Connect with us

Kerala

ഗവര്‍ണറുടെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല; സെര്‍ച്ച് കമ്മറ്റി പ്രതിനിധിക്കായി സെനറ്റ് യോഗം ചേരും

സെനറ്റ് പ്രതിനിധിയെ കണ്ടെത്താനായി സെനറ്റ് യോഗം ചേരാമെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണറെ അറിയിച്ചു

Published

|

Last Updated

തിരുവനന്തപുരം |  പുതിയ വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ പ്രതിനിധിയെ നിശ്ചയിക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനത്തിന് വഴങ്ങി കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. സെനറ്റ് പ്രതിനിധിയെ കണ്ടെത്താനായി സെനറ്റ് യോഗം ചേരാമെന്ന് വൈസ് ചാന്‍സിലര്‍ ഗവര്‍ണറെ അറിയിച്ചു. ഈ മാസം 11ന് സെനറ്റ് യോഗം ചേര്‍ന്നില്ലെങ്കില്‍ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന ഗവര്‍ണര്‍ സര്‍വകലാശാലക്ക് താക്കീത് നല്‍കിയിരുന്നു

പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് അംഗത്തെ നിശ്ചയിക്കണമെന്നാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരുന്നത്. എന്നാല്‍ രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്നായിരുന്നു ഇതുവരെ സര്‍വകലാശാലയുടെ നിലപാട്. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്നും സര്‍വകലാശാല തീരുമാനിച്ചിരുന്നു. എന്നാല്‍ ഗവര്‍ണര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ സെനറ്റ് യോഗം ചേരാന്‍ സര്‍വകലാശാല ഒരുങ്ങുന്നത്.

സെനറ്റ് പ്രതിനിധിയെ തീരുമാനിക്കാത്തതിനെ തുടര്‍ന്ന് യുജിസിയുടെയും ഗവര്‍ണറുടെയും പ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പുതിയ വി സിയെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രൂപം നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് സെനറ്റ് പ്രതിനിധിയെ ഈ മാസം 26നു മുന്‍പ് നാമനിര്‍ദേശം ചെയ്യണമെന്ന് കേരള വി സിയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നത്.