Connect with us

kerala story film

കേരള സ്റ്റോറി: ബംഗാൾ വിലക്ക് സുപ്രീം കോടതി നീക്കി, സാങ്കല്പിക കഥയെന്ന് എഴുതിക്കാണിക്കാൻ നിർദേശം

32,000 സ്ത്രീകളെ മതം മാറ്റിയെന്നതിൽ ആധികാരിക രേഖയില്ലെന്നും സിനിമാ നിർമാതാക്കൾ സുപ്രീം കോടതിയെ അറിയിച്ചു.

Published

|

Last Updated

ന്യൂഡൽഹി | കേരളത്തെയും മുസ്ലിം സമൂഹത്തെയും അപകീർത്തിപ്പെടുത്താൻ കള്ളക്കണക്കുകളുമായി എത്തിയ ഹിന്ദി സിനിമ ദ കേരള സ്റ്റോറിക്ക് പശ്ചിമ ബംഗാൾ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. കേരളത്തിൽ നിന്ന് 32,000ലേറെ യുവതികളെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത് ഭീകര സംഘടനയായ ഐ എസിൽ ചേർക്കാൻ സിറിയയിലേക്ക് കടത്തിയെന്ന അവകാശവാദവുമായാണ് സിനിമ എത്തിയത്. എന്നാൽ, 32000 എന്ന സംഖ്യ ചിത്രത്തിൽ പരാമർശിക്കുന്നില്ലെന്നും 32,000 സ്ത്രീകളെ മതം മാറ്റിയെന്നതിൽ ആധികാരിക രേഖയില്ലെന്നും സിനിമാ നിർമാതാക്കൾ സുപ്രീം കോടതിയെ അറിയിച്ചു.

തെളിവില്ലാത്തതിനാൽ ചിത്രം സാങ്കൽപിക കഥയാണെന്ന് എഴുതിക്കാണിക്കണമെന്ന് കോടതി നിർദേശിച്ചു. ശനിയാഴ്ച അഞ്ച് മണിക്കകമാണ് സാങ്കല്പിക കഥയാണെന്ന് എഴുതിക്കാണിക്കേണ്ടത്. പശ്ചിമ ബംഗാളിൽ പ്രദർശനം നിരോധിച്ചതിനെതിരെ നിർമാതാക്കളാണ് കോടതിയെ സമീപിച്ചത്. സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്ക് ആവശ്യമെങ്കിൽ സുരക്ഷ നൽകണമെന്നും നിർദേശിച്ചു.

അതേസമയം, സിനിമക്ക് സി ബി എഫ് സി സർട്ടിഫിക്കറ്റ് ലഭിച്ചത് ചോദ്യം ചെയ്ത ഹരജി കോടതി വേനലവധിക്ക് ശേഷം പരിഗണിക്കും. ഇതിനായി സിനിമ കാണേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിൻ്റെ നേതൃത്വത്തിലുള്ള ജഡ്ജിമാർ വ്യക്തമാക്കി. ജൂലൈയിലാണ് ഈ ഹരജി പരിഗണിക്കുക.

Latest