Kerala
കേരളീയം ലോഗോക്കായി പണം വാങ്ങിയിട്ടില്ല; ഏഴ് കോടി ലഭിച്ചുവെന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഢ ലക്ഷ്യം: ബോസ് കൃഷ്ണമാചാരി
ലഭിച്ച ലോഗോകളില്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം പരിപാടിയുടെ ലോഗോ തയ്യാറാക്കാന്‍ കോടികള്‍ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് ബോസ് കൃഷ്ണമാചാരി. പ്രതിഫലം കൈപറ്റാതെയാണ് ലോഗോ തയ്യാറാക്കിയതെന്നും ലോഗോ തയ്യാറാക്കാന്‍ തനിക്ക് ഏഴു കോടി രൂപ ലഭിച്ചു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
കേരളീയത്തിന്റെ ലോഗോ തയ്യാറാക്കാന്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ലഭിച്ച ലോഗോകളില്‍ കേരളീയം വിഭാവനം ചെയ്യുന്ന സന്ദേശം പ്രതിഫലിക്കാത്തതിനാല്‍ ലോഗോ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് കേരളീയത്തിന്റെ ലോഗോ തയ്യാറാക്കിയത്. അതിന് പ്രതിഫലം വാങ്ങിയിട്ടില്ലെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.
വാസ്തവം ഇതായിരിക്കെ വന്‍ തുക പ്രതിഫലം കൈപ്പറ്റി എന്ന അസത്യ പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്. ഇത് പലരും ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍ പെട്ടു. ഇത്തരത്തിലുള്ള അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും ബോസ് കൃഷ്ണമാചാരി അഭ്യര്‍ഥിച്ചു