Connect with us

Kerala

വേനല്‍ നേരിടാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളം വൈദ്യുതി വാങ്ങും

റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

Published

|

Last Updated

ആലപ്പുഴ | വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി ഉപഭോഗം നേരിടാന്‍ കെ എസ് ഇ ബി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വൈദ്യുതി വാങ്ങും. പഞ്ചാബുമായും യുപിയുമായും വൈദ്യുതി കൈമാറ്റ കരാറിന് ധാരണയായിട്ടുണ്ട്. ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കും. റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

നിലവില്‍ പ്രതിദിന വൈദ്യുത ഉപഭോഗം 95 ദശലക്ഷം യൂണിറ്റാണ്. മാര്‍ച്ചില്‍ ഇത് 100 ദശലക്ഷം യൂണിറ്റില്‍ എത്താന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വേനല്‍ ചൂടിന്റെ സമയത്ത് കൈമാറ്റ ക്കരാര്‍ വഴി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തിന് വൈദ്യുതി അധികമായി ആവശ്യമുള്ള മാര്‍ച്ച് മുതല്‍ മെയ് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിനും ഉപഭോഗം കുറവുള്ള ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇത് തിരികെ നല്‍കാനുമാണ് ഉദ്യേശിക്കുന്നത്.
പുതുതായി നിര്‍മ്മിച്ച കെ എസ് ഇ ബി അമ്പലപ്പുഴ സെക്ഷന്‍ ഓഫീസിന്റെയും സബ് ഡിവിഷന്‍ ഓഫീസിന്റെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വേനലിനെ നേരിടാന്‍ കേരളം ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എച്ച് സലാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്മിത മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലന്‍, എസ് ഹാരിസ്, പുറക്കാട് വൈസ് പ്രസിഡന്റ് വി എസ് മായാദേവി, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തംഗം കെ മനോജ് കുമാര്‍, ട്രാന്‍സിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജി ശ്രീകുമാര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ് റജികുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

Latest