kerala budget 2024
കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റും; അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ തുറക്കും
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപ

തിരുവനന്തപുരം | കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുമെന്നും സർക്കാർ ആശുപത്രികളിൽ ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
സംസ്ഥാന്ന് അഞ്ച് ജില്ലകളിലായി അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി രൂപ അനുവദിച്ചു. ലബോറട്ടറി നവീകരണത്തിന് ഏഴുകോടി രൂപയും നൽകും.
പാലക്കാട് മെഡിക്കൽ കോളജിന് 50 കോടി രൂപ, മലബാർ ക്യാൻസർ സെന്ററിന് 28 കോടി രൂപ, കൊച്ചിൻ ക്യാൻസർ സെന്ററിന് 14.5 കോടി രൂപ, ആരോഗ്യ സർവകലാശാലക്ക് 11.5 കോടി രൂപ, ആയുഷ് പദ്ധതിക്ക് 25 കോടി, കോഴിക്കോട് ഇംഹാന്‍സിന് 3.6 കോടി രൂപ എന്നിങ്ങനെയും തുക അനുവദിച്ചു.
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപയാണ് നീക്കിവെച്ചത്. കാരുണ്യ പദ്ധതിക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.