Kerala
പാലുല്‍പ്പാദനത്തില്‍ കേരളം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വയംപര്യാപ്തത കൈവരിക്കും; മന്ത്രി ജെ ചിഞ്ചുറാണി
ഇടുക്കിയിലെ അണക്കരയില്‍ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി|പാലുല്‍പ്പാദനത്തില്‍ കേരളം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ 90 ശതമാനവും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നും നിലവിലെ പശുക്കളുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിച്ച് സമ്പൂര്‍ണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ അണക്കരയില്‍ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തോട്ടം തൊഴിലാളികള്‍ക്ക് പശു വളര്‍ത്തലിലൂടെ സ്ഥിരവരുമാനം ലക്ഷ്യമിട്ടുള്ള ക്ഷീര ലയം പദ്ധതിക്ക് ഇടുക്കിയില്‍ തുടക്കം കുറിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ 10 പേര്‍ക്ക് 10 പശുക്കളെ ഉള്‍ക്കൊള്ളുന്ന തൊഴുത്ത് വകുപ്പ് നിര്‍മിച്ച് നല്‍കും.
പശുവിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വേഗത്തില്‍ അറിയാനായി റേഡിയോ ഫ്രീക്വന്‍സി ചിപ്പ് ചെവിയില്‍ ഘടിപ്പിക്കുന്ന ഇ സമൃദ്ധ പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ ഉടന്‍ തുടക്കമാകുമെന്നും മന്ത്രി അറിയിച്ചു.
പാലുല്‍പ്പാദനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കര്‍ഷകര്‍, സഹകാരികള്‍, ക്ഷീര സംഘങ്ങള്‍ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. ക്ഷീരവികസന മേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും മന്ത്രി പുരസ്‌കാരങ്ങള്‍ നല്‍കി.