Connect with us

Editorial

കേരളീയര്‍ക്ക് വിധിക്കപ്പെട്ടത് വിഷമയ ആഹാരങ്ങള്‍

നല്ല ഭക്ഷണം നാടിൻ്റെയും ജനങ്ങളുടെയും അവകാശമാണെങ്കിലും കേരളീയരെ സംബന്ധിച്ചിടത്തോളം അത് വാക്കില്‍ ഒതുങ്ങുന്നു

Published

|

Last Updated

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷം കലര്‍ന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും രോഗം ബാധിച്ച കോഴികളും ചീഞ്ഞളിഞ്ഞ് പുഴുവരിച്ച മത്സ്യങ്ങളും തിന്ന് മാരക രോഗങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണോ മലയാളികള്‍? കേരളത്തില്‍ വിറ്റഴിക്കാന്‍ തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മാരക വിഷങ്ങള്‍ പ്രയോഗിക്കുന്ന കാര്യം അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിലൂടെയും ലാബ് പരിശോധനകളിലൂടെയും പലപ്പോഴും വെളിപ്പെട്ടതാണ്. സംസ്ഥാനത്തെ പല ബേക്കറികളിലും ഫാസ്റ്റ്ഫുഡ് കടകളിലും വില്‍ക്കുന്ന ഷവര്‍മ, ചിക്കൻ റോൾ, പഫ്സ്, കട്‌ലെറ്റ് തുടങ്ങിയ വിഭവങ്ങള്‍ നിര്‍മിക്കുന്നത് തമിഴ്‌നാട്ടില്‍ നിന്ന് രോഗബാധിതവും ചത്തതുമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത് എത്തിക്കുന്ന മാംസം ഉപയോഗിച്ചാണെന്ന വിവരവും പുറത്തു വരികയുണ്ടായി.

മൂന്ന് ദിവസം മുമ്പാണ് കൊച്ചിയിലെ മരടില്‍ നിന്ന് രണ്ട് കണ്ടെയ്‌നറുകളില്‍ 160ല്‍ പരം പെട്ടിയിലായി സൂക്ഷിച്ച ചീഞ്ഞളിഞ്ഞതും പുഴുവരിച്ചതുമായ 6,000 കിലോ മത്സ്യം ആരോഗ്യ വിഭാഗം പിടികൂടിയത്. ഒരു മാസത്തോളം പഴക്കമുണ്ട് ഈ മത്സ്യങ്ങള്‍ക്കെന്ന് ലാബ് പരിശോധനയില്‍ വ്യക്തമായി. മത്സ്യം കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. താപനില നിയന്ത്രിക്കാന്‍ കഴിയുന്ന ലോറിയില്‍ ഐസുകള്‍ക്കിടയില്‍ വെച്ചാണ് മീന്‍ കൊണ്ടുവരാറുള്ളത്. ഇത്തരം യാതൊരു സംവിധാനവും പിടിയിലായ ലോറികളില്‍ ഉണ്ടായിരുന്നില്ല. ഉപയോഗശൂന്യമായ ഈ മത്സ്യങ്ങള്‍ പഴക്കമില്ലാത്ത മീനുമായി കൂട്ടിക്കലര്‍ത്തി വില്‍പ്പന നടത്താനായിരുന്നു നീക്കമെന്നും ആലപ്പുഴയിലെ ചെറുകിട സീഫുഡ് കമ്പനിയിലേക്കാണ് ഇവ കൊണ്ടുവന്നതെന്നുമാണ് വിവരം. ആന്ധ്ര വിജയവാഡ സ്വദേശിയുടേതാണ് കണ്ടെയ്നറുകള്‍. ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണ് മീന്‍ എത്തിച്ചത്.
സംസ്ഥാനത്ത് ഇതാദ്യമല്ല ചീഞ്ഞളിഞ്ഞു നാറിയ മത്സ്യം പിടിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തിരുവനന്തപുരം അഞ്ചുതെങ്ങിലെ സ്വകാര്യ മത്സ്യ ലേലച്ചന്തയില്‍ നിന്ന് 9,600 കിലോ പഴകി ഭക്ഷ്യയോഗ്യമല്ലാതായ മത്സ്യവും 2022 ജൂണില്‍ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്ന് 10,750 കിലോ പഴകിയ മത്സ്യവും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. കൊറോണ കാലത്ത് തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വില്‍ക്കാനായി കൊണ്ടുവന്ന 2,000 കിലോ വാള, കണവ തുടങ്ങിയ പഴകിയ മത്സ്യം പിടിച്ചെടുക്കുകയുണ്ടായി. വിഷമയമായ മത്സ്യത്തിൻ്റെ വില്‍പ്പനയും കടത്തും നിയന്ത്രിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌കരിച്ച ഓപറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി 2020 ഏപ്രിലില്‍ നടന്ന എട്ട് ദിവസത്തെ പരിശോധനകളില്‍ 1,00,508 കിലോ ഉപയോഗശൂന്യമായ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.

