Kerala
കേരള സര്‍വകലാശാല കലോത്സവം; കോഴ ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ പരാതി നല്‍കി
പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റുമായ നന്ദന്‍ ആണ് എഡിജിപിക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം| കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ എഡിജിപിക്ക് പരാതി നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റുമായ നന്ദന്‍ ആണ് പരാതി നല്‍കിയത്. അഴിമതി നടത്തിയതിന്റെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്ന് എസ്എഫ്‌ഐ നേതൃത്വം വ്യക്തമാക്കി.
കേരള സര്‍വകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നത്. ആരോപണം ശരിവയ്ക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. ടീമുകളെ തിരിച്ചറിയാനുള്ള രേഖകള്‍ സഹിതം വിധികര്‍ത്തകള്‍ക്ക് നല്‍കിയതായി സംശയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.
മത്സരാര്‍ത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയും അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ഗംകളിയുടെ വിധി നിര്‍ണയത്തിന് ശേഷമാണ് അഴിമതി ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് വിധി കര്‍ത്താക്കളുടെയും ഇടനിലക്കാരന്റെയും ഫോണുകള്‍ സംഘാടകര്‍ പിടിച്ചെടുത്തിരുന്നു. അഴിമതി ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം.