Articles
കേരളം: കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുമ്പോള്‍
ജനങ്ങളും ഭരണകൂടങ്ങളും കൂടുതല്‍ ജാഗരൂകരാകേണ്ട സമയമാണിത്.
മനസ്സാക്ഷി മരവിപ്പിക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണിപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2006ലെ നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 1,29,278 ആണ്. കുട്ടികള്‍ക്കെതിരെ വിവിധ തരത്തിലുള്ള കേസുകള്‍ 3,847ഉം സ്ത്രീകള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ 14,427ഉം ആണ്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാം പുതിയ പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു മനുഷ്യ ജീവനെ എങ്ങനെയൊക്കെ കൊല്ലാമെന്നും ഒരു ശരീരത്തില്‍ എത്രമാത്രം മുറിവും വെട്ടുമേല്‍പ്പിക്കാമെന്നും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് പുരോഗമിച്ച് എത്ര മണിക്കൂറിനുള്ളില്‍ പകരം ആളെ കണ്ടെത്താമെന്നും പ്രതികാരം ചെയ്യാമെന്നും കേരളക്കാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു.
സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,139 കേസുകളും കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി, ആറ് മാസത്തിനുള്ളില്‍ എഴുനൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്നും റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ, സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലെ നമുക്ക് സുപരിചിതമായിക്കഴിഞ്ഞതാണിപ്പോള്‍ ദുരഭിമാന കൊലകളും. കോടതിയടക്കം ദുരഭിമാനക്കൊല എന്ന് വിലയിരുത്തുകയും സമൂഹം ഏറെ ചര്‍ച്ച ചെയ്യുകയും ചെയ്ത സംഭവമായിരുന്നു കോട്ടയത്തെ കെവിന്റെ കൊലപാതകം. പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെയാണ് അനീഷ് എന്ന യുവാവും കൊലക്കത്തിക്കിരയാകേണ്ടി വന്നത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ കല്യാണത്തലേന്ന് മലപ്പുറം അരീക്കോട്ടെ ആതിരയെന്ന പെണ്‍കുട്ടിക്കും ജീവന്‍ നഷ്ടമായി. ജാതിരഹിത – മതേതര സമൂഹമാണെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ് ഒന്നിന് പിറകെ ഒന്നായി ഇത്തരം കൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പട്ടികജാതി അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യത്ത് 9.4 ശതമാനം വര്‍ധനവുണ്ടായി.
ദാമ്പത്യ-സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും മറ്റെല്ലാ കുറ്റകൃത്യങ്ങളെയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് മുന്നേറുന്നത്. 100 ശതമാനം സാക്ഷരത നേടിയ കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 70ഓളം സ്ത്രീധന പീഡന മരണങ്ങള്‍. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാതെ മരിച്ചുപോയവര്‍ പിന്നെയുമുണ്ട്. മാത്രമല്ല, ഇതൊക്കെ കേവലം ഔദ്യോഗിക കണക്ക് മാത്രം. എണ്ണത്തില്‍ പെടാത്തതും പുറം ലോകമറിയാത്തതുമായവ ഇനിയെത്ര?
നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2020ല്‍ മാത്രം 434 കുട്ടിക്കുറ്റവാളികളെയാണ് നിയമ നടപടികള്‍ക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകള്‍ നിരവധിയാണ്. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളുടെ കുറ്റവാസനകള്‍ വര്‍ധിച്ചതായാണ് കണക്ക്. ബലാത്സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വില്‍പ്പനയും തുടങ്ങി മോഷണ ശ്രമങ്ങളും കവര്‍ച്ചയും ആത്മഹത്യയുമടക്കം സകല കുറ്റങ്ങളിലും ഈ കൗമാരക്കാരും ഭാഗമാകുന്നു. ട്രാഫിക് നിയമലംഘനങ്ങള്‍, അടിപിടി കേസുകള്‍ തുടങ്ങിയ നിസ്സാര കുറ്റങ്ങള്‍ വേറെയുമുണ്ട്. കേരളത്തിന്റെ ശുഭ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ കണക്കുകളൊക്കെയും.
