Connect with us

Editors Pick

ത്രിപുര ഫലത്തിനായി കാതോര്‍ത്ത് കേരളം; ഫലം മതേതര സഖ്യത്തിന്റെ ഭാവി നിര്‍ണയിക്കും

കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സി പി എമ്മും കോണ്‍ഗ്രസ്സും ധാരണയില്‍ ബി ജെ പിക്കെതിരെ മത്സരിച്ചു എന്നതാണ് ത്രിപുര ഫലം കേരളത്തില്‍ സുപ്രധാനമാക്കുന്നത്.

Published

|

Last Updated

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കേരളത്തില്‍ ആകാംക്ഷയേറെ. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സി പി എമ്മും കോണ്‍ഗ്രസ്സും ധാരണയില്‍ ബി ജെ പിക്കെതിരെ മത്സരിച്ചു എന്നതാണ് ത്രിപുര ഫലം കേരളത്തില്‍ സുപ്രധാനമാക്കുന്നത്. എന്നാൽ എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തങ്ങളുടെ വിജയം പ്രവചിച്ചതിന്റെ ആവേശത്തിലാണ് കേരളത്തിലെ ബി ജെ പി. ത്രിപുര ഫലം അനുകൂലമായാൽ സി പി എം- കോണ്‍ഗ്രസ് അവിശുദ്ധ സഖ്യത്തിനുള്ള തിരിച്ചടി എന്ന നിലയില്‍ കേരളത്തിലും ദേശീയ തലത്തിലും ബി ജെ പി പ്രചാരണായുധമാക്കുകയും ചെയ്യും.

കോണ്‍ഗ്രസ്സിന്റെ റായ്പൂര്‍ പ്ലീനറി സമ്മേളനം മതേതര ഐക്യത്തിന്റെ വിപുലമായ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ സി പി എം- കോണ്‍ഗ്രസ് സഖ്യത്തിനു തിരിച്ചടി ഉണ്ടാവുന്നത് മതേതര ക്യാമ്പിന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നാണു ബി ജെ പി കണക്കുകൂട്ടുന്നത്. 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യനീക്കങ്ങള്‍ക്കു ത്രിപുരയിലെ പരാജയം തടയിടുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.

ത്രിപുരയില്‍ ബി ജെ പിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നിട്ടുണ്ട്. എക്‌സിറ്റ് പോളുകാര്‍ അവരുടെ ജോലി ചെയ്യുന്നു. ജനങ്ങളാണ് വിധിയെഴുതുന്നതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഉയര്‍ന്നുകൊണ്ടിരിക്കെ ത്രിപുരയില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ സി പി എമ്മിനു കേരളത്തില്‍ രാഷ്ട്രീയമായി വലിയ പിന്‍ബലമായിത്തീരും. രാജ്യത്ത് സി പി എം ഭരണത്തിലുണ്ടായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെട്ടത് ദേശീയ തലത്തില്‍ സി പി എമ്മിനു വലിയ തിരിച്ചടിയായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ സി പി എമ്മിന്റെ പ്രാധാന്യം നഷ്ടപ്പെടുകയാണെന്ന പ്രചാരണം പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ സി പി എം മെലിയുന്നതിനു കാരണമായി. കേരളത്തില്‍ പാര്‍ലിമെന്റ് സീറ്റുകളില്‍ കനത്ത തിരിച്ചടി നേരിടുന്നതില്‍ ഈ പ്രചാരണവും ഒരു കാരണമായിരുന്നു.

സി പി എമ്മിന്റെ കോട്ടയായിരുന്ന ത്രിപുരയില്‍ 2018ല്‍ ബി ജെ പി ഭരണം പിടിച്ചത് കോണ്‍ഗ്രസ് പക്ഷത്തുനിന്നുള്ള വലിയ കൊഴിഞ്ഞുപോക്കിനെ ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടായിരുന്നു. എന്നാല്‍ 2023 ലെ തിരഞ്ഞെടുപ്പില്‍ എത്തുമ്പോഴേക്കും ബി ജെ പിക്കെതിരെ മതേതര വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ സി പി എം വിജയിച്ചു. ത്രിപുരയിലെ സി പി എം-കോണ്‍ഗ്രസ് ധാരണ, ദേശീയ തലത്തില്‍ ഭാവിയില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള വിശാല മതേതര ഐക്യത്തിന്റെ സൂചകമായി മാറുകയും ചെയ്തു.

2018 ല്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തേയും ഗോത്ര വര്‍ഗ വിഭാഗത്തിന്റെയും പിന്‍തുണയോടെയാണ് സി പി എമ്മില്‍ നിന്നു ബി ജെ പി ത്രിപുര പിടിച്ചെടുത്തത്. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തില്‍ നടത്തിയ ഓപ്പറേഷന്‍ വിജയിച്ചെങ്കിലും അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അനുകൂല സാഹചര്യം നിലനിര്‍ത്താന്‍ ബി ജെ പിക്കു കഴിഞ്ഞില്ല. ഗോത്രവര്‍ഗ വിഭാഗത്തില്‍ ഉയര്‍ന്നുവന്ന പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളും ബി ജെ പിയില്‍ ഉണ്ടായ പടലപിണക്കങ്ങളും മറികടക്കാന്‍ അവര്‍ പാടുപെട്ടു.

കേന്ദ്ര ഭരണം ഉപയോഗിച്ചുള്ള അക്രമ പ്രവര്‍ത്തനങ്ങളും വലിയ വാഗ്ദാനങ്ങളും ബി ജെ പി ആയുധമാക്കിയെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു സഖ്യം. കഴിഞ്ഞ അഞ്ചുവര്‍ഷം ബി ജെ പിക്കെതിരെ രാഷ്ട്രീയമായും കായികമായും നടത്തിയ ചെറുത്തുനില്‍പ്പിന്റെ വിജയം നേടാനാണ് ഇടതു മുന്നണി ഇവിടെ ആഗ്രഹിക്കുന്നത്.

ത്രിപുര നഷ്ടപ്പെടുകയാണെങ്കില്‍ ബി ജെ പിക്ക് വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ അതുവലിയ ക്ഷീണമായിരിക്കും. ഇടതുപക്ഷം ശക്തിപ്പെടുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍ അതു ബി ജെ പിക്കെതിരെ ബദല്‍ നീക്കത്തിനു ദേശീയ തലത്തില്‍ തന്നെ ശക്തിപകരുന്നതായിരിക്കും.

കോണ്‍ഗ്രസ്- സി പി എം സഖ്യം ത്രിപുരയില്‍ വിജയിച്ചാല്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പരസ്പരം മത്സരിക്കുന്ന സി പി എമ്മിനേയും കോണ്‍ഗ്രസ്സിനേയും തുറന്നുകാട്ടാന്‍ അക്കാര്യമായിരിക്കും കേരളത്തില്‍ ബി ജെ പി ആയുധമാക്കുക.

മാര്‍ച്ച് രണ്ടിനു കാലത്ത് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ത്രിപുരയില്‍ നിന്നുള്ള ഫലമായിരിക്കും കേരളത്തെ ഏറ്റവും അധികം സ്വാധീനിക്കുക എന്നുറപ്പാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest