Connect with us

Articles

സ്റ്റാർട്ടപുകൾ നിർമിക്കുന്ന കേരളം

Published

|

Last Updated

കേരളത്തിന്റെ സ്റ്റാർട്ടപ് മേഖല സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്ന ആഗോള സ്റ്റാർട്ടപ് ആവാസ വ്യവസ്ഥാ റിപോർട്ട് കേരളീയർക്കാകെ അഭിമാനം നൽകുന്നതാണ്. ആഗോളതലത്തിൽ സ്റ്റാർട്ടപ് ആവാസ വ്യവസ്ഥയുടെ ശരാശരി മൂല്യവർധന 46 ശതമാനമാണെന്നിരിക്കെ കേരളത്തിലേത് 254 ശതമാനമാണെന്നാണ് റിപോർട്ട് വിലയിരുത്തുന്നത്. അഫോർഡബിൾ ടാലന്റ്ഇൻഡെക്സിൽ ഏഷ്യയിലെ നാലാം സ്ഥാനവും കേരളത്തിനാണ്. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ എന്റർപ്രണർഷിപ് നെറ്റ്്വർക്ക് എന്നിവർ ചേർന്നാണ് റിപോർട്ട് തയ്യാറാക്കുന്നത്.
ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ്സ് ഇൻക്യുബേറ്റർ ആയി കേരള സ്റ്റാർട്ടപ് മിഷൻ തിരഞ്ഞെടുക്കപ്പെതും കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലക്ക് കിട്ടിയ മറ്റൊരു അംഗീകാരമാണ്. ലോകമാകെയുള്ള ബിസിനസ്സ് ഇൻക്യുബേറ്ററുകളുടെയും ആക്‌സിലറേറ്ററുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി സ്വീഡിഷ് ഗവേഷണ സ്ഥാപനമായ യു ബി ഐ ഗ്ലോബൽ പ്രസിദ്ധീകരിക്കുന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിലാണ് സ്റ്റാർട്ടപ് മിഷൻ ഈ നേട്ടം കൈവരിച്ചത്. അയ്യായിരത്തിൽപരം സ്റ്റാർട്ടപുകളുടെ തുടക്കത്തിന് കളമൊരുക്കിയ പ്രവർത്തനങ്ങളാണ് ഇത്തരത്തിൽ അംഗീകരിക്കപ്പെടുന്നത്. രാജ്യത്തെതന്നെ ഏറ്റവും മികച്ച മൂന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിൽ നിന്നുള്ള ജെൻ റോബോട്ടിക്സാണ്. കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബൽ പാർട്ണർഷിപ്പ് ഓൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലാണ് എ ഐ ഗെയിം ചേഞ്ചേഴ്‌സ് വിഭാഗത്തിൽ ജെൻ റോബോട്ടിക്‌സ് ഈ നേട്ടം കൈവരിച്ചത്.
മാൻഹോളുകൾ വൃത്തിയാക്കുന്നതിനായി ബാൻടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെൻ റോബോട്ടിക്‌സ് 2018ൽ കേരള സർക്കാറിന്റെ സഹകരണത്തോടു കൂടിയാണ് സ്റ്റാർട്ടപ് ആയി പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളിൽ ഒന്നായി ജെൻ റോബോട്ടിക്‌സ് വളർന്നിരിക്കുന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വർക്ക്ഷോപ്പിനുള്ള സ്ഥലവും ടെക്നോപാർക്കിൽ നൽകുകയും ചെയ്തത് സംസ്ഥാന സർക്കാറാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായിട്ടാണ് സർക്കാർ കാണുന്നത്.
യുവാക്കൾക്ക് നമ്മുടെ നാട്ടിൽ തന്നെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അവരുടെ കഴിവുകൾ കേരളത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കുക എന്നീ നയങ്ങളിൽ ഊന്നിയാണ് എൽ ഡി എഫ് സർക്കാറിന്റെ പ്രവർത്തനം. അതിന്റെ ഭാഗമായി സ്റ്റാർട്ടപ് മേഖലയുടെ വളർച്ച സാധ്യമാക്കാനായിരുന്നു ശ്രമം. ഈ പരിശ്രമങ്ങളുടെ ഫലമായി കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്.

ഒരു പുതിയ ആശയത്തെ വിജയകരമായി പ്രവർത്തനപഥത്തിൽ എത്തിക്കുന്നതിന് നിലവിൽ സംരംഭകർക്ക് വേണ്ടത് മതിയായ സാമ്പത്തിക പിന്തുണയാണ്. സ്റ്റാർട്ടപ് എന്ന നിലക്ക് ബേങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക നിലവിലെ സ്ഥിതിയിൽ വളരെ പ്രയാസകരമായ കാര്യമാണ്. ഈട് രഹിത വായ്പ നൽകാൻ ബേങ്കുകൾ പലപ്പോഴും തയ്യാറാകുന്നില്ല. ഉയർന്ന പലിശ നിരക്കിൽ ലഭിക്കുന്ന വായ്പകൾ പിച്ചവെക്കുന്ന സ്റ്റാർട്ടപുകളെ ശ്വാസം മുട്ടിക്കുന്ന അനുഭവങ്ങളാണ് പലരും പങ്കുവെക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഫിനാൻഷ്യൽ കോർപറേഷനോട് ഈ രംഗത്ത് ഇടപെടാൻ സർക്കാർ നിർദേശിച്ചത്. കെ എഫ് സി വലിയ ദൗത്യമാണ് ഏറ്റെടുത്തത്. സാങ്കേതികവിദ്യാധിഷ്ടിത ആശയങ്ങളായിരുന്നു നവസംരംഭകരുടെ മൂലധനം. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കുക എന്ന സർക്കാർ നയം കോർപറേഷൻ നടപ്പാക്കി. ഇതിനകം 61 സ്റ്റാർട്ടപുകൾക്ക് കെ എഫ് സിയുടെ സാമ്പത്തിക പിന്തുണ നൽകാനായി.

Latest