Connect with us

keraleeyam

കേരളീയം പിറന്നു; ഒന്നിച്ചാഘോഷിക്കാന്‍ കേരളീയം ഇനി എല്ലാ വര്‍ഷവുമെന്ന് മുഖ്യമന്ത്രി

ഉദ്ഘാടന ചടങ്ങിന് കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും സാക്ഷികളായി.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ ലോകോത്തര സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ തുറന്നുവച്ച് കേരളീയം 2023നു തുടക്കമായി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലൊരുക്കിയ പ്രൗഢ വേദിയില്‍ ലോക മലയാളികളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയത്തിനു തിരിതെളിച്ചു.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ ഇനി എല്ലാ വര്‍ഷവും കേരളീയമുണ്ടാകുമെന്നു മലയാളത്തിന്റെ മഹോത്സവത്തെ ലോകത്തിനു സമ്മാനിച്ചു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഉദ്ഘാടന ചടങ്ങിന് ഇന്ത്യന്‍ സിനിമയുടെ അഭിമാനവും കേരളീയത്തിന്റെ അംബാസിഡര്‍മാരുമായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവരും സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരും സാക്ഷികളായി.

കേരളീയരായതില്‍ അഭിമാനിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനും ലോകത്തോടു വിളിച്ചുപറയാനുമുള്ള അവസരമാണു കേരളീയമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ കേരളത്തിന്റേതുമാത്രമായ വ്യക്തിത്വസത്തയുമുണ്ട്. ഇതു നിര്‍ഭാഗ്യവശാല്‍ പലപ്പോഴും തിരിച്ചറിയുന്നില്ല.

അതുകൊണ്ടുതന്നെ ഇതിനെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ ശരിയായ രീതിയില്‍ കഴിയുന്നില്ല. ഈ സ്ഥിതി മാറണം. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന മനസ് കേരളീയര്‍ക്കുണ്ടാകണം. വൃത്തിയുടെ കാര്യം മുതല്‍ കലയുടെ കാര്യത്തില്‍ വരെ വേറിട്ടുനില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളംതലമുറയിലടക്കം ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളീയരെന്നും, പലകാര്യങ്ങളിലും എല്ലാവര്‍ക്കും മുന്നിലാണു കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ കഴിയണം.

പുതിയ കേരളത്തെ, വിജ്ഞാന സമൂഹത്തിലേക്കു കുതിക്കുന്ന, മാറിയ കേരളത്തെ ലോക ക്രമത്തിനൊത്തു ചുവടുവയ്ക്കുന്ന കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയെന്നതാണു കേരളീയമെന്ന പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തെക്കുറിച്ച് അഭിമാനിക്കുക, കേരളീയതയെ ലോകസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നിവയാണ് കേരളീയത്തിന്റെ ഉദ്ദേശ്യം. ഇതിലൂടെ എല്ലാ രംഗത്തും കേരളം ലോകമാകെ ശ്രദ്ധിക്കപ്പെടും. ലോകശ്രദ്ധ ഇവിടേയ്ക്കു കേന്ദ്രീകരിക്കുന്ന മുറയ്ക്കു കേരളത്തിന്റെ സമസ്ത രംഗങ്ങളിലേയും കുതിച്ചുചാട്ട സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുകയും ചെയ്യുമെന്നു മുഖ്യന്ത്രി പറഞ്ഞു.

കേരളീയത്തില്‍ പങ്കുചേരാനും ഭാവി കേരളത്തിന് ഉതകുന്ന ആശയങ്ങളും അറിവുകളും പകര്‍ന്നുനല്‍കാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വിദഗ്ധര്‍, പണ്ഡിതര്‍, പ്രതിഭകള്‍ തുടങ്ങി ഇതിലേക്ക് എത്തുന്ന എല്ലാവരേയും കേരളം സ്വാഗതം ചെയ്യുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരള കലാമണ്ഡലം അവതരിപ്പിച്ച കേരളീയ ഗാന നൃത്താവിഷ്‌കാരത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കമായത്. കേരളീയവുമായി ബന്ധപ്പെട്ടു ഷാജി എന്‍. കരുണ്‍ തയാറാക്കിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

കേരളത്തനിമയുടെ ആവിഷ്‌കാരമായ 42 പ്രദര്‍ശന നഗരികള്‍, നവകേരളത്തിന്റെ രൂപരേഖയൊരുക്കുന്ന സെമിനാറുകള്‍, ചലച്ചിത്രോത്സവം, പുഷ്പോത്സവം, ട്രേഡ് ഫെയറുകള്‍, കലാപരിപാടികള്‍ തുടങ്ങി നാട് ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷമാണ് ഏഴു സുന്ദര രാപ്പകലുകളിലായി കേരളീയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നു ചടങ്ങിനു സ്വാഗതം ആശംസിച്ച കേരളീയം സംഘാടക സമിതി ചെയര്‍മാനും പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രിയുമായ വി. ശിവന്‍കുട്ടി പറഞ്ഞു. കേരളത്തിലെ പുതു തലമുറയ്ക്കു പുതിയ കേരളം എന്താണെന്നറിയാനുള്ള വാതിലാകും കേരളീയമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

കേരളീയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായ കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന എന്നിവര്‍ മുഖ്യമന്ത്രിയുമായി വേദിയില്‍വച്ച് സെല്‍ഫിയെടുത്തു. അടുത്ത വര്‍ഷത്തെ കേരളീയത്തിന്റെ പ്രചാരണാര്‍ഥമാണിതെന്നു സെല്‍ഫിയെടുത്തുകൊണ്ടു മോഹന്‍ലാല്‍ പറഞ്ഞു.സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം വേദിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യമന്ത്രിക്കു കൈമാറി.

കേരളീയത്തിന്റെ ബ്രോഷര്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ആന്റണി രാജു, വി അബ്ദുറഹിമാന്‍, അഹമ്മദ് ദേവര്‍കോവില്‍, സജി ചെറിയാന്‍, ഡോ. ആര്‍ ബിന്ദു, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, മേയര്‍ ആര്യ രാജേന്ദ്രന്‍, യു എ ഇ അംബാസിഡര്‍ അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ശാലി, ദക്ഷിണ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജസ് മെദീന, വിയറ്റ്നാം പൊളിറ്റിക്കല്‍ കൗണ്‍സിലര്‍ ട്രാന്‍ താന്‍ ഹൂണ്‍, എം പി മാര്‍ എം എല്‍ എ മാര്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ ,എം എ യൂസഫലി, രവിപിള്ള, എം വി പിള്ള, ടി പത്മനാഭന്‍, ശ്രീകുമാരന്‍ തമ്പി, കേരളീയം സംഘാടക സമിതി കണ്‍വീനര്‍ എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രഫ. ഡോ. അമര്‍ത്യ സെന്‍, ഡോ. റാമില ഥാപ്പര്‍, ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്, അഡ്വ. കെ കെ വേണുഗോപാല്‍, ടി എം കൃഷ്ണ, ഉസ്താദ് അംജദ് അലി ഖാന്‍ എന്നിവരുടെ ആശംസാ പ്രസംഗങ്ങള്‍ വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

 

Latest