം ആ ഭൂതകാലത്തിന്റെ ഗരിമയും പേറി മുന്നോട്ടുപോകുകയാണ്. ആ പഴയ സൗന്ദര്യത്തിന് പിന്നില്‍, അതിനെയാകമാനം തകര്‍ക്കുന്ന മാലിന്യമെന്ന മറ്റൊരു മഹാവിപത്ത് കൂടി വളര്‍ന്നുവരുന്നത് നാം കണ്ടെങ്കിലും കണ്ടില്ലെന്ന് നടിച്ചു. നമ്മുടെ ഉപയോഗത്തിനു ശേഷം ബാക്കിവരുന്ന എല്ലാ മാലിന്യങ്ങളും ഒരു കുപ്പത്തൊട്ടിയില്‍ എന്നവണ്ണം നാം പുഴകളിലേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ വലിച്ചെറിയാന്‍ തുടങ്ങി. പുഴകളില്‍ ഒഴുക്കിനൊപ്പം അത് കടലുകളില്‍ ചെന്ന് അവസാനിക്കുന്നതോടെ നമ്മുടെ മാലിന്യ പ്രശ്നവും അവസാനിക്കുമെന്ന് നാം വെറുതെ കരുതി. ഒഴുക്കുള്ള ജലാശയങ്ങള്‍ മാത്രമല്ല, കുളങ്ങളും കിണറുകളുമൊക്കെ നാം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് ഉപയോഗശൂന്യമാക്കിത്തീര്‍ത്തു. ഇന്ന് അക്ഷരാര്‍ഥത്തില്‍ വിശ്വസിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന ഒരൊറ്റ ജലാശയം പോലും കേരളത്തില്‍ ഇല്ല എന്നതാണ് സത്യം.

ദൈവത്തിന്റെ സ്വന്തം നാടെന്നും ഹരിത കേരളമെന്നുമൊക്കെ പരസ്യം ചെയ്ത് വിദേശികളെ ആകര്‍ഷിക്കുകയും അവരുടെ ഡോളറിന്റെ ബലത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തെങ്കിലും നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമറിയാതെപോയി. നമ്മുടെ നാടിന്റെ ഭംഗി മറ്റുള്ളവര്‍ക്കായി കാഴ്ചവെച്ചപ്പോള്‍ അതിനു പിന്നില്‍ പുലര്‍ത്തേണ്ട ചില മര്യാദകള്‍ നാം മറന്നു. ഈ പ്രകൃതിയും പ്രകൃതിവിഭവങ്ങളും ഇന്ന് മാത്രം അനുഭവിക്കാന്‍ ഉള്ളതല്ലെന്നും അത് നാളെ വരുന്ന തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നുമുള്ള വാസ്തവം നാം ബോധപൂര്‍വം മറന്നുകളഞ്ഞു. ഫലമോ, ഈ പ്രകൃതിയുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ നാം മറന്നുപോയി. നാം എന്തൊക്കെ ചെയ്താലും ആ സൗന്ദര്യം അതേപടി നിലനില്‍ക്കും എന്ന് നാം കരുതി. പക്ഷേ, അതെല്ലാം തെറ്റായ ചിന്തയായിരുന്നു എന്നുള്ള തിരിച്ചറിവാണ് കഴിഞ്ഞ ദിവസം ആമയിഴഞ്ചാന്‍ തോട്ടിലെ ദുരന്തം നമുക്ക് കാണിച്ചു തന്നത്.

മാലിന്യ സംസ്‌കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ എത്ര നഗരസഭകളും പഞ്ചായത്തുകളും കോര്‍പറേഷനുകളുമാണ് മാലിന്യ സംസ്‌കരണത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നത്? ജനങ്ങളുടെ മാലിന്യ പ്രശ്നങ്ങള്‍ക്ക്, ഈ മാലിന്യങ്ങളുടെ വില പോലും അധികാരികള്‍ നല്‍കുന്നില്ല എന്നതാണ് വാസ്തവം.

മാലിന്യം സൃഷ്ടിക്കുന്നത് എണ്ണമറ്റ പ്രതിസന്ധികളാണ്. പ്രദേശങ്ങളില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളില്‍ നിന്ന് പുറപ്പെടുന്ന ദുര്‍ഗന്ധം, മാലിന്യം കാരണം ഉണ്ടാകുന്ന രോഗങ്ങള്‍, ജലാശയങ്ങളിലേക്ക് മാലിന്യം എത്തുമ്പോള്‍ ഉണ്ടാകുന്ന ജലമലിനീകരണം എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഇവ വലിച്ചെറിയാതെ തന്നെ കൃത്യമായി ഒരിടത്തു കൊണ്ടുവന്ന് നിറച്ചാലോ? അതിന്റെ പ്രശ്നങ്ങള്‍ ഈയടുത്ത് നാം ബ്രഹ്മപുരത്ത് കണ്ടതാണല്ലോ. ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥലം ഉടമയുടെ അനുമതി പോലുമില്ലാതെ ഇടപെടാന്‍ ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. എന്നാല്‍ ഒരിടത്തും സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന യജ്ഞം കൃത്യമായി നടത്താന്‍ ഒരു തദ്ദേശ സ്ഥാപനത്തിനും കഴിഞ്ഞിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്.

ആമയിഴഞ്ചാന്‍ തോട് റെയില്‍വേ പ്ലാറ്റ്ഫോമിന്റെ അടിയിലൂടെയാണ് ഒഴുകുന്നത്. അതുകൊണ്ട് തന്നെ അവിടെയുള്ള മാലിന്യ നിര്‍മാര്‍ജനം റെയില്‍വേയുടെ കൂടി ഉത്തരവാദിത്വമാണ്. എന്നാല്‍ റെയില്‍വേ അത് ചെയ്യുകയോ തങ്ങള്‍ക്ക് ചെയ്യാനുള്ള അനുമതി നല്‍കുകയോ ചെയ്തില്ല എന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ മൂന്ന് തവണ കത്ത് നല്‍കിയിട്ടും റെയില്‍വേ തങ്ങളുടെ അധീനതയിലുള്ള തോട്ടിലെ മാലിന്യം നീക്കാന്‍ ഇടപെട്ടിട്ടില്ല എന്നും കോര്‍പറേഷന്‍ ആരോപിക്കുന്നു.

മാലിന്യ ശേഖരണം, മാലിന്യ സംസ്‌കരണം എന്നീ തൊഴിലുകളിലൊക്കെ ഏര്‍പ്പെട്ടിരിക്കുന്നത് ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളാണ്. ധനികര്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈ തൊഴിലാളികളുടെ കഷ്ടപ്പാടിന്റെ ഫലമായാണ് നാമോരോരുത്തരും മാലിന്യമില്ലാത്ത ചുറ്റുപാടില്‍ സുഖമായി ജീവിച്ചു പോകുന്നത്. ജോയ് എന്ന തൊഴിലാളിയും അത്രതന്നെ ദരിദ്രനായിരുന്നു. മറ്റേതു ജോലിക്ക് പോകുന്നതിനേക്കാള്‍ അധികം കൂലി കിട്ടുന്നതുകൊണ്ടും അതുവഴി തനിക്ക് ആകെയുള്ള ബന്ധുവായ അമ്മയെ സംരക്ഷിക്കുന്നതിനുമാണ് അയാള്‍ കഷ്ടപ്പാട് ഏറെയുണ്ടെങ്കിലും ഈ തൊഴില്‍ തിരഞ്ഞെടുത്തത്. ഈ വിധം നൂറുകണക്കിന് തൊഴിലാളികള്‍ സ്വയം ദുര്‍ഗന്ധം ഏറ്റുവാങ്ങി നാടിനെയും നാട്ടുകാരെയും മാലിന്യത്തില്‍ നിന്ന് കരകയറ്റുമ്പോള്‍ അവരുടെ കഷ്ടപ്പാടുകള്‍ നമുക്ക് വെറും കഥകള്‍ മാത്രമാണ്. അവരുടെ ജീവന്‍ നഷ്ടപ്പെടുന്നതുപോലും നമുക്കത്ര പ്രസക്തമാകുന്നില്ല.

ഒരാളുടെ ജീവന്‍ ബലി കൊടുത്തതോടെ അധികാരികള്‍ ഉണര്‍ന്നുവെന്നും മാലിന്യ പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും വ്യാമോഹിക്കരുത്. മറ്റേതൊരു പ്രശ്നവും പോലെ ഇതും വളരെ വേഗം എല്ലാവരും കൈയൊഴിയും. രണ്ട് വര്‍ഷം മുമ്പുണ്ടായ ബ്രഹ്മപുരം മാലിന്യ പ്രശ്നവും മാസങ്ങള്‍ക്കു മുമ്പ് പെരിയാര്‍ നദിയില്‍ ലക്ഷക്കണക്കിന് മീനുകള്‍ ചത്തുപൊങ്ങിയ സംഭവവും ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. അതിനു ശേഷം അവിടെ എന്താണ് സംഭവിച്ചത്? ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന മുറവിളിക്ക് പിന്നെ ആരും പരിഗണന നല്‍കിയില്ല. ഇപ്പോഴും അവിടെ വിവിധങ്ങളായ മാലിന്യങ്ങള്‍ ശേഖരിക്കുക മാത്രം ചെയ്യുന്നു. പെരിയാറിന്റെ അവസ്ഥയോ, ഏത് സമയവും മറ്റൊരു ദുരന്തം കൂടി ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. അവിടേക്ക് മാലിന്യം ഒഴുക്കിയ ഫാക്ടറികള്‍ ആകട്ടെ, അത് തുടരുകയും ചെയ്യുന്നു.

