Kerala
ലോക ശൂന്യ മാലിന്യ ദിനത്തില്‍ കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും
അജൈവ പാഴ് വസ്തു നീക്കം വേഗത്തിലാക്കി ക്ലീന്‍ കേരളാ കമ്പനി

പത്തനംതിട്ട |വൃത്തിയും വെടുപ്പുമുള്ള നാടായി കേരളത്തെ മാറ്റുന്നതിനുള്ള കര്‍മ പരിപാടിയുടെ ഭാഗമായി ലോക ശൂന്യ മാലിന്യ ദിനമായ മാര്‍ച്ച് 30ന്് കേരളത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമാക്കി ക്ലീന്‍ കേരളാ കമ്പനി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 2000 ടണ്‍ പാഴ് വസ്തുക്കളാണ് പത്തനംതിട്ട ജില്ലയില്‍ ക്ലീന്‍ കേരളാ കമ്പനി ശേഖരിച്ചത്. ഇതില്‍ 600 ടണ്‍ പുനചംക്രമണ യോഗ്യമായ പ്ലാസ്റ്റിക്കും 250 ടണ്‍ ചില്ല് മാലിന്യങ്ങളും 20 ടണ്‍ മാലിന്യങ്ങളും ഉള്‍പ്പെടും. ജില്ലയില്‍ നിന്ന് ഈ മാസം ഇതുവരെ ക്ലീന്‍ കേരളാ കമ്പനി ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ച അജൈവ പാഴ് വസ്തുക്കള്‍ 150 ടണ്ണാണ്.
ഇനിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഹരിത കര്‍മ്മസേന വഴി ശേഖരിച്ച 100 ടണ്‍ കൂടി ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും പങ്കാളിത്തത്താല്‍ ക്ലീന്‍ കേരളാ കമ്പനി പുന ചക്രമണ യോഗ്യമായ പ്ലാസ്റ്റിക്ക് സംസ്‌ക്കരിക്കാന്‍ കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്‌കരണ കേന്ദ്രം ആരംഭിച്ചത് പ്രധാന നേട്ടമാണ്. ഗ്രാന്യൂള്‍സ് നിര്‍മ്മാണത്തിന് അവിടെ 50 ടണ്‍ പ്ലാസ്റ്റിക്ക് ഈ മാസം മാത്രം ശേഖരിച്ചു കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനപങ്കാളിത്തത്തില്‍ കേരളത്തില്‍ ആദ്യത്തെ സംസ്‌ക്കരണ ഫാക്ടറിയാണ് ഇത്. ഇതേ മാതൃകയില്‍ എല്ലാ എല്ലാ ജില്ലകളിലും സൗകര്യം ഏര്‍പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതിലൂടെ സുസ്ഥിരമായ മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളിലേക്ക് നീങ്ങാന്‍ കഴിയും. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ഹാനികരമാകാതെ സംസ്‌കരിച്ചതിനുള്ള കേരളാ പ്ലാസ്റ്റിക്ക് മാനുഫാക്ച്ചറിംഗ് അസോസിയേഷന്റെ(ഗജങഅ) പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് ക്ലീന്‍ കേരളാ കമ്പനി പത്തനംതിട്ട ജില്ലക്കാണ് ലഭിച്ചത്. ജില്ലയിലെ 57 തദ്ദേശസ്ഥാപനങ്ങളില്‍ 56 ഇടത്തു നിന്നും ഹരിത കര്‍മ്മസേന ശേഖരിക്കുന്ന അജൈവ പാഴ് വസ്തുക്കള്‍ ഉടമ്പടി വെച്ച് ശേഖരിക്കുന്നത്, ശേഖരിച്ചവ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നത്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അജൈവ പാഴ് വസ്തു ശേഖരണത്തിലുള്ള വര്‍ദ്ധനവ്, ജില്ലയില്‍ സ്വന്തമായി പ്ലാസ്റ്റിക്ക് സംസ്‌ക്കരണ ഫാക്ടറി തുടങ്ങിയത് എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.
വിവിധ തദ്ദേശസ്ഥാപനങ്ങള്‍, വാര്‍ഡുകള്‍, പട്ടണങ്ങള്‍, സ്ഥാപനങ്ങള്‍, കലാലയങ്ങള്‍ എന്നിവയില്‍ മാലിന്യമുക്ത പ്രഖ്യാപനങ്ങള്‍ നടന്നുവരികയാണ്. ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരളാ കമ്പനി എന്നിവ സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്ന് ക്ലീന്‍ കേരളാ കമ്പനി പത്തനംതിട്ട ജില്ലാ മാനേജര്‍ എം ബി ദിലീപ് കുമാര്‍ പറഞ്ഞു.