ക്യാമ്പസിലും അക്രമങ്ങളും കൊലപാതകങ്ങളും അരങ്ങുതകര്‍ക്കുകയാണ്. മഹാരാജാസിലെ അഭിമന്യുവും പൈനാവ് എന്‍ജിനീയറിംഗ് കോളജിലെ ധീരജും രാഷ്ട്രീയ ഭ്രാന്തിന്റെ ഇരകളാണെങ്കില്‍ കോതമംഗലം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനി മാനസയും പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ഥിനി നിതിനയുമൊക്കെ പ്രണയത്തിന്റെയും കാമത്തിന്റെയും ഇരകളാണ്. സാമ്പത്തിക രംഗത്താകട്ടെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗുകളുടെയും ഓണ്‍ലൈന്‍ തട്ടിപ്പുകളുടെയും ചാകരയാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തില്‍ വലിയ തോതില്‍ കൂടിയിരിക്കുന്നു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2020ല്‍ 9,136 കേസുകളില്‍ 63.5 ശതമാനം കേസുകളുടെ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായി.
ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും സംസ്ഥാനം പരക്കെ അരങ്ങുവാഴുന്നു എന്നതിനേക്കാള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇതിലിപ്പോള്‍ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കാളികളാണ് എന്നതാണ്. കണ്ണൂരില്‍ അടുത്തിടെ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ക്വട്ടേഷന്‍ സംഘമെത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് 22 വയസ്സുള്ള യുവതിയാണത്രെ. കാസര്‍കോട്ടെ ചൂരിയിലെ മഹേഷ് എന്ന 23 വയസ്സുകാരന്‍ ഇപ്പോള്‍ തന്നെ 21 കേസുകളിലെ പ്രതിയാണത്രെ! സിനിമയുടെയും സീരിയലുകളുടെയും മറവില്‍ നടക്കുന്ന സെക്‌സ് റാക്കറ്റുകളെക്കുറിച്ചും കള്ളപ്പണ മാഫിയകളെക്കുറിച്ചും തുറന്നു പറയാന്‍ പേടിയാണെന്ന് പറയുന്നത് ഒരു പ്രമുഖ സിനിമാ നടി തന്നെയാണ്. ഒരു പ്രമുഖ സിനിമാ സ്റ്റാര്‍, നടിയെ കുടുക്കാന്‍ ശ്രമിച്ചതിന്റെ പിന്നാമ്പുറ കഥകളൊക്കെ അങ്ങാടിപ്പാട്ടായിക്കൊണ്ടിരിക്കുന്നതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണല്ലോ നാമിപ്പോള്‍.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികാസമനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. മാനത്തിന് വിലപറഞ്ഞും അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചും ബ്ലാക്‌മെയില്‍ ചെയ്യുകയും പണം തട്ടുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമായിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്കിലും വാട്ട്‌സ്്ആപ്പിലുമൊക്കെ ആളെ വീഴ്ത്താന്‍ വ്യാജ പ്രൊഫൈലുകളും അക്കൗണ്ടുകളും ഒഴുകിനടന്നുകൊണ്ടിരിക്കുന്നു.
ജനങ്ങളും ഭരണകൂടങ്ങളും കൂടുതല്‍ ജാഗരൂകരാകേണ്ട സമയമാണിത്. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുകയും അക്രമം അഴിഞ്ഞാടുകയും ചെയ്യുന്നതിന്റെ ഫലം അരാജകത്വമായിരിക്കും. കുറ്റവാളികളെ ഉടന്‍ തന്നെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ സാമൂഹിക ജീവിതം അടുത്ത ഭാവിയില്‍ തന്നെ ദുരന്തപൂര്‍ണവും അരക്ഷിതവുമായിത്തീരും.