From the print
കേന്ദ്രം കനിഞ്ഞില്ലെങ്കിൽ വേനലിൽ കേരളം ഇരുട്ടിലാകും
പ്രതിദിന ഉപഭോഗം 6,000 മെഗാവാട്ട് യൂനിറ്റ് വരെ എത്തും
പാലക്കാട് | കേന്ദ്രം കനിഞ്ഞില്ലെങ്കില്‍ ഇത്തവണ കേരളം ഇരുട്ടിലാകും. വരുന്ന വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം പ്രതിദിനം 6,000 മെഗാവാട്ട് യൂനിറ്റ് വരെ എത്തുന്ന അവസ്ഥയുണ്ടാകുമെന്നാണ് മുന്‍കാല കണക്കുകള്‍ വിലയിരുത്തി കെ എസ് ഇ ബിയുടെ നിഗമനം. സംസ്ഥാനത്ത് ഈ സമയത്ത് വൈദ്യുതി ഉത്പാദനം കുറയുകയും ഉപഭോഗം വര്‍ധിക്കുകയും ചെയ്യും.
വന്‍ വില കൊടുത്ത് വൈദ്യുതി സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങുന്നത് കെ എസ് ഇ ബിക്ക് താങ്ങാവുന്നതിനപ്പുറമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്ര ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന്(സി ജി എസ്) വൈദ്യുതി വിഹിതം വര്‍ധിപ്പിക്കണമെന്ന് കെ എസ് ഇ ബി കേന്ദ്ര വൈദ്യുതി മന്ത്രാലയത്തോടാവശ്യപ്പെട്ടിരിക്കുകയാണ്.
നാഷനല്‍ തെര്‍മല്‍ പവര്‍ കോർപറേഷൻ (എൻ ടി പി സി) ലിമിറ്റഡിന്റെ താല്‍ച്ചര്‍ സ്റ്റേഷനില്‍ നിന്നുള്ള വിഹിതം 180 മെഗാവാട്ടില്‍ നിന്ന് 400 മെഗാവാട്ടായി വര്‍ധിപ്പിച്ച് 2025 ജൂണ്‍ വരെ നല്‍കാനുള്ള കരാര്‍ നീട്ടണമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രിക്ക് അയച്ച കത്തില്‍ കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ട്്.
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ കണക്കനുസരിച്ച് 2025 മാര്‍ച്ച് വരെ 177 മെഗാവാട്ടാണ് എന്‍ ടി പി സിയില്‍ നിന്ന് കേരളത്തിന് നല്‍കാനുള്ള നിലവിലെ കരാര്‍. കൂടാതെ, ന്യൂക്ലിയര്‍ പവര്‍ കോർപറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻ പി സി ഐ എല്‍) രാജസ്ഥാന്‍ ആറ്റോമിക് പവര്‍ സ്റ്റേഷനില്‍ നിന്ന് 350 മെഗാവാട്ട് വിഹിതവും ആവശ്യപ്പെട്ടിട്ടുണ്ട്.