Kerala
കേശവദാസപുരം കൊലപാതകം; ചെന്നൈയില്‍ പിടിയിലായ പ്രതിയെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും
കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം | കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആദം അലിയെ ഇന്ന് ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തെത്തിക്കും. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ ചെന്നൈയില്‍ നിന്ന് ആര്‍പിഎഫ് ആണ് പിടികൂടിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളിലെ പോലീസിനും സുരക്ഷാ സേനകള്‍ക്കും വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആര്‍പിഎഫ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കും.
കഴിഞ്ഞ ദിവസമാണ് മനോരമയെ(68) സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ദിനരാജ് മകളുടെ വീട്ടില്‍ പോയപ്പോഴായിരുന്നു കൊലപാതകം. അഞ്ച് ഇതരസംസ്ഥാന തൊഴിലാളികളാണ് മനോരമയുടെ വീട്ടിനടുത്ത് താമസിച്ചിരുന്നത്. ബംഗാള്‍ സ്വദേശിയായ ആദം അലി പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്.