അധികാരികളെ മാത്രം കുറ്റം പറയാന്‍ വരട്ടെ. ഔദ്യോഗികമായി മാലിന്യ നിര്‍മാര്‍ജനം അവരുടെ ഉത്തരവാദിത്വമാണെന്ന് പറയുമ്പോഴും, അങ്ങനെ ഒരു ഭരണകൂടത്തിനുമാത്രം പരിഹരിക്കാന്‍ കഴിയുന്നതാണോ മാലിന്യ പ്രശ്നം എന്നു കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ആയിരക്കണക്കിന് വീടുകളില്‍ നിന്നുള്ള മാലിന്യം വണ്ടികളില്‍ പോയി ശേഖരിക്കുന്നു. അതില്‍ ചെറിയൊരു ശതമാനം മാത്രം സംസ്‌കരിക്കുന്നു. ബാക്കിയുള്ളവ വെറുതെ കൂട്ടിയിട്ട് രോഗം പരത്തുന്ന സൂക്ഷ്മ ജീവികള്‍ക്ക് താവളമാകുന്നു. പ്രദേശമാകെ ദുര്‍ഗന്ധപൂരിതമാകുകയും ചെയ്യുന്നു. അടുത്തിടെയല്ലേ അതിഗൗരവമായ മറ്റൊരു സംഭവം നാം അറിഞ്ഞത്. ആശുപത്രിയില്‍ നിന്ന് രോഗികളുടെ ഡയപ്പര്‍, രക്തബാഗുകള്‍, സിറിഞ്ചുകള്‍ എന്നിങ്ങനെ വിവിധങ്ങളായ മെഡിക്കല്‍ മാലിന്യങ്ങള്‍ അടുത്തുള്ള ജലാശയത്തിലേക്ക് ഒഴുക്കിയതും അവ കെട്ടിക്കിടന്നതും നമുക്ക് കേള്‍ക്കേണ്ടി വന്നു.

പകര്‍ച്ചവ്യാധികളുടെ നാടാണ് നമ്മുടേത്. ജനസാന്ദ്രത കൂടുതലായതു കൊണ്ടാണ് ഇതെന്ന് പൊതുവെ കേള്‍ക്കാറുമുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞത് പോലുള്ള മലിനീകരണ പ്രവൃത്തികള്‍ ഇത്തരം എത്ര രോഗങ്ങള്‍ക്ക് വഴിമരുന്നിടും? ഇതിനെക്കുറിച്ച് അജ്ഞരല്ല നമ്മള്‍. എന്നിട്ടും മാലിന്യ സംസ്‌കരണവും നിര്‍മാര്‍ജനവും നമുക്ക് പ്രധാന അജന്‍ഡയേയല്ല. നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ഏതുവിധേനയും മാലിന്യങ്ങളെ ഒഴിവാക്കുക, അത് മറ്റേതൊരു രീതിയില്‍ ആരെ ബാധിച്ചാലും തനിക്ക് ഒരു ചേതവുമില്ല എന്ന മനോഭാവമാണ് മലയാളിക്കിന്ന്.

മാലിന്യത്തിനെതിരെ പോരാടുന്നവരുടെ ഒരു പ്രതീകമാണ് ജോയി. നമ്മെ സകലമാനം ബാധിക്കാന്‍ പോകുന്ന മാലിന്യമെന്ന മഹാവിപത്തിനെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും എല്ലാവരും കഴിയുന്നത് ചെയ്യുക തന്നെ വേണം. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നിലുണ്ട്. അവ കൃത്യമായി പാലിക്കണമെന്ന് മാത്രം. അതൊക്കെ നാളെയാകാം എന്നാണ് ഇനിയും ചിന്തിക്കുന്നതെങ്കില്‍ നാം ഇപ്പോള്‍ നല്‍കിയ ഒരു ജീവനുപകരം എണ്ണമറ്റ ജീവനുകള്‍ നഷ്ടമാകും.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസറാണ്)

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)