keshavadasapuram murder
കേശവദാസപുരം കൊലപാതകം; പ്രതിയെ തമിഴ്‌നാട് പോലീസ് കേരളത്തിന് കൈമാറി
ചെന്നൈയില്‍ നിന്നും പ്രതിയുമായി അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക്
ചെന്നൈ | തിരുവനന്തപുരം കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ തമിഴ്‌നാട് പോലീസ് കേരള പോലീസിന് കൈമാറി. കോടതിയില്‍ നിന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രതിയെ ചെന്നൈയില്‍ നിന്നും ഇന്ന് തന്നെ കേരളത്തിലെത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കൊണ്ടുവരുന്നത്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ നാളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍വെച്ച് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പോലീസ് പിടികൂടിയത്. നേരത്തെ ആര്‍ പി എഫാണ് പിടികൂടിയതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇത് നിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാള്‍ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.