Kerala
കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്; യോഗിക്ക് മറുപടിയുമായി വി.ഡി.സതീശന്‍
യോഗിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം| ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ‘പ്രിയ യുപി കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്- വി.ഡി.സതീശന്‍ ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബംഗാളോ ആകാതിരിക്കാന്‍ ബിജെപിക്കു വോട്ടു ചെയ്യണമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ ആഹ്വാനം. യോഗിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യോഗി ആദിത്യനാഥ് ഭയക്കുന്നതുപോലെ യുപി കേരളമായി മാറിയാല്‍ അവിടെയുള്ളവര്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യ സേവനങ്ങളും സാമൂഹികക്ഷേമവും ജീവിതനിലവാരവും ആസ്വദിക്കാനാകുമെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ കൊല്ലപ്പെടില്ലെന്നും അതാണ് യുപിയിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു.
അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നിരവധി അത്ഭുതകരമായ കാര്യങ്ങള്‍ സംഭവിച്ചെന്നും ജനങ്ങള്‍ക്കു തെറ്റുപറ്റിയാല്‍ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകുമെന്നും യോഗി പറഞ്ഞിരുന്നു. സ്വന്തം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് യോഗിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പു ദിനത്തിലാണ് വോട്ടര്‍മാര്‍ക്കു തെറ്റുപറ്റിയാല്‍ യുപി കശ്മീരോ കേരളമോ ആയി മാറുമെന്ന് യോഗി പറഞ്ഞത്.