ട്രോളിംഗ് നിരോധന നാളുകളില്‍ സംസ്ഥാനത്ത് മത്സ്യക്ഷാമം അനുഭവപ്പെടുമ്പോള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പഴകി ഭക്ഷ്യയോഗ്യമല്ലാതായ മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സാധാരണമാണ്. കേരളത്തിലേക്ക് കടത്തുന്ന മോശം മത്സ്യങ്ങളുടെ ചെറിയൊരു ശതമാനം മാത്രമേ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടുന്നുള്ളൂ. ഗണ്യവിഭാഗവും ബന്ധപ്പെട്ടവര്‍ അറിയാതെയോ അവരുടെ ഒത്താശയോടെയോ വിവിധ മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കപ്പെടുകയാണ്.

ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ മാത്രമല്ല, പ്രത്യക്ഷത്തില്‍ പുതുപുത്തനെന്നു തോന്നിക്കുന്ന, കച്ചവടക്കാര്‍ ഫ്രഷ് മത്സ്യമെന്ന അവകാശവാദത്തോടെ വില്‍ക്കുന്ന മത്സ്യവും സൂക്ഷിച്ചു വേണം വാങ്ങാനെന്നാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളിലെ ഹാര്‍ബറുകളില്‍ നിന്നുള്ള മത്സ്യം സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലെത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുന്നതിനാല്‍ കേടാകാതിരിക്കുന്നതിന് മത്സ്യത്തില്‍ ഐസുകള്‍ക്കൊപ്പം അമോണിയ വിതറിയാണ് പെട്ടിയിലാക്കുന്നത്. പിന്നീട് മൊത്ത വിതരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യത്തിലേക്ക് വീണ്ടും കച്ചവടക്കാര്‍ സോഡിയം ബെന്‍സോയിറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. ഇതോടെ മത്സ്യങ്ങള്‍ കൂടുതല്‍ വിഷമയമാകുന്നു. ചില രാസപദാര്‍ഥങ്ങള്‍ പുരട്ടിയാല്‍ മീന്‍ പുതിയതു പോലെ തോന്നിപ്പിക്കും.

ഫ്രഷ് മത്സ്യമെന്ന പേരില്‍ വില്‍പ്പന നടത്തുന്നവയില്‍ പലതും ഈ ഗണത്തില്‍ പെട്ടതാണെന്നാണ് വിവരം. മാരകമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതാണ് മത്സ്യത്തിലെ രാസവസ്തുക്കള്‍. കേരളത്തില്‍ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ മാരക രോഗങ്ങളുടെ വര്‍ധനക്ക് ഭക്ഷണത്തിലെ അപാകത പ്രധാന കാരണമാണെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് ഇവിടെ ഓര്‍മിക്കേണ്ടതാണ്.
വിഷമയവും കേടുവന്നതുമായ മത്സ്യം കണ്ടെത്താന്‍ അധികൃതര്‍ ഇടക്കിടെ ഓപറേഷന്‍ റാണി സാഗര്‍, ഓപറേഷന്‍ മത്സ്യ പോലുള്ള സംസ്ഥാന വ്യാപക പരിശോധനകളും പ്രാദേശികതല പരിശോധനകളും നടത്തുന്നുണ്ട്. റാപിഡ് ഡിറ്റക്്ഷന്‍ കിറ്റുകള്‍ ഉപയോഗിച്ചുള്ള ഓപറേഷന്‍ മത്സ്യ ശക്തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിൻ്റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് ഇതിനിടെ ആരോഗ്യ മന്ത്രി അവകാശപ്പെട്ടത്. കൊച്ചി മരടില്‍ നിന്നടക്കം പിന്നെയും സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളില്‍ നിന്ന് മോശം മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ഈ അവകാശവാദം പൊളിയുകയാണ്. ഗോവ, തൂത്തുക്കുടി, രാമേശ്വരം, കന്യാകുമാരി, കുളച്ചാല്‍, ഗുജറാത്ത്, പുണെ, മംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ശീതീകരിച്ച വാഹനങ്ങളില്‍ മോശം മത്സ്യങ്ങള്‍ യഥേഷ്ടം ഇപ്പോഴും എത്തുന്നുണ്ട്. മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് പരിശോധിച്ച് അത്തരം വാഹനങ്ങള്‍ തിരിച്ചയക്കാനാവശ്യമായ സംവിധാനങ്ങള്‍ ചെക്ക് പോസ്റ്റുകളിലില്ലാത്തതും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും മീന്‍കടത്തുകാരും തമ്മിലുള്ള അവിഹിത ബന്ധവും മത്സ്യക്കടത്ത് ലോബിക്ക് സഹായകമാകുകയാണ്. നല്ല ഭക്ഷണം നാടിൻ്റെയും ജനങ്ങളുടെയും അവകാശമാണെങ്കിലും കേരളീയരെ സംബന്ധിച്ചിടത്തോളം അത് വാക്കില്‍ ഒതുങ്ങുന്നു.

---- facebook comment plugin here -----

Latest